Uae
ദുബൈ മാളത്തോൺ തുടങ്ങി
ഒമ്പത് പ്രമുഖ മാളുകളെ ശീതീകരിച്ച ട്രാക്കുകളാക്കി മാറ്റി വേനൽക്കാലത്ത് ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.

ദുബൈ | ദുബൈ മാളത്തോൺ ആരംഭിച്ചു. ഒമ്പത് പ്രമുഖ മാളുകളെ ശീതീകരിച്ച ട്രാക്കുകളാക്കി മാറ്റി വേനൽക്കാലത്ത് ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. ദുബൈ കമ്മ്യൂണിറ്റി, ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി എന്നീ പദ്ധതികളുടെ ഭാഗമായാണ് പദ്ധതി.
പത്ത് കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഇൻഡോർ ട്രാക്കുകളാണ് ഈ മാളുകളിൽ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവർക്ക് നടക്കാനും ഓടാനും എല്ലാ ദിവസവും അവസരമുണ്ട്. ദിവസേനയുള്ള കായിക മത്സരങ്ങളും വാരാന്ത്യ വെല്ലുവിളികളും ഐഫോണുകളും ഷോപ്പിംഗ് വൗച്ചറുകളും ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും മാളത്തോൺ നൽകുന്നുണ്ട്. സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ കൂടുതൽ സജീവമായ ജീവിതശൈലി സ്വീകരിക്കാൻ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കാൻ മാളത്തോൺ ലക്ഷ്യമിടുന്നു.
ദുബൈ മാൾ, മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റർ ദീവ, സിറ്റി സെന്റർ മിർദിഫ്, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നിവയുൾപ്പെടെ ഒമ്പത് മാളുകളാ പങ്കെടുക്കുന്നത്. ഈ മാളുകൾ ഓരോ ദിവസവും രാവിലെ ഏഴ് മുതൽ പത്ത് വരെ ശീതീകരിച്ച ട്രാക്കുകൾ ഉണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് താത്പര്യമുണ്ടാകുന്ന തരത്തിലുള്ള കായിക വിനോദങ്ങളും വാരാന്ത്യ മത്സരങ്ങളും നടക്കും. സൗജന്യ ആരോഗ്യ പരിശോധനകളും പോഷകാഹാര കൺസൾട്ടേഷനുകളും ലഭ്യമാണ്. ദുബൈ മല്ലത്തോണിൽ സൗജന്യമായി പങ്കെടുക്കാം. www.dubaimallathon.ae എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഡിജിറ്റൽ പാർട്ടിസിപ്പേഷൻ കാർഡ് ലഭിക്കും.