Connect with us

Kerala

ഇലക്ടറല്‍ ബോണ്ട്: ബോഫോഴ്സിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണം- മന്ത്രി വി എന്‍ വാസവന്‍

ഏകാധിപത്യത്തിലേക്കും അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സമീപനത്തിലേക്കുമാണ് രാജ്യത്തെ എത്തിക്കാന്‍ ശ്രമിക്കുന്നത്.

Published

|

Last Updated

തിരുവല്ല |  ബോഫോഴ്സ് കുംഭകോണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറല്‍ ബോണ്ട് ഇടപാടുകളെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. തിരുവല്ലയില്‍ എല്‍ ഡി എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുപ്രീം കോടതി വളരെ ഗൗരവത്തില്‍ ഇതില്‍ ഇടപെട്ടതോടെ ബി ജെ പി പ്രതിക്കൂട്ടിലായി. അവരുടെ പ്രതിഛായ മങ്ങിയപ്പോള്‍ അത് മറയ്ക്കാനാണ് പൗരത്വ ഭേതഗതി ബില്‍ കൊണ്ടുവന്നത്. രാജ്യവ്യാപകമായി അതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ട് അയത് പോലെയായി.

കേന്ദ്രത്തിനെതിരായ വികാരങ്ങളെ തിരിച്ച് വിടാനാണ് ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിനെ ഇഡി ഉദ്യോഗസ്ഥരെ അയച്ച് അകാരണമായി അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണിത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ഈ അറസ്റ്റിനെതിരെ പ്രതിപക്ഷം തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഏകാധിപത്യത്തിലേക്കും അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സമീപനത്തിലേക്കുമാണ് രാജ്യത്തെ എത്തിക്കാന്‍ ശ്രമിക്കുന്നത്. അടുത്തിടെയുള്ള സുപ്രീം കോടതിയുടെ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.

കേരളത്തിന് കടമെടുക്കാന്‍ അനുവദിച്ചതും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 24 മണിക്കൂറിനകം സ്റ്റേ ചെയ്തതും, മോദിയുടെ മെസേജുകള്‍ താഴേക്ക് പോകുന്നത് തടഞ്ഞതും, കേരളത്തിന് തരാനുള്ള പണം തരാന്‍ ഇടപെട്ടതുമെല്ലാം ബി ജെ പി യെ പ്രതികൂട്ടിലാക്കി. ഇതിനെല്ലാം പിന്തുണ നല്‍കിയ കോണ്‍ഗ്രസിനും ഇത് തിരിച്ചടിയായി. ഇന്ത്യയില്‍ ഇപ്പോള്‍ അതിവേഗ രാഷ്ട്രീയ മാറ്റം ഉണ്ടായികൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധികളൊന്നുമില്ല. 3 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു വരികയാണ്. സപ്ലെകോ നിറഞ്ഞു കവിഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്കാവശ്യമായ പണം നല്‍കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

 

Latest