Connect with us

pravasam

കാദർമുക്കിലെ ഈദ് സംഗമം

ജീവിതത്തിന്റെയും മരണത്തിന്റെയും നടുവിൽ അർധപ്രാണരായി കടന്നുവരുന്ന പലർക്കും മരുഭൂമിയിലെ മരുപ്പച്ചപോലെ അഭയം നൽകിയത് ദുബൈയിലെ കാദർക്കയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ്. ജോലി ലഭിക്കുന്നതുവരെ ഹോട്ടലിൽ ഭക്ഷണവും താമസവും സൗജന്യം. മനസ്സിൽ സ്‌നേഹവും കാരുണ്യവും വേണ്ടതിലധികം വാരി നിറച്ച കാദർക്ക ഈ ഹോട്ടലിൽ നിന്നു കിട്ടുന്ന ലാഭം പ്രയാസപ്പെടുന്നവരെ സഹായിക്കാൻ വിനിയോഗിക്കുന്നു. ഈ മഹാമനസ്‌കതയാണ് ഈ പ്രദേശത്തോളം വളരാൻ കാദർ എന്ന പേരിനെ സഹായിച്ചത്; ദുബൈ മലയാളികളുടെ ഹൃദ്യമായ താവളമായി മാറാനും.

Published

|

Last Updated

പെരുന്നാൾ ദിനത്തിൽ ദുബൈ മലയാളികളുടെ വലിയ സന്തോഷത്തിലൊന്ന് വൈകുന്നേരത്തെ കാദർമുക്കിലെ ഒത്തുകൂടലാണ്. “ആയുസ്സുണ്ടെങ്കിൽ അടുത്ത പെരുന്നാളിന് കാണാം’ എന്ന് പറഞ്ഞ് പരസ്പരം ആശ്ലേഷിച്ചു പിരിയുമ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു. മലയാളികളുടെ ഈ താവളം ദുബൈ മലയാളികൾക്ക് തലമുറകളായി സുപരിചിതമാണ്.

“കേരവൃക്ഷങ്ങളും പൊന്നണിഞ്ഞ നെൽപ്പാടങ്ങളുമില്ലെന്നേയുള്ളൂ. ദുബൈയിലുമുണ്ട് കേരളം.’ എന്ന് പ്രമുഖർ വിശേഷിപ്പിച്ചിട്ടുണ്ട്. പെരുന്നാൾ ദിവസം മലയാളികൾ ഇവിടെ ഒത്തുകൂടുന്നത് വർഷങ്ങളായി തുടർന്നു വരുന്ന ചര്യയാണ്.

ഈ മലയാളി തെരുവിലെ ആൾക്കൂട്ടത്തിനിടയിലൂടെ പെരുന്നാൾ ദിവസം ഞാനും അബൂബക്കർക്കയും നടന്നു. പുതുവസ്ത്രം ധരിച്ച് നാട്ടിലെ പതിവ് രീതിയിൽ മുണ്ടുകുത്തി തോളിൽ കൈയിട്ട് നടക്കുന്നവർ. കൂട്ടം കൂടി നിന്നു നാട്ടുവിശേഷം ചർച്ച ചെയ്യുന്നവർ. പൈജാമയും കുർത്തയും ധരിച്ച പലരുടെയും മുഖം ശ്രദ്ധിച്ചാലറിയാം അവരെല്ലാം മലയാളികളാണെന്ന്. ഒരു ഭാഗത്ത് നിരന്നു നിൽക്കുന്ന അറബികളുടെയും സിന്ധികളുടെയും കടകൾ. ഇവിടെ ജോലി ചെയ്യുന്നത് മലയാളികളാണ്. കടകളുടെ നെയിംബോർഡുകളും മലയാളത്തിൽ തൃക്കരിപ്പൂർ സ്റ്റോർ, മലബാർ ഹോട്ടൽ, പയ്യന്നൂർ ഷാപ്പ്, മൗലവി ബുക്‌സ്, ആലിക്കുട്ടി മ്യൂസിക്, വേങ്ങര ടെക്സ്റ്റയിൽസ്, ഖദീജ കപ്തീരിയ…. അങ്ങനെ നീളുന്നു.

പെരുന്നാളിന്റെ തലേന്നു രാത്രി മുതൽ ഇവിടെ ഒഴിവിന്റെ ആഹ്ലാദം നിറയുന്നു. പ്രിയപ്പെട്ടവരുമായി ഒത്തുകൂടാനും സുഖദുഃഖങ്ങൾ പങ്കുവെക്കാനും ലഭിക്കുന്ന ദിവസം. റിഗ്ഗ്കളിലും വീട്ടുവേലചെയ്തും മറ്റും ജീവിക്കുന്നവർ തങ്ങളുടെ നാട്ടുകാരെയും ബന്ധുക്കളെയും കണ്ടുമുട്ടുന്നത് ഈ ആൾക്കൂട്ടത്തിൽ വെച്ചാണ്. വർഷം തോറും പെരുന്നാൾ ദിവസത്തെ ഈ കൂടിക്കാഴ്ച ഇല്ലെങ്കിൽ മലയാളികളുടെ ജന്മനാടുകളുമായുള്ള ബന്ധം അറ്റുപോകുമെന്നാണ് ഇവിടെ വെച്ച് പരിചയപ്പെട്ട പയ്യോളി സ്വദേശി മൂസ്സ മാസ്റ്റർ അഭിപ്രായപ്പെട്ടത്. ഇവിടെ എത്തിപ്പെട്ടാൽ ഗൃഹാതുര ചിന്തകൾ മറക്കുന്നു- അദ്ദേഹം പറഞ്ഞു.

