avikkal plant
ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍: മന്ത്രി എം വി ഗോവിന്ദന്‍
സമരം നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും

തിരുവനന്തപുരം | ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പിയുമാണ് സമരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തി്‌ന നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് മികച്ചതാണെന്നും പരിസ്ഥിതി നാശമില്ലാത്തതാണെന്നും മന്ത്രി അറിയിച്ചു. പരിസര വാസികള്‍ക്കും പ്ലാന്റുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കേന്ദ്രീകൃത പ്ലാന്റുകള്‍ അനിവാര്യമാണ്. അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അമൃത് ഫണ്ട് നഷ്ടമാകും. പ്രദേശത്ത് പോലീസിന് ഇടപെടേണ്ടി വരുന്നത് വലിയ തോതിലുള്ള സംഘര്‍ഷം രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആവിക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ചര്‍ച്ച നടക്കുന്നത്. കോഴിക്കോട് ആവിക്കല്‍ തോടിന് സമീപം മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിനിടെ നടക്കുന്ന സമരം ചര്‍ച്ച ചെയ്യണമെന്നും പദ്ധതിയില്‍ നാട്ടുകാര്‍ പ്രകടിപ്പിക്കുന്ന ആശങ്ക കാണണമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എം എല്‍ എ എം കെ മുനീറാണ് പ്രമേയം കൊണ്ടുവന്നത്.
എന്തിനാണ് അവിടെത്തന്നെ പ്ലാന്റ് വേണമെന്ന് വാശിപിടിക്കുന്നത്. മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണത്. ഏറെ ജനസാന്ദ്രത കൂടിയ പ്രദേശം. മെഡിക്കല്‍ കോളജ് പോലുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ പ്ലാന്റിനായി കണ്ടെത്തണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. സഭയില്‍ ഇത് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്.