Connect with us

Editorial

മഴക്കാല ഡ്രൈവിംഗ് അതീവ ശ്രദ്ധയോടെ

മോട്ടോര്‍ വാഹന വകുപ്പ് 2022ലെ വാഹനാപകടങ്ങള്‍ വിലയിരുത്തിയപ്പോള്‍, മറ്റു സമയങ്ങളേക്കാള്‍ മഴക്കാലത്ത് അപകടങ്ങളില്‍ 32 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി കണ്ടെത്തി. പോലീസിന്റെ കണക്ക് പ്രകാരം 2022ലെ മണ്‍സൂണ്‍ കാലത്ത് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മൂന്ന് മാസങ്ങളില്‍ 10,396 വാഹനാപകടങ്ങള്‍ നടന്നു.

Published

|

Last Updated

വാഹനാപകടങ്ങളുടെ നിരക്ക് കുത്തനെ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് സംസ്ഥാനത്ത്. മഴക്കാലത്താണ് അപകടങ്ങള്‍ കൂടുതലെന്ന് പഠനങ്ങള്‍ കാണിക്കുന്നു. മരണക്കെണിയായി മാറുകയാണ് മഴക്കാലമാകുന്നതോടെ നിരത്തുകള്‍. മോട്ടോര്‍ വാഹന വകുപ്പ് 2022ലെ വാഹനാപകടങ്ങള്‍ വിലയിരുത്തിയപ്പോള്‍, മറ്റു സമയങ്ങളേക്കാള്‍ മഴക്കാലത്ത് അപകടങ്ങളില്‍ 32 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി കണ്ടെത്തി. പോലീസിന്റെ കണക്ക് പ്രകാരം 2022ലെ മണ്‍സൂണ്‍ കാലത്ത് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മൂന്ന് മാസങ്ങളില്‍ 10,396 വാഹനാപകടങ്ങള്‍ നടന്നു. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം മഴക്കാലത്ത് പ്രതിദിനം 110ലേറെ പേര്‍ക്ക് വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നു.

മഴക്കാലത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം മറ്റു സമയങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നിട്ടും എന്തുകൊണ്ടാണ് അത്യാഹിതങ്ങള്‍ വര്‍ധിക്കുന്നത്? മഴവെള്ളത്തെ തുടര്‍ന്നുണ്ടാകുന്ന റോഡിലെ വഴുപ്പ്, മൂടിക്കെട്ടിയ അന്തരീക്ഷത്തിലെ വെളിച്ചക്കുറവ്, വാഹനങ്ങള്‍ കുഴിയില്‍ വീഴല്‍ തുടങ്ങി മഴക്കാല അപകട വര്‍ധനവിന് കാരണങ്ങള്‍ പലതാണ്. മഴകാരണം റോഡില്‍ വെള്ളം കെട്ടിനില്‍ക്കുകയോ നനഞ്ഞിരിക്കുകയോ ചെയ്യുമ്പോള്‍ ടയറുകളുടെ ട്രാക്്ഷന്‍ കുറയുകയും വാഹനം വഴുതിപ്പോകാന്‍ ഇടയാകുകയും ചെയ്‌തേക്കാം. വാഹനങ്ങള്‍ പുറന്തള്ളുന്ന എണ്ണത്തുള്ളികള്‍ റോഡിലെ വെള്ളവുമായി കലരുന്നതോടെ വഴുവഴുപ്പ് കൂടും. തേയ്മാനം സംഭവിച്ച ടയറും പെട്ടെന്നുള്ള വെട്ടിക്കലും ബ്രേക്കിടലും അപകട സാധ്യത പിന്നെയും വര്‍ധിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രിയാണ് തിരുവല്ല മന്നംകരചിറയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചതും കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്കേറ്റതും.

താഴ്ന്ന റോഡുകളില്‍ വെള്ളം കെട്ടി നിന്ന് കുഴികളും റോഡിന്റെ വശങ്ങളിലുള്ള മൂടപ്പെടാത്ത മാന്‍ഹോളുകളും ഓടകളും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു മഴക്കാലത്ത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ കുഴികളില്‍ ചാടാനുള്ള സാധ്യതയുണ്ട്. മൂന്ന് ദിവസം മുമ്പാണ് വളാഞ്ചേരി പുറമണ്ണൂരില്‍ ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണുണ്ടായ കുലുക്കത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആറ് വയസ്സുകാരി പുറത്തേക്ക് തെറിച്ചു വീണ് മരിച്ചത്. മാതാവിനോടൊപ്പം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സംസ്ഥാനത്തെ പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ പ്രത്യക്ഷപ്പെട്ട നിലയിലാണ്. മഴക്കാലത്ത് ഇത്തരം കുഴികള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ വരില്ല.

