Kerala
ഇ കെ വിഭാഗം പണ്ഡിത സഭ ഇടപെട്ടു; ലീഗനുകൂല വിഭാഗം വഖ്ഫ് വിശദീകരണ സമ്മേളനം മാറ്റി
സി പി എമ്മിന് രാഷ്ട്രീയ മറുപടി നല്‍കാത്തതെന്തെന്ന് യു ഡി എഫാണ് വിശദീകരിക്കേണ്ടത്.
മലപ്പുറം | സി പി എം നടത്തിയ വഖ്ഫ് സമ്മേളനത്തിന് മറുപടി നല്‍കാന്‍ ലീഗനുകൂല ഇ കെ വിഭാഗം നാളെ മലപ്പുറത്ത് നടത്താനിരുന്ന വഖ്ഫ് വിശദീകരണ സമ്മേളനം മാറ്റി. ഇ കെ വിഭാഗം സമസ്ത നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് സമ്മേളനം ഒഴിവാക്കാന്‍ തീരുമാനിച്ചത്. സി പി എം പരിപാടിയില്‍ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം പരിശോധിച്ച് ആവശ്യമായ നടപടികള്‍ ഈ മാസം 23 ന് ചേരുന്ന മുശാവറ കൈക്കൊള്ളുമെന്ന് സമസ്തയുടെ ലെറ്റര്‍ പാഡില്‍ എം ടി അബ്ദുല്ല മുസ്‌ലിയാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമ്മേളനത്തില്‍ നിന്ന് ഇവര്‍ പിന്നോട്ടു പോയത്.
സംഘാടക സമിതി കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കോര്‍ഡിനേറ്റര്‍ സലീം എടക്കര എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. ഈ ഉറപ്പ് ഉള്‍ക്കൊണ്ട് തത്കാലം പരിപാടി മാറ്റിവെക്കുകയാണെന്നും സംഘാടക സമിതിയുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറം ജനസാഗരം സമ്മേളനത്തിനെത്തുമെന്ന പ്രതീതി വന്നപ്പോഴാണ് പണ്ഡിത നേതൃത്വം ഇടപെട്ട് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ 23ന് ശേഷം നേതൃത്വവുമായി കൂടിയാലോചിച്ച് പരിപാടി സംഘടിപ്പിക്കും. സി പി എം പരിപാടിക്ക് മറുപടി പറയാന്‍ യു ഡി എഫോ മുസ്‌ലിം ലീഗോ എന്തുകൊണ്ട് തയാറായില്ല എന്നത് അവര്‍ തന്നെ വിശദീകരിക്കണമെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. മുനമ്പം വഖ്ഫ് വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിനോട് നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കാനാണ് ഒരു സംഘടനയുടെ പേരില്‍ സമ്മേളനം സംഘടിപ്പിക്കാതിരുന്നത്. അല്ലാതെ മുശാവറയെ പ്രതിസന്ധിയിലാക്കി നടപടികളിലേക്ക് കടക്കാനുള്ള സമ്മര്‍ദ തന്ത്രമല്ല. വിശദീകരണ സമ്മേളനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന ഒരു പക്ഷത്തിന്റെ നിലപാട് ഇതിന് ബാധകമല്ല. മുശാവറ നേരിട്ട് കത്ത് നല്‍കിയത് ഞങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. 18 വര്‍ഷം വഖ്ഫ് ബോര്‍ഡില്‍ മുതവല്ലിമാരുടെ പ്രതിനിധിയായി ഉണ്ടായ തനിക്കെതിരെ അക്കാലത്തും ഇപ്പോഴും തെളിവുള്ള ഒരു ആരോപണം പോലും ആര്‍ക്കും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യാജ പ്രചാരങ്ങളെ മുഖവിലക്കെടുക്കില്ലെന്നും മുന്‍ വഖ്ഫ് ബോര്‍ഡ് മെമ്പര്‍ എം സി മായിന്‍ ഹാജി പറഞ്ഞു. പാണക്കാട് റഷീദലി തങ്ങള്‍ ചെയര്‍മാനും താന്‍ മെമ്പറുമായ വഖ്ഫ് ബോര്‍ഡാണ് മുനമ്പം ഭൂമി വഖ്ഫായി രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമുസ്‌ലിംകള്‍ എല്ലാം ആര്‍ എസ് എസ് ആണെന്നത് ഉമര്‍ ഫൈസിയുടെ വ്യാഖ്യാനമാണ്. സംഘാടക സമിതി പിരിച്ചുവിടുന്നില്ല. ആവശ്യാനുസരണം കൂടിച്ചേരും. ഉമര്‍ ഫൈസിക്കെതിരെ ഈ രീതിയിലുള്ള നടപടി തന്നെ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, നേരത്തെയുണ്ടായത് പോലെയല്ല, കത്തിലൂടെ നല്‍കിയ ഉറപ്പാണിത്. അതിന് പുറമെ 23 ന് നടക്കുന്ന മുശാവറയിലേക്ക് മറ്റു ചില ആവശ്യങ്ങള്‍ കൂടി ഉന്നയിക്കും. നേതൃത്വത്തില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.
Content Highlights:
Kerala Wakf Board filed an intervention petition in Supreme Court regarding Tamil Nadu Wakf Board case. The petition requests that board operations and administrative functions should not be disrupted. The move aims to protect legal rights and ensure continuous management of Wakf properties.




