Connect with us

International

പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കറൻസിയുടെ മൂല്യം കൂപ്പുകുത്തി; ഭക്ഷ്യസാധനങ്ങൾക്ക് തീവില

ഒരു കിലോ ധാന്യപ്പൊടിയുടെ വില 3000 രൂപക്ക് മുകളിൽ

Published

|

Last Updated

ഇസ്ലാമാബാദ് | പാകിസ്താനിൽ സാമ്പത്തിക തകർച്ചക്ക് ആക്കം കൂട്ടി പാക് കറൻസിയുടെ മൂല്യം കൂപ്പുകുത്തി. ഡോളരിനെതിരേ പാക് കറന്‍സിയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 255 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. 24 രൂപയാണ് ഒറ്റദിവസം കൊണ്ട് ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് (ഐ എം എഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്‌സ്‌ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് കറൻസി കുത്തനെ ഇടിയാൻ ഇടയാക്കിയത്.

ഡോളര്‍-രൂപ നിരക്കിന്‍മേലുള്ള പരിധി പാകിസ്താനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ ഒഴിവാക്കിയിരുന്നു. കറന്‍സി നിരക്കിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനും ഐഎംഎഫ് നേരത്തെ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം അനുവദിച്ച ശേഷം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യണ്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍.

അതിനിടെ, സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധിക്കും ഇടയാക്കി. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക്കിസ്ഥാനിൽ ചിലയിടങ്ങളില്‍ ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വിലയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണവുമായി പോകുന്ന ട്രക്കുകള്‍ക്ക് പിന്നാലെ ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.