Connect with us

International

തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം; മൂച്ചൂടും നശിപ്പിച്ച് കുടുംബവാഴ്ച

കഴിഞ്ഞ രണ്ടു വര്‍ഷമായി രജപക്‌സെ കുടുംബത്തിന്റെ ഏകാധിപത്യമായിരുന്നു ശ്രീലങ്കയില്‍. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി, പ്രസിഡണ്ട് സ്ഥാനത്ത് ഇളയ സഹോദരന്‍ ഗോതാബയ, ധനമന്ത്രി പദത്തിലുള്‍പ്പെടെ അദ്ദേഹത്തിന്റെ സഹോദരങ്ങളും മക്കളും. പ്രധാന സ്ഥാനങ്ങളിലെല്ലാം കുടുംബത്തില്‍ നിന്നുള്ളവര്‍. സൈനിക തലവനായി വിശ്വസ്തന്‍. രജപക്‌സെ കുടുംബമാണ് രാജ്യത്തിന്റെ സമ്പത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്തത്. ■ കനലെരിഞ്ഞ് സിംഹള സാമ്രാജ്യം പരമ്പരയുടെ നാലാം ഭാഗം

Published

|

Last Updated

കഴിഞ്ഞ മൂന്നു മാസമായി സംഭവ ബഹുലവമായിരുന്നു ശ്രീലങ്കയിലെ കാര്യങ്ങള്‍. സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ പ്രതിസന്ധി, സര്‍ക്കാര്‍ വിരുദ്ധ കലാപം. രാജ്യം വിട്ട പ്രസിഡന്റിന്റെ സിംഗപ്പൂരില്‍ നിന്നുള്ള രാജി… അതികായകനായ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും കൂട്ടാളികളേയും ആദ്യം ജനങ്ങള്‍ പുറത്താക്കി. മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ തിരിച്ച് വിളിച്ച് ജനരോഷത്തില്‍ നിന്ന് രക്ഷനേടാന്‍ ഭരണകൂടം ശ്രമിച്ചു. ഒടുവില്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെക്കു രാജ്യംവിട്ട് ഓടേണ്ടിവന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി രജപക്‌സെ കുടുംബത്തിന്റെ ഏകാധിപത്യമായിരുന്നു ശ്രീലങ്കയില്‍. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി, പ്രസിഡണ്ട് സ്ഥാനത്ത് ഇളയ സഹോദരന്‍ ഗോതാബയ, ധനമന്ത്രി പദത്തിലുള്‍പ്പെടെ അദ്ദേഹത്തിന്റെ സഹോദരങ്ങളും മക്കളും. പ്രധാന സ്ഥാനങ്ങളിലെല്ലാം കുടുംബത്തില്‍ നിന്നുള്ളവര്‍. സൈനിക തലവനായി വിശ്വസ്തന്‍. രജപക്‌സെ കുടുംബമാണ് രാജ്യത്തിന്റെ സമ്പത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്തത്.

തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം എന്നാണ് ശ്രീലങ്കയിലെ കുടുംബ ഭരണത്തെ പൊതുവെ വിളിച്ചത്. കുടുംബാധിപത്യത്തിനായി ഭരണഘടന വരേ അവര്‍ മാറ്റി. പാലമെന്റിന് കൂടുതല്‍ അധികാരം നല്‍കുമെന്നും ഇതിനായി ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും രജപക്‌സെ കുടുംബത്തില്‍ നിന്ന് ആരും അധികാരത്തില്‍ ഉണ്ടാകില്ലെന്നുമെല്ലാം ഇപ്പോള്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ഒരു മാറ്റം നടപ്പായാല്‍ യഥാര്‍ത്ഥ ജനാധിപത്യ വഴിയിലേക്ക് ലങ്ക തിരിച്ചെത്തുമെന്നാണു പ്രതീക്ഷ.

ഭരണ വിരുദ്ധ സമരത്തില്‍ എരിയുകയായിരുന്നു ലങ്ക. കോടികളുടെ പൊതു മുതലാണു കത്തിയെരിഞ്ഞത്. പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും കുടുംബ വീട് കത്തിച്ചു. മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും വീടുകള്‍ തകര്‍ത്തു. പോലീസിനേയും പട്ടാളക്കാരേയും ഇറക്കിയാണ് സമരക്കാരെ ഭരണകൂടം നേരിട്ടത്. അടിയന്താരവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചു. ഭരണകൂടം രാജിവച്ചൊഴിഞ്ഞെങ്കിലും ഇന്ധന ക്ഷാമവും ഭക്ഷ്യ പ്രതിസന്ധിയും രൂക്ഷമായിത്തുടരുകയാണ്.

