Connect with us

Articles

സര്‍പ്രൈസുകള്‍ക്ക് റീച്ചുണ്ടാകും, പക്ഷേ...

സര്‍പ്രൈസാകാം. അതിര്‍വരമ്പുകള്‍ മറികടക്കരുത്. ക്യാമറകളെയും സോഷ്യല്‍ മീഡിയയെയും കൂടെക്കൂട്ടരുത്. അപ്പോള്‍ അത് തിരുസുന്നത്തായി, അല്ലാത്തപ്പോള്‍ ആപത്തും.

Published

|

Last Updated

പ്രിയപ്പെട്ടവര്‍ക്ക് അപ്രതീക്ഷിതമായ ‘സര്‍പ്രൈസ്’ നല്‍കി അവരെ സന്തോഷിപ്പിക്കുന്നത് പുതിയ കാലത്ത് ഒരു ട്രെന്‍ഡാണ്. സോഷ്യല്‍ മീഡിയയില്‍ നല്ല റീച്ചുള്ള കണ്ടന്റ് എന്നത് തന്നെയാണ് ഇത് ഇത്രയും ജനകീയമാകാന്‍ കാരണം. അടിസ്ഥാനപരമായി ഈ ‘സര്‍പ്രൈസുകള്‍’ പ്രോത്സാഹനീയമായ കാര്യമാണ്. അത് സോഷ്യല്‍ മീഡിയയില്‍ വിറ്റ് പണമാക്കുന്നതിനെ കുറിച്ചല്ല പറയുന്നത്, ആളുകളെ സന്തോഷിപ്പിക്കുന്നതിനെ കുറിച്ചാണ്. ‘ഏറ്റവും പുണ്യകരമായ കര്‍മം ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷം നല്‍കലാണ്’ എന്ന ഹദീസ് ചേര്‍ത്തുവായിക്കുമ്പോള്‍ നമുക്കത് മനസ്സിലാക്കാനാകും. ഈ സര്‍പ്രൈസുകളുടെ താത്പര്യം ഒരാളുടെ മനസ്സില്‍ സന്തോഷം നിറക്കലാണല്ലോ?

സര്‍പ്രൈസുകളുടെ പ്രധാന ഉള്ളടക്കം സമ്മാനങ്ങള്‍ നല്‍കലാണ്. ഇതും തിരുനബി(സ) വലിയ പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിച്ച കാര്യമാണ്. ‘നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുക, അത് നിങ്ങള്‍ക്കിടയില്‍ സ്നേഹം വര്‍ധിപ്പിക്കും’ എന്ന് അവിടുന്ന് അരുളിയിട്ടുണ്ട്. എന്നാല്‍ പ്രാങ്കുകള്‍ ചെയ്ത് ഭയപ്പെടുത്തുന്നതും ആ സമയത്തെ ഭാവവും വൈകാരികതയുമൊക്കെ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും ഒട്ടും അഭികാമ്യമല്ല. മുന്നൊരുക്കങ്ങളില്ലാതെ ക്യാമറയുടെ മുന്നിലെത്തുന്നവര്‍ കൃത്യമായ വസ്ത്രം ധരിക്കാത്തവരും ഇത് അനേകമാളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യും എന്ന ബോധമില്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരുമായിരിക്കും. ഇത്തരം കണ്ടന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അവരെ വേദനിപ്പിക്കും, ചിലപ്പോള്‍ അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യും.

