Connect with us

museum of future

ഭാവിയുടെ അത്ഭുത ലോകം തുറന്ന് ദുബൈ

വൃത്താകൃതിയിലുള്ള ഇത്തരമൊരു കെട്ടിടം ലോകത്തുതന്നെ ആദ്യമാണെന്ന പ്രത്യേകത കൂടിയുണ്ട്.

Published

|

Last Updated

ദുബൈ | ‘ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം’ എന്ന വിശേഷണത്തെ അന്വർഥമാക്കി മ്യൂസിയം ഓഫ് ഫ്യൂച്ചർ യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ജനതക്കായി തുറന്നു കൊടുത്തു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ദുബൈ ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ്‌ മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, പാർലിമെന്ററി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി തുടങ്ങി ഉന്നത വ്യക്തിത്വങ്ങളും മാധ്യമ പ്രവർത്തകരും സംബന്ധിച്ചു.

ദുബൈയിലെ ഏറ്റവും പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം, എമിറേറ്റ്സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഏഴു നിലകളുള്ള ഉൾഭാഗം സിനിമ സെറ്റ് പോലെ ഒത്തുകൂടാനും പങ്കുവെക്കാനും സംവദിക്കാനും കഴിയുന്ന സ്ഥലമായാണ് നിർമിച്ചിരിക്കുന്നത്. ലോക പ്രശസ്ത ഡിസൈനർമാർ ചേർന്നാണ് കെട്ടിടത്തിന്‍റെ അകത്തെ സൗകര്യങ്ങളും രൂപകൽപന നിർവഹിച്ചത്. വൃത്താകൃതിയിലുള്ള ഇത്തരമൊരു കെട്ടിടം ലോകത്തുതന്നെ ആദ്യമാണെന്ന പ്രത്യേകത കൂടിയുണ്ട്.

‘വരുംകാലത്തെ സങ്കൽപ്പിക്കാനും രൂപകൽപന ചെയ്യാനും നടപ്പാക്കാനും കഴിയുന്നവരുടേതാണ് ഭാവി. അത് നിങ്ങൾ കാത്തിരിക്കേണ്ട ഒന്നല്ല, മറിച്ച് സൃഷ്ടിക്കേണ്ടതാണ്’- എന്ന അർഥത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ദുബൈയുടെ ഭാവിയെ കുറിച്ച് രചിച്ച കവിതയിലെ വരികളാണ് കലിഗ്രഫിയിലൂടെ കെട്ടിടത്തിന്‍റെ പുറംഭാഗത്തെ മനോഹരമായി അലങ്കരിച്ചത്.  കെട്ടിടത്തിനകത്ത് എക്സിബിഷൻ, ഇമ്മേഴ്‌സിവ് തിയറ്റർ തുടങ്ങിയവ സംയോജിപ്പിച്ച് ബഹിരാകാശ സഞ്ചാരം, എക്കോസിസ്റ്റം, ബയോ എൻജിനീയറിംഗ്, ആരോഗ്യം, ആത്മീയത എന്നീ കാര്യങ്ങൾ വിശദീകരിക്കും. മനുഷ്യ നാഗരികതയുടെ ചരിത്രത്തിൽ അറബ് ലോകം നൽകിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് പ്രഖ്യാപിച്ച പദ്ധതിയുടെ ആസ്ഥാനവും മ്യൂസിയമാണ്.

‘ബുർജ് ഖലീഫ നിർമിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇതായിരിക്കണമെന്ന് ശൈഖ് മുഹമ്മദ് നിർദേശിച്ചു. പാം ദ്വീപ് നിർമിക്കുമ്പോൾ, ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദ്വീപായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഒരു പുതിയ ബഹിരാകാശ ദൗത്യം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിച്ചപ്പോൾ, ചൊവ്വയിലെത്താൻ ശൈഖ്‌ മുഹമ്മദ് ആവശ്യപ്പെട്ടു. എക്‌സ്‌പോ 2020 ദുബൈ, അന്താരാഷ്ട്ര എക്‌സിബിഷനുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ലോകത്തിന് വാഗ്ദാനം ചെയ്തു. ഹിസ് ഹൈനസ് തന്റെ വാഗ്ദാനം ഒരിക്കൽ കൂടി നിറവേറ്റി.’ യു എ ഇയെയും ദുബൈയെയും ലോകത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ ഇച്ഛാശക്തിയെ പറ്റിയും പ്രചോദനത്തെക്കുറിച്ചും മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ ആമുഖ പ്രസംഗത്തിൽ പാർലിമെന്ററി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി  വിശദീകരിച്ചു.