Connect with us

Uae

കുടുംബം തേടിയുള്ള ആറുവർഷത്തെ കാത്തിരിപ്പ്; ശ്രദ്ധേയമായി പ്രവാസി പോറ്റമ്മയുടെ കഥ

ഭാവിയിൽ കുട്ടികളെ വളർത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് കൃത്യമായ മാർഗനിർദേശവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് "ഫോസ്റ്റർ ഫാമിലി സൊസൈറ്റി' പ്രവർത്തിക്കുന്നത്.

Published

|

Last Updated

ദുബൈ| പ്രവാസലോകത്ത് ഒരു കുട്ടിയെ ദത്തെടുക്കുകയോ വളർത്താനായി സ്വീകരിക്കുകയോ ചെയ്യുക എന്നത് കേവലം വൈകാരികമായ ഒരു തീരുമാനമല്ലെന്നും അത് കഠിനമായ നിയമനടപടികളും കാത്തിരിപ്പും നിറഞ്ഞതാണെന്നും ഓർമപ്പെടുത്തുന്നതാണ് വദ അൽ മർറിയുടെ കഥ. അടുത്തിടെ രൂപീകൃതമായ “ഫോസ്റ്റർ ഫാമിലി സൊസൈറ്റി’യുടെ മാനേജരായ വദ അൽ മർറി. 2013-ൽ ദത്തെടുക്കലിനായി അപേക്ഷിച്ചുവെങ്കിലും ആദ്യത്തെ കുഞ്ഞിനെ കയ്യിൽ കിട്ടാൻ നീണ്ട ആറ് വർഷമാണ് കാത്തിരിക്കേണ്ടി വന്നത്.

വിവിധ രാജ്യങ്ങളിൽ നടത്തിയ വന്ധ്യതാ ചികിത്സകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് വദ ഈ പാത തിരഞ്ഞെടുത്തത്. മാനസികവും ശാരീരികവുമായ നിരവധി പരിശോധനകൾക്കും അഭിമുഖങ്ങൾക്കും ശേഷം 2019-ലാണ് എട്ട് മാസം പ്രായമുള്ള “തിയാബി’നെ അവർക്ക് ലഭിക്കുന്നത്. പിന്നാലെ രണ്ടാമത്തെ മകൻ ഗൈത്തും കുടുംബത്തിന്റെ ഭാഗമായി. തുടർന്ന് 26 വർഷത്തെ ദാമ്പത്യത്തിന് ശേഷം അപ്രതീക്ഷിതമായി ഐ വി എഫ് ചികിത്സയിലൂടെ വദയ്ക്ക് സ്വന്തം മകൻ അലിയും പിറന്നു. ഇന്ന് ഈ മൂന്ന് ആൺകുട്ടികളും വേർപിരിക്കാനാവാത്ത സഹോദരങ്ങളായി വളരുന്നു.

കുട്ടികളെ വളർത്താൻ തുടങ്ങുമ്പോഴുള്ള വെല്ലുവിളികൾ കേവലം രേഖകളിൽ ഒതുങ്ങുന്നതല്ല. കുട്ടികളുടെ മുൻകാല ആരോഗ്യവിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പൂജ്യത്തിൽ നിന്ന് പരിശോധനകൾ തുടങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയും അധ്വാനവും ഉണ്ടാക്കുന്നുണ്ടെന്ന് വദ പറയുന്നു. കുട്ടികൾക്ക് പേര് നൽകുന്നതിന് പോലും വലിയ നിയമപോരാട്ടങ്ങൾ നടത്തേണ്ടി വന്നു. മക്കളെ അനാഥർ എന്ന ലേബലിൽ അറിയപ്പെടാതെ സ്വന്തമായ വ്യക്തിത്വത്തോടെ വളർത്തണമെന്ന വദയുടെ നിശ്ചയദാർഢ്യമാണ് അവരെ ഗൈത്ത് എന്ന പേരിനായി ഒന്നരവർഷം കാത്തിരിക്കാൻ പ്രേരിപ്പിച്ചത്.

സൊസൈറ്റിയുടെ സെക്രട്ടറി ജനറലായ ഫാത്തിമ അൽ മുറൈഖിയും സമാനമായ അനുഭവമാണ് പങ്കുവെക്കുന്നത്. നാല് മാസം പ്രായമുള്ളപ്പോൾ മകൻ സൈഫിനെ സ്വീകരിച്ചത് മുതൽ തന്റെ ജീവിതത്തിന്റെ മുൻഗണനകൾ പൂർണമായും മാറിയെന്ന് അവർ പറയുന്നു. കുട്ടികൾക്ക് അവരുടെ കുടുംബ പശ്ചാത്തലം പക്വതയോടെ വിശദീകരിച്ചു കൊടുക്കുന്ന “മുസാറഹ’ എന്ന പ്രക്രിയ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.

ഭാവിയിൽ കുട്ടികളെ വളർത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് കൃത്യമായ മാർഗനിർദേശവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് “ഫോസ്റ്റർ ഫാമിലി സൊസൈറ്റി’ പ്രവർത്തിക്കുന്നത്. നിയമപരമായ നൂലാമാലകളും വെല്ലുവിളികളും ലഘൂകരിക്കാനാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്.

Content Highlights:
Wada Al Marri shares her arduous six-year journey of adopting children in Dubai, highlighting the complex legal procedures and emotional endurance required. After adopting two sons, Tiab and Ghaith, she unexpectedly conceived her third son through IVF, creating a unique and united brotherhood. The Foster Family Society now aims to guide prospective parents through legal hurdles and the sensitive process of explaining family backgrounds to adopted children.

 

Latest