National
ഇ പി എഫ് ഒ ഉത്തരവിറങ്ങി; ഉയര്‍ന്ന പെന്‍ഷന്‍ നടപടി സമയം അവസാനിക്കാനിരിക്കെ
2014 സെപ്തംബര്‍ ഒന്നിന് ശേഷം വിരമിച്ചവരും അന്ന് സര്‍വീസിലുണ്ടായി ഇപ്പോഴും തുടരുന്നവരുമായ അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
ന്യൂഡല്‍ഹി | സുപ്രീം കോടതി വിധിയെ തുടര്‍ന്ന് എംപ്ലോയീസ് പ്രൊവിഡന്റ്ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ) അംഗങ്ങള്‍ക്ക് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ പദ്ധതി തിരഞ്ഞെടുക്കുന്നതിന് അവസരമൊരുങ്ങി. ഉയര്‍ന്ന പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ സുപ്രീം കോടതി നിശ്ചയിച്ച നാല് മാസത്തെ സമയം അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ ഇ പി എഫ് ഒ ഉത്തരവ് പുറത്തിറക്കി. 2014 സെപ്തംബര്‍ ഒന്നിന് ശേഷം വിരമിച്ചവരും അന്ന് സര്‍വീസിലുണ്ടായി ഇപ്പോഴും തുടരുന്നവരുമായ അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഇ പി എഫ് ഒ നടപടി വൈകുന്നതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ സെപ്തംബര്‍ നാലിനാണ് 2014 സെപ്തംബര്‍ ഒന്നിന് ശേഷം വിരമിച്ചവരും അന്ന് സര്‍വീസിലുണ്ടായി ഇപ്പോഴും തുടരുന്നവരുമായ അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷനിലേക്ക് മാറാനുള്ള അവസരമൊരുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) പദ്ധതിയുടെ സാധുത ശരിവെച്ചായിരുന്നു ഉത്തരവ്.
പദ്ധതി നടപ്പാക്കിയപ്പോള്‍ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായ 15,000 രൂപക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് അധിക തുകക്ക് 1.16 ശതമാനം നല്‍കി ഉയര്‍ന്ന പെന്‍ഷനിലേക്ക് മാറാന്‍ ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു. ഇതില്‍ വ്യക്തതയില്ലാത്തതിനാല്‍ സ്‌കീമില്‍ ചേരാനുള്ള ഓപ്ഷന്‍ ഉപയോഗിക്കാത്ത ജീവനക്കാര്‍ക്ക് ഉയര്‍ന്ന ഓപ്ഷനിലേക്ക് മാറാന്‍ നാല് മാസം കൂടി നല്‍കുകയാണ് സുപ്രീം കോടതി ചെയ്തത്.
കൂടാതെ ശമ്പളത്തില്‍ 15,000 രൂപക്ക് മുകളില്‍ വരുന്ന തുകക്ക് സാധാരണ ഈടാക്കുന്നതിന് പുറമെ അധിക വിഹിതം ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് മൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാറിന് സാവകാശം നല്‍കി. 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതി റദ്ദാക്കിയത് നടപ്പാക്കുന്നത് ആറ് മാസത്തേക്ക് കോടതി മരവിപ്പിക്കുകയും ചെയ്തിരുന്നു. എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) പദ്ധതി ശരിവെച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ഹരജികള്‍ സുപ്രീം കോടതിക്ക് മുമ്പിലുണ്ട്.
ആദ്യ രണ്ട് ഉത്തരവുകള്‍
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഇതിന് മുമ്പ് രണ്ട് ഉത്തരവുകള്‍ ഇ പി എഫ് ഒ ഇറക്കിയിരുന്നു. ആര്‍ സി ഗുപ്ത കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷനുള്ള അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് ഓപ്ഷന്‍ നല്‍കുന്നതിനുള്ള ഉത്തരവാണ് ആദ്യം ഇറങ്ങിയത്.
ഓപ്ഷന്‍ നല്‍കാതെ 2014 സെപ്തംബറിന് മുമ്പ് വിരമിക്കുകയും ആര്‍ സി ഗുപ്ത കേസിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്നവര്‍ക്ക് ഇനിയത് കിട്ടില്ലെന്ന് വ്യക്തമാക്കി മറ്റൊരു ഉത്തരവും ഇറക്കിയിരുന്നു.
നല്‍കാം സമ്മതപത്രം
ഉയര്‍ന്ന പെന്‍ഷന് വേണ്ടി യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കി കൂടിയ വിഹിതം പിടിക്കാന്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും സംയുക്തമായി സമ്മതപത്രം നല്‍കാനാകും. ഇത് സംബന്ധിച്ച വിജ്ഞാപനം പ്രാദേശിക ഓഫീസുകളില്‍ പതിക്കും.
ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കാനായി ഇ പി എഫ് ഒ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.
ഓരോ അപേക്ഷയും രജിസ്റ്റര്‍ ചെയ്യും. രസീത് നമ്പര്‍ അപേക്ഷകന് നല്‍കുമെന്ന് ഇ പി എഫ് ഒ അറിയിച്ചു.
അപേക്ഷ പ്രാദേശിക ഓഫീസുകളുടെ ചുമതലയുള്ള ഓഫീസര്‍മാര്‍ പരിശോധിച്ച് ഇ മെയില്‍, തപാല്‍, എസ് എം എസ് എന്നിവ വഴി അപേക്ഷകനെ അറിയിക്കും.
അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ https://epfigms.gov.in വഴി രജിസ്റ്റര്‍ ചെയ്യാം.







