Kerala
ഇ സന്തോഷ് കുമാറിനും സലിന്‍ മാങ്കുഴിയ്ക്കും മലയാറ്റൂര്‍ പുരസ്‌കാരം
കെ ജയകുമാര്‍ ഐഎഎസ് ചെയര്‍മാനും ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. വികെ ജയകുമാര്‍, അനീഷ് കെ അയിലറ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് കൃതികള്‍ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം|മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനെട്ടാമത് മലയാറ്റൂര്‍ അവാര്‍ഡ് ഇ സന്തോഷ്‌കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്ന നോവലിന്. പുതു തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് സലിന്‍ മാങ്കുഴിയുടെ ആനന്ദലീല എന്ന നോവലിനാണ്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മലയാറ്റൂര്‍ പുരസ്‌കാരം. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മലയാറ്റൂര്‍ പ്രൈസ്.
കെ ജയകുമാര്‍ ഐ എ എസ് ചെയര്‍മാനും ഡോ ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ വികെ ജയകുമാര്‍, അനീഷ് കെ അയിലറ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് കൃതികള്‍ തെരഞ്ഞെടുത്തത്. കൊല്‍ക്കത്തയുടെ തെരുവുകളില്‍ മറയുന്ന അഭയാര്‍ഥികളുടെ ജീവിതചിത്രങ്ങള്‍ കോറിയിടുന്ന ‘തപോമയിയുടെ അച്ഛന്‍’ ആധുനിക മലയാള നോവലിന്റെ സങ്കീര്‍ണഗതികള്‍ ആവിഷ്‌കരിക്കുന്ന കൃതിയാണ്. മനുഷ്യജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതകള്‍ ചിത്രീകരിക്കുന്ന ഈ നോവല്‍ മലയാളസാഹിത്യത്തില്‍ വേറിട്ട് അസ്തിത്വം അടയാളപ്പെടുത്തുന്നുവെന്ന് ജൂറി വിലയിരുത്തി. രണ്ടു കാലങ്ങളില്‍ ജീവിച്ച രണ്ട് പ്രതിഭകളെ സര്‍ഗഭാവനയുടെ ഊര്‍ജ്ജം കൊണ്ട് വിളക്കിച്ചേര്‍ത്ത് പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ വരഞ്ഞിടുന്ന അസാധാരണ നോവലാണ് ‘ആനന്ദലീല’യെന്ന് അവാര്‍ഡ് സമിതി അഭിപ്രായപ്പെട്ടു. അവാര്‍ഡുകള്‍ സെപ്തംബര്‍ അവസാന വാരം തിരുവനന്തപുരത്തു വച്ച് നല്‍കുമെന്നു മലയാറ്റൂര്‍ പുരസ്‌കാര സമിതി അറിയിച്ചു.
സേതു, എം മുകുന്ദന്‍, യു എ ഖാദര്‍, പി മോഹനന്‍, പെരുമ്പടവം ശ്രീധരന്‍, കെ പി രാമനുണ്ണി, എന്‍ പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, പ്രഭാവര്‍മ്മ, വി മധുസൂദനന്‍നായര്‍, ടിഡി രാമകൃഷ്ണന്‍, സതീഷ് ബാബു പയ്യന്നൂര്‍, സക്കറിയ, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, സജില്‍ ശ്രീധര്‍, ബെന്യാമിന്‍, സാറാ ജോസഫ് എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ മലയാറ്റൂര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.