National
കുല്‍ഗാമിലെ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് ഭീകരരെ വധിച്ചു
മരിച്ചവരില്‍ ഹിസ്ബുള്‍ ജില്ലാ കമാന്‍ഡര്‍ ഷിരാസ് മൊല്‍വി, യാവര്‍ ഭട്ട് എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചു.

ശ്രീനഗര്‍| കശ്മീരിലെ കുല്‍ഗാമില്‍ ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ കൂടി കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയിലെ ചവല്‍ഗാം മേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇതോടെ സൈനിക ഓപ്പറേഷനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന അറിയിച്ചു.
മരിച്ചവരില്‍ ഹിസ്ബുള്‍ ജില്ലാ കമാന്‍ഡര്‍ ഷിരാസ് മൊല്‍വി, യാവര്‍ ഭട്ട് എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചു. 2016 മുതല്‍ തീവ്രവാദ സംഘവുമായി ബന്ധം പുലര്‍ത്തുന്ന ആളാണ് ഷിരാസ്. തീവ്രവാദസംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും സാധാരണക്കാരെ കൊലപ്പെടുത്തുന്നതിലും ഉള്‍പ്പെടെ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ വ്യക്തമാക്കി. ഇയാളെ വധിക്കാനായത് സേനയ്ക്ക് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാവിലെയാണ് ചവല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇന്നലെ ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പുല്‍വാമ സ്വദേശിയായ ആമിര്‍ റിയാസ് ആണ് കൊല്ലപ്പെട്ടത്.