National
ഇ പി എഫ് ഒ ഉയര്‍ന്ന പെന്ഷന്: ഓപ്ഷന്‍ നല്‍കാനുള്ള സമയ പരിധി വീണ്ടും നീട്ടി
ജൂണ്‍ 26 വരെയാണ് സമയ പരിധി നീട്ടി നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി | ഇ പി എഫ് ഒ ഉയര്‍ന്ന പെന്ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയ പരിധി വീണ്ടും നീട്ടി കേന്ദ്രം. ജൂണ്‍ 26 വരെയാണ് സമയ പരിധി നീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ, മെയ് മൂന്നായിരുന്നു അവസാന തീയ്യതിയായി പറഞ്ഞിരുന്നത്. സമയ പരിധി നീട്ടണമെന്ന് വിവിധ തൊഴിലാളി യൂനിയനുകളും പെന്‍ഷനേഴ്‌സ് സംഘടനകളും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. ഇത് രണ്ടാം തവണയാണ് സമയ പരിധി നീട്ടിനല്‍കുന്നത്. ആദ്യം മാര്‍ച്ച് മൂന്നായിരുന്നു അവസാന തീയ്യതി.
ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ ഉറപ്പാക്കണമെന്ന ഹരജിയില്‍ 2022 നവംബര്‍ നാലിന് സുപ്രീം കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നാലു മാസത്തിനകം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഇ പി എഫ് ഒയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍, 2023 ജനുവരിക്കു ശേഷം മാത്രമാണ് 2014 സെപ്തംബര്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്ഷന് ഓപ്ഷന്‍ നല്‍കാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍വീസില്‍ തുടരുന്നവര്‍ക്കുള്ള ഉത്തരവ് 2023 ഫെബ്രുവരി 20ന് ഇ പി എഫ് ഒ പുറത്തിറക്കി. 2014 സെപ്തംബര്‍ ഒന്നിന് മുമ്പ് സര്‍വീസിലുണ്ടായിരിക്കുകയും 2014 സെപ്തംബര്‍ ഒന്നിനു ശേഷം വിരമിച്ചവര്‍ക്കും ജോലിയില്‍ തുടരുന്നവര്‍ക്കും ഓപ്ഷന്‍ നല്‍കാനുള്ള അവസരമാണ് ഇ പി എഫ് ഒ വിജ്ഞാപനത്തിലുള്ളത്.
ഉയര്‍ന്ന പെന്‍ഷനു വേണ്ടി യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള കൂടിയ വിഹിതം പിടിച്ചുകൊള്ളാന്‍ ജീവനക്കാരും സ്ഥാപനങ്ങളും സംയുക്തമായി നല്‍കുന്ന സമ്മതപത്രമാണ് ഓപ്ഷന്‍. 1995 നവംബര്‍ മുതല്‍ 2001 മേയ് വരെ ഇ പി എഫ് ഒ നിശ്ചയിച്ച പരമാവധി വിഹിതം 5,000 രൂപയും പെന്‍ഷന്‍ ഫണ്ട് വിഹിതം 417 രൂപയുമായിരുന്നു. 2001 ജൂണ്‍-2014 ആഗസ്റ്റ് കാലയളവില്‍ ഇതു യഥാക്രമം 6,500 രൂപയും 541 രൂപയുമായി പരിഷ്‌കരിച്ചു. 2014 സെപ്തംബര്‍ മുതല്‍ 15,000 രൂപയാണ് ഇ പി എഫ് നിശ്ചയിച്ച പരമാവധി ശമ്പളം. പെന്‍ഷന്‍ വിഹിതം 1,250 രൂപയും.
ഉയര്‍ന്ന പെന്‍ഷനുള്ള ഓപ്ഷന്‍ നല്‍കുമ്പോള്‍ ഉയര്‍ന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കേണ്ടി വരും. നിലവില്‍ സര്‍വീസിലുള്ളവരുടെ പി എഫ് നിക്ഷേപത്തില്‍ നിന്ന് ഇത് പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റുമെന്നാണ് വിവരം.







