Kerala
പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുത്; തമിഴ്നാട് വഖ്ഫ് ബോര്‍ഡ് കേസില്‍ കക്ഷി ചേരാന്‍ കേരള വഖ്ഫ് ബോര്‍ഡ്
സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ ഡല്‍ഹിയില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.
ന്യൂഡല്‍ഹി | വഖ്ഫ് ബോര്‍ഡിലെ ഒഴിവുകള്‍ നികത്താത്തത് ചൂണ്ടിക്കാണിച്ച് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാട് വഖ്ഫ് ബോര്‍ഡ് കേസില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്ത് കേരള വഖ്ഫ് ബോര്‍ഡ്. സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ ഡല്‍ഹിയില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. വഖ്ഫ് ബോര്‍ഡില്‍ ഒഴിവുകള്‍ നിലനില്‍ക്കുന്നതോ ബോര്‍ഡ് പൂര്‍ണമായി രൂപവത്കരിക്കപ്പെട്ടിട്ടില്ലാത്തതോ ആയ കാരണത്താല്‍ അതിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും തടയാനാകുമോയെന്ന നിയമപ്രശ്നമാണ് തമിഴ്നാട് കേസില്‍ സുപ്രീം കോടതി പരിശോധിക്കുന്നത്. ഇതേ നിയമപ്രശ്നം കേരള വഖ്ഫ് ബോര്‍ഡിനെയും നേരിട്ട് ബാധിക്കുന്നതാണെന്നാണ് സുപ്രീം കോടതിയില്‍ വഖ്ഫ് ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നത്.
ബോര്‍ഡിന്റെ ഘടന പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി, തമിഴ്നാട് സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് തമിഴ്നാട് വഖ്ഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുകയും മദ്രാസ് ഹൈക്കോടതിയുടെ വിലക്കുത്തരവിന് സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ഇതോടെ വിപുലമായ നിയമപ്രശ്നത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ തമിഴ്നാട് വഖ്ഫ് ബോര്‍ഡിന് വീണ്ടും പ്രവര്‍ത്തനം തുടരാവുന്ന സാഹചര്യമുണ്ടായി. ബോര്‍ഡ് രൂപവത്കരണം അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി 2026 ജൂലൈ 15ന് കേരള ഹൈക്കോടതി കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിന് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും മൂലധനച്ചെലവ് നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വഖ്ഫ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ബോര്‍ഡ് താത്ക്കാലികമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം പിന്നീട് സുപ്രീം കോടതി നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തമിഴ്‌നാട് കേസില്‍ കേരള വഖ്ഫ് ബോര്‍ഡും കക്ഷി ചേര്‍ന്നിരിക്കുന്നത്.
കേരള വഖ്ഫ് ബോര്‍ഡിന്റെ ചെയര്‍മാനോ അംഗങ്ങളോ ബോര്‍ഡിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യാതൊരു ആരോപണവും നേരിടുന്നില്ലെന്നും അപേക്ഷയില്‍ ബോര്‍ഡ് വ്യക്തമാക്കി. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലെ വീഴ്ചയോ ക്രമക്കേടോ ചൂണ്ടിക്കാട്ടിയല്ല നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും, അംഗങ്ങളിലെ ഒഴിവുകള്‍ സംബന്ധിച്ച സാങ്കേതിക പ്രശ്‌നമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നുമാണ് ബോര്‍ഡിന്റെ നിലപാട്. വഖ്ഫ് നിയമം- 2025 പ്രകാരം സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കളുടെ 100 ശതമാനം രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കിയ രാജ്യത്തെ ഏക വഖ്ഫ് ബോര്‍ഡ് കേരളമാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും കേരള വഖ്ഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. കേരള വഖ്ഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് സംസ്ഥാന വഖ്ഫ് ബോര്‍ഡ് പുതിയ നീക്കം നടത്തിയിരിക്കുന്നത്.
Content Highlights:
Kerala Wakf Board filed an intervention petition in Supreme Court regarding Tamil Nadu Wakf Board case. The petition requests that board operations and administrative functions should not be disrupted. The move aims to protect legal rights and ensure continuous management of Wakf properties.




