National
ഭാര്യയേയും മൂന്ന് മക്കളേയും ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍
കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവും 17-നും 23-നും ഇടയില്‍ പ്രായമുള്ള പെണ്‍മക്കളുടെ പിതാവുമായ രാഹുല്‍ ജാ ആണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു
ജയ്പൂര്‍ | രാജസ്ഥാനില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. 40 കാരിയായ ഗീത ,പെണ്‍മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവും 17-നും 23-നും ഇടയില്‍ പ്രായമുള്ള പെണ്‍മക്കളുടെ പിതാവുമായ രാഹുല്‍ ജാ ആണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം രാഹുല്‍ ജാ ഒളിവിലാണെന്നും, കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാവിലെ 10 ഓടെ വീട്ടില്‍ യാതൊരു അനക്കവുമില്ലാത്തത് കണ്ട് അയല്‍ക്കാരും ബന്ധുക്കളും എത്തിയപ്പോഴാണ് കൂട്ടകൊലപാതക വിവരം പുറത്തറിയുന്നത്. പൊലീസ് എത്തുമ്പോള്‍ ഗോവിന്ദ്പുരയിലെ ഈ വീട്ടില്‍ പ്രതിയുടെ 85 വയസ്സായ പിതാവ് ഉണ്ടായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് രക്തസാമ്പിളുകളും മറ്റ് ഫോറന്‍സിക് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ഇഷ്ടികയും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് വീടിന് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി.വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് പ്രശാന്ത് കിരണ്‍ പറയുന്നതനുസരിച്ച്, കുടുംബവഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. എങ്കിലും കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.രാഹുല്‍ ജായെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പ്രതി ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിവരികയാണ്.
Content Highlights: A man in Jaipur allegedly murdered his wife and three daughters using a brick while they were sleeping. Police suspect a family dispute led to the horrific act. Multiple special teams have been formed to track down the fleeing suspect, Rahul Jha, as forensic evidence is being examined.