സര്‍പ്രൈസുകളില്‍ ഏറ്റവുമധികം കാണുന്ന ഒരു ഇനമാണ് വിദേശത്ത് നിന്നും മറ്റും മുന്നറിയിപ്പില്ലാതെ ഭാര്യയുടെയും മറ്റും അടുത്തേക്ക് കയറിച്ചെല്ലുന്ന പ്രവണത. അവ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ നേരത്തേ പറഞ്ഞ പ്രശ്നങ്ങളെല്ലം ഉണ്ടാകും. അതിന് പുറമെ തിരുനബി(സ) വ്യക്തമായി തന്നെ ഈ കാര്യത്തെ വിലക്കുന്നതിന് ഹദീസുകള്‍ സാക്ഷിയാണ്. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും ഉദ്ധരിക്കപ്പെട്ട, ജാബിര്‍(റ) റിപോര്‍ട്ട് ചെയ്ത ഹദീസില്‍ നബി(സ) പറയുന്നു: ‘നിങ്ങളിലൊരാള്‍ ദീര്‍ഘകാലം വീടിന് പുറത്തായാല്‍ രാത്രി സമയത്ത് അപ്രതീക്ഷിതമായി വീട്ടിലേക്ക് കയറിചെല്ലരുത്’. ജാബിര്‍(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ നബി(സ) ഇതിന്റെ കാരണങ്ങള്‍ കൂടി വ്യക്തമാക്കുന്നുണ്ട്. ‘നിങ്ങള്‍ യാത്ര കഴിഞ്ഞ് രാത്രിയാണ് എത്തുന്നതെങ്കില്‍ നിന്റെ കുടുംബത്തിലേക്ക് പെട്ടെന്ന് കടന്നുചെല്ലരുത്. മുടി അലങ്കോലപ്പെട്ടവള്‍ക്ക് അത് ചീകിയൊതുക്കാനും ശരീര ശുദ്ധി വരുത്താനും സമയം ലഭിക്കുന്നതുവരെ’.

ഭാര്യയെ ഏറ്റവും ഭംഗിയുള്ള രൂപത്തില്‍ കാണാനാണ് ഭര്‍ത്താവ് ആഗ്രഹിക്കുക. എന്നാല്‍ വൃത്തിയില്ലാത്ത അവസ്ഥയിലോ മുഷിഞ്ഞ വസ്ത്രത്തിലോ അവളെ കാണാനിടയായാല്‍ മനസ്സില്‍ അനിഷ്ടം തോന്നും. അവരുടെ ദാമ്പത്യം തന്നെ തകര്‍ക്കാന്‍ പിശാചിന് ഒരു നിമിഷം മതിയാകും എന്ന് ഈ ഹദീസ് വിശദീകരിച്ച് പണ്ഡിതന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അബ്ദുല്ലാഹിബ്നു റവാഹ(റ)വിന്റെ സംഭവം ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നുണ്ട്. ദീര്‍ഘയാത്ര കഴിഞ്ഞ് രാത്രി സമയത്ത് മുന്നറിയിപ്പില്ലാതെ അദ്ദേഹം ഭാര്യയുടെ മുറിയിലേക്ക് കയറിച്ചെന്നു. അപ്പോള്‍ ആ മുറിയില്‍ മറ്റൊരാള്‍ ഉറങ്ങുന്നത് അദ്ദേഹം കണ്ടു. അത് ഒരു പുരുഷനാണെന്ന് കരുതി കടുത്ത ദേഷ്യത്തോടെ അദ്ദേഹം വാളൂരി. എന്നാല്‍ അത് തന്റെ സഹായിയായ സ്ത്രീയാണെന്ന് ഭര്‍ത്താവിനെ ബോധ്യപ്പെടുത്താന്‍ അബ്ദുല്ലാഹിബ്നു റവാഹ(റ)വിന്റെ ഭാര്യക്ക് സാവകാശം കിട്ടി. ഇല്ലെങ്കില്‍ ഒരു കൊലപാതകത്തിനും നികത്താനാകാത്ത ഖേദത്തിനും അത് വഴിവെക്കുമായിരുന്നു. അപ്രതീക്ഷിത ആഗമനങ്ങളില്‍ ഇതുപോലെയുള്ള അപ്രതീക്ഷിത അപകടങ്ങള്‍ കൂടി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഓര്‍ക്കുക. അതിനാല്‍ നേരത്തേ അറിയിച്ചു മാത്രം കുടുംബങ്ങളിലേക്ക് കയറിച്ചെല്ലുക. അവര്‍ ഒരുങ്ങിത്തന്നെ നമ്മെ സ്വീകരിക്കട്ടെ. ചുരുക്കത്തില്‍ സര്‍പ്രൈസാകാം. അതിര്‍വരമ്പുകള്‍ മറികടക്കരുത്. ക്യാമറകളെയും സോഷ്യല്‍ മീഡിയയെയും കൂടെക്കൂട്ടരുത്. അപ്പോള്‍ അത് തിരുസുന്നത്തായി, അല്ലാത്തപ്പോള്‍ ആപത്തും.

 

Latest