Connect with us

Kerala

ഡി വൈ എഫ് ഐ പുതിയ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി റോസ്സല്‍ രാജ് കുന്തക്കാരന്‍ പത്രോസിന്റെ ചെറുമകന്‍

ശബ്ദരേഖാ വിവാദത്തിന് പിന്നാലെ നിലവിലെ സെക്രട്ടറിയായ ശരത് പ്രസാദിനെ നീക്കിയതോടെയാണ് റോസ്സല്‍ രാജിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്

Published

|

Last Updated

തൃശൂര്‍ | ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റോസ്സല്‍ രാജ് കുന്തക്കാരന്‍ പത്രോസിന്റെ ചെറുമകന്‍. പുന്നപ്രവയലാര്‍ സമരപോരാളിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന പൊന്നൂക്കര കുന്തക്കാരന്‍ പത്രോസ്.

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായ റോസ്സല്‍ എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഒല്ലൂര്‍ ഏരിയ കമ്മിറ്റിയംഗവുമായിരുന്നു. നിലവിലെ ജില്ലാ ട്രഷററും കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. 1938ല്‍ ആലപ്പുഴയില്‍ നടന്ന ചരിത്രപ്രസിദ്ധമായ തൊഴിലാളി പണിമുടക്കിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു കെ വി പത്രോസ്. പുന്നപ്രവയലാര്‍ സമരകാലത്ത് പ്രകടനത്തിനുനേരെ പോലീസ് ഭീകര മര്‍ദ്ദനം അഴിച്ചുവിടുകയും വെടിവയ്ക്കുകയും ചെയ്തപ്പോഴാണ് തൊഴിലാളികള്‍ വാരിക്കുന്തം കൈയിലേന്തിയത്. അതിനു നേതൃത്വം നല്‍കിയത് പത്രോസായിരുന്നു. അങ്ങനെയാണ് ‘കുന്തക്കാരന്‍ പത്രോസ്’ എന്ന പേരുവന്നത്.

ശബ്ദരേഖാ വിവാദത്തിന് പിന്നാലെ നിലവിലെ സെക്രട്ടറിയായ ശരത് പ്രസാദിനെ നീക്കിയതോടെയാണ് റോസ്സല്‍ രാജിനെ ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം ആര്‍ രാഹുല്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. അഭിഭാഷകനായിരുന്ന കെ പി സെല്‍വരാജിന്റയും റോസക്കുട്ടിയുടെയും മകനാണ് റോസല്‍ രാജ്.മഹിളാ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. സോന കെ കരീമാണ് റോസല്‍ രാജിന്റെ ഭാര്യ.
കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സി പി എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എം എല്‍ എ, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെ പറഞ്ഞ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് ശരത് പ്രസാദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നു നീക്കിയത്.

 

Latest