Connect with us

Uae

ഈദുൽ അസ്ഹ; രാജ്യമാസകലം ഒരുക്കം

ഭക്ഷ്യ സുരക്ഷക്കായി വിവിധ മുനിസിപ്പൽ ടീമുകൾ കർശന പരിശോധന നടത്തും

Published

|

Last Updated

ദുബൈ| ഈദുൽ അസ്ഹ അവധിക്കാലം പടിവാതിൽക്കൽ എത്തിനിൽക്കേ വിപുലമായ ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുകയാണ് രാജ്യം. രാജ്യമാസകലം സുരക്ഷക്കും സുഗമമായ ഗതാഗതവും ഉറപ്പാക്കാൻ പോലീസ് ഡിപ്പാർട്‌മെന്റുകൾ വിപുലമായ കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മാർക്കറ്റുകളിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. ഭക്ഷ്യ സുരക്ഷക്കായി വിവിധ മുനിസിപ്പൽ ടീമുകൾ കർശന പരിശോധന നടത്തും. ബലിയറുക്കുന്നതിനുള്ള ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ട്. മൃഗങ്ങളുടെ മാർക്കറ്റുകളിൽ ഇതിനകം തന്നെ തിരക്ക് തുടങ്ങി.

അബൂദബി പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ഈദുൽ അസ്്ഹ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ അബൂദബി പോലീസ് സമഗ്രമായ സുരക്ഷാ, ട്രാഫിക് പ്ലാനുകൾ തയ്യാറാക്കി. തലസ്ഥാനത്തും അൽ ഐനിലും അൽ ദഫ്‌റയിലുമുള്ള പോലീസ് ഡയറക്ടറേറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളുടെ പ്രവർത്തനം ഇരട്ടിയാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും കൂടുതൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തും. ആഭ്യന്തര, ബാഹ്യ റോഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പൊതു ഉദ്യാനങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

ഈദ് അവധിക്കാലത്ത് ട്രാഫിക് സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും വിവിധ ഗതാഗത പ്ലാനുകളും സാഹചര്യങ്ങളും പോലീസ് തയ്യാറാക്കി. ഉയർന്ന തലത്തിലുള്ള റോഡ് സുരക്ഷ ഉറപ്പാക്കാനും ജനങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും അനുഭവിക്കാനും എല്ലാ സമയത്തും പോലീസിന്റെ സാന്നിധ്യം ഉണ്ടാകും. നിയമങ്ങൾ കർശനമായി പാലിക്കാനും അപകടകരമായ പടക്കങ്ങൾ ഉപയോഗിക്കാതിരിക്കാനും പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. വാഹനമോടിക്കുന്ന യുവാക്കൾ അമിതവേഗത ഒഴിവാക്കണമെന്നും അശ്രദ്ധമായി വാഹനമോടിക്കരുതെന്നും പോലീസ് നിർദേശം നൽകി.

ദുബൈയിൽ ഭക്ഷ്യ സ്ഥാപനങ്ങളിലും ചന്തകളിലും പരിശോധന

ഈദുൽ അസ്ഹയുടെ സാഹചര്യത്തിൽ ദുബൈ മുനിസിപ്പാലിറ്റി അവധിക്കാലത്ത് പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി. ഏകദേശം 150 ഓളം സ്‌പെഷ്യലൈസ്ഡ് ഇൻസ്‌പെക്ടർമാരെയും ഫീൽഡ് മോണിറ്റർമാരെയും എമിറേറ്റിലുടനീളം നിയോഗിച്ചു. ഈ ഫീൽഡ് ടീമുകൾ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളായ മാർക്കറ്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഇറച്ചി കടകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ വിശദമായ പരിശോധനകൾ നടത്തിവരികയാണ്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംഭരണം, തയ്യാറാക്കൽ, ഗതാഗതം തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ഘട്ടങ്ങളിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ സന്ദർശനങ്ങളുടെ പ്രധാന ലക്ഷ്യം.

ഹോട്ടലുകൾ, ബ്യൂട്ടി സലൂണുകൾ, ഷീഷെ കഫേകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമ തീയേറ്ററുകൾ, തൊഴിലാളി താമസസ്ഥലങ്ങൾ, മുഹൈസിന 2, അൽ ഖൂസ് പോലുള്ള സ്ഥലങ്ങളിലെ കമ്മ്യൂണിറ്റി ലേബർ മാർക്കറ്റുകൾ എന്നിവിടങ്ങളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കും. എയർ ആൻഡ് വാട്ടർ സിസ്റ്റങ്ങളുടെ അവസ്ഥ, താപനില നിയന്ത്രണം, ശുചീകരണ രീതികൾ, കീടനിയന്ത്രണം, മെയിന്റനൻസ് ലോഗുകൾ, നീന്തൽക്കുളങ്ങളിലെ യോഗ്യതയുള്ള ലൈഫ് ഗാർഡുകളുടെ സാന്നിധ്യം എന്നിവയിൽ പരിശോധനാ ടീമുകൾ പ്രത്യേക ശ്രദ്ധ ചെലുത്തും.
സ്ഥാപനങ്ങളിലെ പരിശോധനകൾക്ക് പുറമെ, പ്രാദേശിക വിപണികളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുനിസിപ്പാലിറ്റി പ്രത്യേക ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

