Connect with us

National

വിക്ടറി പരേഡ് ദുരന്തം; കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

ബെംഗളൂരു | 11 പേരുടെ ജീവന്‍ കവര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ എന്ന് ചോദിച്ച സിദ്ധരാമയ്യ, ഇതിലൊന്നും രാഷ്ട്രീയം കളിക്കാനില്ലെന്നും പറഞ്ഞു.

ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ദുരന്തത്തിനിടെയും ആഘോഷം തുടര്‍ന്നുവെന്നതില്‍ വിമര്‍ശനം ഉയര്‍ന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് സകര്‍ക്കാര്‍ ഒളിച്ചോടാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിന് കാരണം ആളുകള്‍ ഇടിച്ച് കയറിയതാണെന്നും ദുരന്തത്തിനെച്ചൊല്ലി രാഷ്ട്രീയക്കളിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റേത്. ഗേറ്റുകളിലൂടെ ആളുകള്‍ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്. ചില ഗേറ്റുകള്‍ ആളുകള്‍ തകര്‍ത്തു. 35,000 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന സ്റ്റേഡിയം പരിസരത്തേക്ക് മൂന്നുലക്ഷം പേരെത്തുമെന്ന് കരുതിയില്ല. വിധാന സൗധയ്ക്ക് സമീപവും ലക്ഷക്കണക്കിന് പേരെത്തിയിരുന്നു. അവിടെ ദുരന്തമുണ്ടായില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു.

ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയല്ല. ബെംഗളൂരു നഗരത്തില്‍ ആ സമയത്തുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഈ ഭാഗത്ത് വിന്യസിച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഒരു കുട്ടിയുള്‍പ്പെടെ മരിച്ച 11 പേരില്‍ എട്ട് പേരെ തിരിച്ചറിഞ്ഞു ദിവ്യാംശി (13), ദിയ (26), ശ്രാവണ്‍ (21), ഭൂമിക്, സഹാന, ദേവി, ശിവു (17) മനോജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

 

---- facebook comment plugin here -----

Latest