Connect with us

Kerala

സര്‍ക്കാര്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി; അന്വേഷണവുമായി അധികൃതര്‍

വിതുര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ മേമല ഉരുളുകുന്ന് സ്വദേശിനി വസന്ത ബുധനാഴ്ച വൈകിട്ട് ശ്വാസംമുട്ടലിന് വാങ്ങിയ ഗുളികയിലാണ് മൊട്ടു സൂചി കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ആശുപതി ഫാര്‍മസിയില്‍ നിന്ന് നല്‍കിയ ഗുളികയില്‍ മൊട്ടു സൂചി കണ്ടെത്തിയെന്ന് പരാതി. വിതുര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ മേമല ഉരുളുകുന്ന് സ്വദേശിനി വസന്ത ബുധനാഴ്ച വൈകിട്ട് ശ്വാസംമുട്ടലിന് വാങ്ങിയ ഗുളികയിലാണ് മൊട്ടു സൂചി കണ്ടെത്തിയത്.

സി- മോക്‌സ് ഗുളികയ്ക്ക് ഉള്ളിലായിരുന്നു മൊട്ടു സൂചി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും വസന്ത ഈ ഗുളിക കഴിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി കഴിക്കാനെടുത്ത ഗുളികയിലാണ് മൊട്ടുസൂചി കണ്ടത്. പിന്നാലെ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വസന്തയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ച അധികൃതര്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തി. ശേഷം ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ എസ് ഷിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വസന്തയില്‍ നിന്ന് മൊഴിയെടുത്തു.

മൊട്ടുസൂചിയും ഗുളികയും വിശദമായ പരിശോധനയ്ക്കായി സംഘം കസ്റ്റഡിയിലെടുത്തു. ഗുളികയുടെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്‌നമില്ലെന്ന് ഡോ.കെ എസ് ഷിബു പറഞ്ഞു. മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ഗുളികയ്ക്കുള്ളില്‍ എങ്ങനെ വന്നുവെന്ന് വ്യക്തതയില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഗുളിക പുറത്തിറക്കിയ മെഡിക്കല്‍ കമ്പനിയെ അടക്കം കക്ഷിയാക്കി അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

 

---- facebook comment plugin here -----

Latest