Connect with us

kerala waqf board

വഖ്ഫ്: നിലപാട് ഏകകണ്ഠമാണെന്നും ആശയക്കുഴപ്പമില്ലെന്നും ഇ കെ സമസ്ത

ജിഫ്രി തങ്ങളുടെ നിലപാട് വ്യക്തിപരമാണെന്ന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞതിനുള്ള മറുപടി കൂടിയാണിത്.

Published

|

Last Updated

മലപ്പുറം | കേരള വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്കുവിട്ട വിഷയവുമായി ബന്ധപ്പെട്ട നിലപാട് ഏകകണ്ഠമാണെന്നും സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇ കെ വിഭാഗം സമസ്ത അറിയിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ജിഫ്രി തങ്ങളുടെ നിലപാട് വ്യക്തിപരമാണെന്ന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞതിനുള്ള മറുപടി കൂടിയാണിത്.

ബോർഡ് നിയമനം പി എസ് സി വിട്ട ഇടതുപക്ഷ സർക്കാറിനെതിരെ വെള്ളിയാഴ്ച പള്ളികളിൽ വെച്ച് പ്രതിഷേധം നടത്തണമെന്ന മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ അബ്ദുസ്സലാമിന്റെ പ്രസ്താവനയെ തള്ളി, പള്ളികളിൽ പ്രതിഷേധം പാടില്ലെന്ന് ജിഫ്രി തങ്ങൾ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതോടെ വഖ്ഫ് രാഷ്ട്രീയ ആയുധമാക്കാനുള്ള ലീഗിന്റെ തന്ത്രം പൊളിഞ്ഞു. ഈ ജാള്യത മറച്ചുവെക്കാൻ ജിഫ്രി തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാക്കൾ സ്വീകരിച്ചത്.

ഈ പശ്ചാത്തലത്തിലാണ് വ്യക്തതയുമായി ഇ കെ സമസ്ത രംഗത്തുവന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം പ്രസിഡന്റ് നടത്തിയത്. വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ അനുകൂല നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.