മറ്റൊരു ഭാഗത്ത് തെരുവ് കച്ചവടക്കാരുടെയും അത് വാങ്ങാനെത്തിയവരുടെയും തിരക്ക്. വിൽപ്പനക്ക് നിരത്തിവെച്ച വസ്ത്രങ്ങൾ, പെർഫ്യൂം, സോപ്പ്, ചീർപ്പ്, കണ്ണാടി, കളിക്കോപ്പുകൾ, സെക്കൻഡ് ഹാൻഡ് മൊബൈൽ തുടങ്ങിയ സാധനങ്ങൾ…. പ്രധാന കച്ചവടക്കാർ ബോറികളും ബംഗാളികളുമാണ്.
ആൾക്കൂട്ടത്തിലേക്കു വന്ന ഒരു ചെറുപ്പക്കാരൻ ജുബ്ബ ധരിച്ച മധ്യവയസ്കനെ കെട്ടിപ്പിടിച്ചു കരയുന്നു. കരീംക്കാ എത്ര വർഷമായി ഒന്നു കാണാൻ കൊതിക്കുന്നു. കഴിഞ്ഞ പെരുന്നാളിന് ഇവിടെ വന്നപ്പോൾ ആകെ തിരക്കി. മുമ്പ് വിസക്ക് വേണ്ടി തന്ന കടലാസ്സ് കൈയിലുണ്ടല്ലോ.?
കരീം ഭായ് ജുബ്ബയെക്കാൾ നീളം കൂടിയ കീശയിൽ നിന്നു പേരുകളുടെ ലിസ്റ്റ് പുറത്തെടുത്തു.

“ഒരു കടലാസും നഷ്ടപ്പെട്ടിട്ടില്ല. നിങ്ങളുടെത് ഹൗസ് ഡ്രൈവറുടെ വിസയല്ലേ.? അറബി കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലാണ്. സുഖമായ ഉടനെ വേണ്ടത് പ്രവാസികളുടെ എല്ലാ പ്രശ്‌നങ്ങളും പെരുന്നാൾ ദിവസം ദുബൈയിലെ ഈ മലയാളി മുക്കിൽ ചർച്ച ചെയ്യപ്പെടുന്നു. സന്ധ്യയാകുന്നതോടെ എല്ലാവരും അവരവരുടെ താമസസ്ഥലത്തേക്ക് പോകും. “ആയുസ്സുണ്ടെങ്കിൽ അടുത്ത പെരുന്നാളിനു കാണാം.’ പരസ്പരം ആശ്ലേഷിച്ചു പിരിയുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
ഈ കേന്ദ്രം മലയാളികളുടെ പ്രിയപ്പെട്ട താവളമായി മാറാൻ കാരണമെന്ത്? ഈ അന്വേഷണത്തിനു ഇവിടുത്തെ പഴമക്കാരിൽ നിന്നും കിട്ടിയ മറുപടി: കേരളത്തിൽ നിന്നു ദുബൈയിലേക്ക് വിസയും പാസ്‌പോർട്ടുമില്ലാതെ യുവാക്കളെ കയറ്റിയ ലോഞ്ചുകൾ പ്രവഹിച്ചിരുന്ന കാലം. പോലീസിൽ നിന്നും രക്ഷ നേടാൻ ലോഞ്ചുടമകൾ ആളുകളെ നഗരങ്ങളിൽ നിന്നകലെ ഷാർജക്കടുത്ത ഖുർഫക്കാൻ കുന്നിൻ ചെരിവിലാണിറക്കിയിരുന്നത്. ലോഞ്ചിലുള്ളവരോട് ചാടി നീന്താൻ ലോഞ്ചുടമകൾ കൽപ്പിക്കും. നീന്തലറിയുന്നവർ നീന്തി കരക്കണിയും. നീന്തലറിയാത്തവർ കടലിൽ മുങ്ങിമരിച്ച സംഭവങ്ങൾ നിരവധി. കരയ്‌ക്കെത്തിയവർ ലക്ഷ്യസ്ഥാനമന്വേഷിച്ച് യാത്ര തുടങ്ങും. എല്ലാവരുടെയും ലക്ഷ്യം എങ്ങനെയെങ്കിലും ദുബൈയിൽ എത്തിച്ചേരുക എന്നതായിരുന്നു. യാത്രക്കിടയിൽ ചിലർ തളർന്നു വീണു മരിച്ചു. അവശേഷിച്ചവർ ദുബൈയിലെത്തുമ്പോഴേക്കും അവശരാകും.

ജീവിതത്തിന്റെയും മരണത്തിന്റെയും നടുവിൽ അർധപ്രാണരായി കടന്നുവരുന്ന പലർക്കും മരുഭൂമിയിലെ മരുപ്പച്ചപോലെ അഭയം നൽകിയത് ദുബൈയിലെ കാദർക്കയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ്. ജോലി ലഭിക്കുന്നതുവരെ ഹോട്ടലിൽ ഭക്ഷണവും താമസവും സൗജന്യം. മനസ്സിൽ സ്‌നേഹവും കാരുണ്യവും വേണ്ടതിലധികം വാരി നിറച്ച കാദർക്ക ഈ ഹോട്ടലിൽ നിന്നു കിട്ടുന്ന ലാഭം പ്രയാസപ്പെടുന്നവരെ സഹായിക്കാൻ വിനിയോഗിക്കുന്നു. ഈ മഹാമനസ്‌കതയാണ് ഈ പ്രദേശത്തോളം വളരാൻ കാദർ എന്ന പേരിനെ സഹായിച്ചത്. ദുബൈ മലയാളികളുടെ ഹൃദ്യമായ താവളമായി മാറാനും…

Latest