Kerala
സംസ്ഥാനത്തെ ഉള്‍പ്രദേശ റോഡുകള്‍ വരെ മികച്ച നിലവാരത്തിലുള്ളത്: മന്ത്രി കെ എന്‍ ബാലഗോപാല്‍
റോഡുകള്‍, ആശുപത്രികള്‍,വിദ്യാലയങ്ങള്‍ തുടങ്ങി സമസ്ത മേഖലകളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

പത്തനംതിട്ട | കേരളത്തിലെ പ്രധാന പാതകള്‍ മാത്രമല്ല ഉള്‍പ്രദേശങ്ങളിലെ റോഡുകള്‍ വരെ മികച്ച നിലവാരത്തിലുള്ളതാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചിറ്റാറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
റോഡുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി സമസ്ത മേഖലകളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി- നികുതി ഇതര വിഹിതം കേന്ദ്രം ഗണ്യമായി കുറച്ചെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചില്ല. തനത് വരുമാനം വര്‍ദ്ധിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
ചിറ്റാറില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മ്മിക്കാന്‍ രണ്ട് ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് സൗജന്യമായി നല്‍കിയ പ്രമുഖ വ്യവസായി ഡോ.വര്‍ഗീസ് കുര്യനെ മന്ത്രി ആദരിച്ചു.
കോന്നി എം എല്‍ എ കെ യു ജനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം ലേഖാ സുരേഷ് പങ്കെടുത്തു.