Connect with us

Kerala

പരിസ്ഥിതി സംവേദക മേഖല: കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടും

കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ അംഗീകരിക്കണം.

Published

|

Last Updated

തിരുവനന്തപുരം | പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടാന്‍ എം. പിമാരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം. പിമാരും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ അംഗീകരിക്കണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അനിവാര്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തണം. ജനസാന്ദ്രത കൂടിയ 109 പഞ്ചായത്തുകള്‍ കൂടി സി. ആര്‍. ഇസഡ് 2 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.

നേമം കോച്ചിംഗ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എം. പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാന്‍ തീരുമാനിച്ചു. റെയില്‍വേ ട്രാക്കിനു കുറുകെ ഇ. എച്ച്. റ്റി ലൈനുകള്‍ നിര്‍മ്മിക്കുന്നതിന് റെയില്‍വേയില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പോയിന്റ് ഓഫ് കോള്‍ അനുവദിക്കുന്നതിനും ആസിയാന്‍ രാജ്യങ്ങളുമായി ഓപ്പണ്‍ സ്‌കൈ പോളിസിയുടെ ഗുണങ്ങള്‍ ലഭ്യമാക്കുന്നതിനും ഇടപെടണം.

മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയോ പ്രത്യേക ഫണ്ടായോ തുക അനുവദിപ്പിക്കാന്‍ അടിയന്തര ശ്രദ്ധയുണ്ടാവണം. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് എം. പിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

---- facebook comment plugin here -----

Latest