വളരെ പെട്ടന്നുണ്ടായ പ്രതിസന്ധിയല്ല ഇപ്പോള്‍ ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. രാജ്യം ഗുരുതരമായ സാമ്പത്തിക സ്ഥിതിയിലാണുള്ളതെന്നും അതിനാല്‍ ഐ എം എഫ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പ വാങ്ങണമെന്നും സാമ്പത്തിക വിദഗ്ധര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഐ എം എഫ് പോലുള്ളവയില്‍ നിന്നും വായ്പ സ്വീകരിക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ താത്പര്യപ്പെട്ടത് ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വായ്പ വാങ്ങുന്നതാണ്. രജപക്‌സെ കുടുബത്തിന്റെ സ്വാര്‍ഥ താല്‍പര്യങ്ങളായിരുന്നു ഈ നിലപാടിന് പിന്നില്‍. ജൈവ കൃഷിയിലേക്കുള്ള മാറ്റം കാരണം ഉണ്ടായ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനമാന്ദ്യം പരിഹരിക്കാന്‍ വിതരണ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപിക്കാന്‍ കാരണമായി.

വായ്പകള്‍ തിരിച്ചടക്കാനും രാജ്യത്തിന്റെ സാമ്പത്തിക പ്രതിച്ഛായ സാധുതയുള്ളതാക്കി നിലനിര്‍ത്താനും ഉപകരിക്കേണ്ട വിദേശ നാണയ കരുതൽ ശേഖരം വലിയ അളവില്‍ കൂപ്പുകുത്തി. അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി വിദേശനാണ്യ കരുതല്‍ ശേഖരം ഉപയോഗിക്കേണ്ടി വന്നത് മൂലം വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു. ഈ വിഷമവൃത്തത്തിലാണ് കൂടുതല്‍ പണമടിച്ചിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ പണമടിച്ചിറക്കാന്‍ തുടങ്ങിയതോടെ പണപെരുപ്പം നിയന്ത്രണാതീതമായി.

ചൈനയും ജപ്പാനുമടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള സാമ്പത്തിക-സാങ്കേതിക ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നത് രജപക്‌സെ കുടുംബമാണ്. രജപക്‌സെ കുടുബം രാജ്യത്തിനകത്തും പുറത്തും വന്‍തോതില്‍ സമ്പത്ത് സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുടുംബവുമായി ഒട്ടിനില്‍ക്കുന്നവര്‍ അഴിമതിയില്‍ മുങ്ങിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ രജപക്‌സെ സഹോദരങ്ങള്‍ക്ക് ഒരിക്കലും കുറ്റസോധമുണ്ടായിരുന്നില്ല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങള്‍ സമരരംഗത്തിറങ്ങിയത് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണു കരുതുന്നത്.

ശ്രീലങ്കയുടെ അനുഭവം എല്ലാ മൂന്നാം ലോക രാജ്യങ്ങള്‍ക്കും വലിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍തോതില്‍ വായ്പയെടുത്ത് വികസനം നടത്താന്‍ തയ്യാറാകുമ്പോള്‍ കരകയറാനാകാത്തവണ്ണം കടക്കെണിയില്‍പ്പെടും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ശ്രീലങ്ക. ധനകാര്യ മാനേജ്‌മെന്റിന് പ്രാധാന്യം നല്‍കാത്തിടത്ത് അഴിമതിയും കെടുകാര്യസ്ഥതയും വളരുന്നു. ഇതോടെ സാമ്പത്തിക സുസ്ഥിരത തകിടം മറിയുന്നു. സുതാര്യമായ ജനാധിപത്യ ഭരണവ്യവസ്ഥയും രാഷ്ട്രീയ ബോധമുള്ള പൗരസമൂഹവും ശക്തമായ പ്രതിപക്ഷവും ഇല്ലെങ്കിലും ഈ ദുരന്തം എവിടെയും ആവര്‍ത്തിക്കാം.

ശ്രീലങ്കയിലെ പ്രതിസന്ധി മറ്റു ലോക രാജ്യങ്ങള്‍ക്കും ശക്തമായ സൂചനയാണു നല്‍കുന്നതെന്നു വിദഗ്ധര്‍ പറയുന്നു. കോവിഡും യുക്രൈന്‍ യുദ്ധവും നൂറിലേറെ രാഷ്ട്രങ്ങളിലെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ചെന്നാണ് ലോകബാങ്കും ഐ എം എഫും പറയുന്നത്. ഇന്ത്യക്കും ഒട്ടും ശുഭ സൂചകമല്ലാത്ത കാര്യങ്ങളാണു നടക്കുന്നത്.

കൊവിഡാനന്തരം 69 രാജ്യങ്ങള്‍ കടക്കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങല്‍ രൂക്ഷമായ വിലക്കയറ്റത്തിലൂടെയാണു കടന്നുപോകുന്നതെന്ന് യു എന്‍ ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതും വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഓഹരികള്‍ പിന്‍വലിക്കുന്നതുമെല്ലാം ഇന്ത്യയിലും ആശങ്ക സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.

(പരമ്പര തുടരും)

1 – കനലെരിഞ്ഞ് സിംഹള സാമ്രാജ്യം
2- രക്തക്കറപുരണ്ട അധികാരം; കൂട്ടക്കുരുതിയുടെ നാളുകൾ
3- വീണ്ടുവിചാരമില്ലാത്ത സാമ്പത്തികനയം; ഒടുവിൽ പാപ്പർ

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest