Ongoing News
എബോള: ജാഗ്രതാ നിര്‍ദേശവുമായി യു എ ഇ ആരോഗ്യ മന്ത്രാലയം
രാജ്യത്ത് എബോള കേസുകളില്ല.
ദുബൈ | ആഗോളതലത്തില്‍ എബോള വൈറസ് വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന പശ്ചാത്തലത്തില്‍, വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും പാലിക്കേണ്ട യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. യു എ ഇയില്‍ നിലവില്‍ പൊതുജനാരോഗ്യ സാഹചര്യം പൂര്‍ണമായും സുരക്ഷിതമാണെന്നും രാജ്യത്ത് എബോള കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ പടരുന്ന ‘ബുന്ദിബുഗ്യോ’ എന്ന എബോള വൈറസ് വകഭേദത്തെ പ്രതിരോധിക്കാന്‍ അംഗീകൃത വാക്സിനുകള്‍ ലഭ്യമല്ലാത്തതിനാലാണ് മുന്‍കരുതല്‍ ശക്തമാക്കിയത്.
കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
എബോള വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പായി പോകുന്ന രാജ്യത്തെക്കുറിച്ചുള്ള പുതുക്കിയ യാത്രാ വിവരങ്ങളും അവിടുത്തെ ആരോഗ്യ മന്ത്രാലയങ്ങള്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളും കൃത്യമായി മനസ്സിലാക്കുക. വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കുകയും കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അടിക്കടി വൃത്തിയാക്കുകയും ചെയ്യുക. രോഗബാധയുള്ളവരുമായോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായോ യാതൊരുവിധ സമ്പര്‍ക്കവും പുലര്‍ത്തരുത്. യാത്രയിലോ മടങ്ങിയെത്തിയ ശേഷമോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുകയും യാത്രാ വിവരങ്ങള്‍ ഡോക്ടറെ അറിയിക്കുകയും ചെയ്യുക. എബോള ബാധിത പ്രദേശങ്ങളില്‍ പോയി വന്നവര്‍ രണ്ട് മുതല്‍ 21 ദിവസങ്ങള്‍ വരെ സ്വന്തം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുക.
പകര്‍ച്ച ലക്ഷണങ്ങള്‍
വൈറസ് ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍, മലിനമായ പ്രതലങ്ങള്‍, രോഗബാധിതരായ വന്യജീവികള്‍ എന്നിവയിലൂടെയാണ് എബോള പകരുന്നത്. എന്നാല്‍ കോവിഡ്, ഇന്‍ഫ്‌ളുവന്‍സ എന്നിവയെപ്പോലെ എബോള വായുവിലൂടെ പകരില്ലെന്നും ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പനി, കടുത്ത ക്ഷീണം, തലവേദന, പേശി വേദന, ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തീവ്രമായാല്‍ ഇത് ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തിലേക്കും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിലേക്കും നയിക്കും.
അന്താരാഷ്ട്ര തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തികളിലും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.