യാത്രാ നിർദേശവുമായി എമിറേറ്റ്‌സ്

ഈദുൽ അസ്ഹ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ, ജൂൺ ഒന്ന് മുതൽ ഒമ്പത് വരെ ദുബൈ വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാർക്കായി എമിറേറ്റ്‌സ് വിമാനക്കമ്പനി യാത്രാ ഉപദേശങ്ങൾ നൽകി. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നും സ്മാർട്ട് ചെക്ക് – ഇൻ സൗകര്യം ഉപയോഗിക്കണമെന്നും എമിറേറ്റ്‌സ് യാത്രക്കാരോട് നിർദേശിച്ചു.

യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം. ഗേറ്റിൽ കൃത്യസമയത്ത് എത്താൻ ബോർഡിംഗ് സമയം ശ്രദ്ധിക്കണമെന്നും അഭ്യർഥിച്ചു.
റെഡ് ക്രസന്റ് ഹള്ർ മൗത്തിൽ ബലിമാംസം എത്തിക്കും. യമനിലെ ഹദറാമൗത്ത് ഗവർണറേറ്റിലെ നിർധന കുടുംബങ്ങൾക്ക് ഈദുൽ അദ്ഹ പ്രമാണിച്ച് ബലിമാംസം വിതരണം ചെയ്യുന്നതിനുള്ള കരാറിൽ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഒപ്പുവെച്ചു. അൽ മുഖല്ലയിലെ ഒരു പ്രമുഖ വാണിജ്യ സ്ഥാപനവുമായിട്ടാണ് റെഡ് ക്രസന്റ് കരാർ ഒപ്പുവെച്ചത്. റെഡ് ക്രസന്റിന്റെ ദുരിതാശ്വാസ സംഘങ്ങൾ വിതരണത്തിന് നേതൃത്വം നൽകും. ഏറ്റവും ആവശ്യമുള്ള കുടുംബങ്ങൾക്കും അനാഥർക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കും മുൻഗണന നൽകിയാണ് പ്രവർത്തനം ക്രമീകരിക്കുക.

ഉമ്മുൽ ഖുവൈൻ അറവുശാലകൾ വൈകുന്നേരം ആറ് വരെ

ഈദുൽ അസ്ഹയോടനുബന്ധിച്ച് ഉയർന്ന നിലവാരത്തിൽ സേവനങ്ങൾ ലഭ്യമാക്കാനും ഭക്ഷ്യസുരക്ഷയിലും ആരോഗ്യ സൗകര്യങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി പദ്ധതി. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അറവുശാലകളെല്ലാം സജ്ജമാക്കി.
അറഫാ ദിനത്തിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെയും ഈദ് ദിനങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയുമായിരിക്കും അറവുശാലകളുടെ പ്രവർത്തന സമയം. പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഔദ്യോഗിക അറവുശാലകളിൽ മാത്രമേ ബലി നടത്താവൂ എന്നും അംഗീകാരമില്ലാത്ത കശാപ്പുകാരെ സമീപിക്കരുതെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.

എക്‌സ്‌പോ സിറ്റിയിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം
ഈദുൽ അസ്ഹ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ എക്‌സ്‌പോ സിറ്റി ജൂൺ ഒന്ന് മുതൽ സെപ്തംബർ 30 വരെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം നൽകും. ടെറ, വിഷൻ, അലിഫ് എന്നീ മൂന്ന് പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്കാണ് കുട്ടികൾക്ക് സൗജന്യ പ്രവേശനം ലഭിക്കുക. കുടുംബങ്ങൾക്ക് ഒരുപോലെ ആസ്വദിക്കാവുന്ന എയർ കണ്ടീഷൻ ചെയ്ത വിനോദ കേന്ദ്രമാണിത്.

അലിഫ് ഇന്നൊവേഷൻ, ഡിസ്‌കവറി എന്നിവ സമുദ്രത്തിന്റെ ആഴം മുതൽ വനപാതകൾ വരെ നീണ്ടുനിൽക്കുന്ന പ്രകൃതിയുടെ അനുഭവമാണ് നൽകുന്നത്. വിഷനിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ പ്രചോദനാത്മകമായ ജീവിതകഥയും ദുബൈയുടെ വളർച്ചയും വരച്ചുകാട്ടുന്നു. മുതിർന്നവർക്ക് ഒരു എക്‌സിബിഷന് 100 ദിർഹവും മൂന്ന് എക്‌സിബിഷനുകൾക്കും കൂടി 160 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ terra.expocitydubai.com എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

 

 

Latest