From the print
തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം
ബുക്കിംഗ് നടത്തുന്നത് യഥാര്‍ഥ യാത്രക്കാരാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ബന്ധിത ഇ-ആധാര്‍ പ്രാമാണീകരണം ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ന്യൂഡല്‍ഹി | ഐ ആര്‍ സി ടി സി അക്കൗണ്ട് വഴി റെയില്‍വേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വേ. ബുക്കിംഗ് നടത്തുന്നത് യഥാര്‍ഥ യാത്രക്കാരാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ബന്ധിത ഇ-ആധാര്‍ പ്രാമാണീകരണം ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ നടപടി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ബുക്കിംഗ് വിന്‍ഡോ തുറക്കുന്ന ആദ്യ പത്ത് മിനുട്ടില്‍ ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ ബുക്കിംഗിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍, ഐ ആര്‍ സി ടി സി പ്ലാറ്റ്‌ഫോമില്‍ 13 കോടിയിലധികം സജീവ ഉപഭോക്താക്കളുണ്ട്. എന്നാല്‍ ഇവരില്‍ ഏകദേശം പത്ത് ശതമാനം മാത്രമേ ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളൂ. ഓട്ടോമേറ്റഡ് ടൂളുകള്‍ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2.4 കോടി ഐ ആര്‍ സി ടി സി അക്കൗണ്ടുകള്‍ റെയില്‍വേ ബ്ലോക്ക് ചെയ്തിരുന്നു. 20 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്.
ഐ ആര്‍ സി ടി സിയുടെ അംഗീകൃത ഏജന്‍സികള്‍ക്ക് പോലും ഈ സമയത്ത് ബുക്ക് ചെയ്യാന്‍ കഴിയാത്ത വിധമാണ് പുതിയ ക്രമീകരണം. കൗണ്ടറുകള്‍ വഴിയുള്ള തത്കാല്‍ ബുക്കിംഗുകള്‍ സാധാരണ പോലെ തുടരും.