ശക്തമായ മഴയത്ത് റോഡിലൂടെ അവിചാരിതമായ ജലപ്രവാഹത്തിന് സാധ്യതയുള്ളതിനാല്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള, അപരിചിത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നത് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തും. വെള്ളം കയറിയ റോഡുകളിലൂടെ വാഹനയാത്ര ചെയ്യുമ്പോള്‍ എന്‍ജിനില്‍ വെള്ളം കയറാനും എന്‍ജിന്‍ നിലച്ചു പോകാനും സാധ്യതയുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനമോടിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ വേഗം കുറച്ച് പോയാല്‍ അപകടം ഒഴിവാക്കാനാകും.

ശക്തമായ മഴയുള്ള ഘട്ടത്തില്‍ മുന്നിലേക്കുള്ള കാഴ്ച കുറവ് വരുന്നതും അപകട സാധ്യത കൂട്ടുന്നു. ഇത്തരം ഘട്ടത്തില്‍ യാത്ര പരമാവധി ഒഴിവാക്കുന്നതാണ് ഗുണകരം. കുടപിടിച്ച് വാഹനമോടിക്കുന്നവരുണ്ട് ഇരുചക്ര യാത്രക്കാരില്‍. അല്ലെങ്കില്‍ പിന്നിലിരിക്കുന്നവര്‍ കുട പിടിച്ചു കൊടുക്കും. രണ്ടും അപകടകരമാണ്. യാത്രാ സമയത്ത് കാറ്റടിച്ചാല്‍ കുടയില്‍ അത് സൃഷ്ടിക്കുന്ന പാരച്യൂട്ട് എഫക്ട് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും അപകടം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. റെയിന്‍കോട്ട് ധരിച്ച് വണ്ടി ഓടിക്കുന്നതാണ് സുരക്ഷിതം.

മഴക്കാലത്ത് വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പോലീസും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും അടിക്കടി ഉണര്‍ത്താറുണ്ട്. മഴക്കാലം വരുന്നതിനു മുമ്പേ ടയറുകളുടെ നിലവാരം, ടയറിലെ വായുമര്‍ദം, അലൈന്‍മെന്റ്, ബാലന്‍സിംഗ് തുടങ്ങിയവയും ഹെഡ്‌ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, ബ്രേക്ക്‌ലൈറ്റ്, ഹാന്‍ഡ് ബ്രേക്ക് എന്നിവയും പരിശോധിച്ച് കാര്യക്ഷമതയും കൃത്യതയും ഉറപ്പ് വരുത്തണം. സാമ്പത്തിക ലാഭത്തിനായി തേഞ്ഞ ടയര്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. തേയ്മാനം കൂടുമ്പോള്‍ ഗ്രിപ്പ് കുറയുകയും വേണ്ടത്ര നിയന്ത്രണം ലഭിക്കാതെ വരികയും ചെയ്യുന്നു. മുന്നിലുള്ള വലിയ വാഹനങ്ങളുമായി അകലം പാലിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഹെവി വാഹനങ്ങളുടെ വലിയ ടയര്‍ തെറിപ്പിക്കുന്ന ചെളിവെള്ളം പിന്നിലെ വാഹനം ഡ്രൈവ് ചെയ്യുന്നവരുടെ മുന്നോട്ടുള്ള കാഴ്ചയെ തടസ്സപ്പെടുത്തുകയും കൂട്ടിയിടിച്ച് അപകടം സൃഷ്ടിക്കുകയും ചെയ്‌തേക്കാം.

പരിചയമില്ലാത്ത വഴികളിലൂടെയുള്ള യാത്രയിലും ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള യാത്രാറൂട്ട് അറിയാത്ത ഘട്ടത്തിലും ഗൂഗിള്‍ മാപ്പ് ഉപയോഗം സാധാരണമാണ്. എന്നാല്‍ മഴക്കാലത്ത് റോഡുകളുടെ അവസ്ഥയിലും സുരക്ഷിതത്വത്തിലും മാറ്റം വരാന്‍ സാധ്യതയുണ്ട്. റോഡുകളില്‍ രൂപപ്പെടുന്ന കുഴികള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവയെ കുറിച്ച് ഗൂഗിള്‍ മാപ്പ് കൃത്യമായി മുന്നറിയിപ്പ് നല്‍കില്ല. കോട്ടയത്ത് കഴിഞ്ഞ ബുധനാഴ്ച ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ് ചെയ്ത, ദമ്പതികള്‍ സഞ്ചരിച്ച കാറ് ചെന്നുവീണത് വെള്ളം നിറഞ്ഞ തോട്ടിലാണ്. കോട്ടയം കുറുപ്പുംതറയിലാണ് സംഭവം. കുറുപ്പുംതറ ഭാഗത്ത് നിന്ന് വന്ന വാഹനം, ഒരു വളവിലെത്തിയപ്പോള്‍ വളവ് തിരിഞ്ഞു പോകുന്നതിനു പകരം നേരെ പോകാനാണ് ഗൂഗിളില്‍ നിന്ന് നിര്‍ദേശം ലഭിച്ചത്. കാര്‍ തോട്ടില്‍ വീണപ്പോഴാണ് അബദ്ധം മനസ്സിലായത്. നാട്ടുകാര്‍ എത്തി കാറില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കിയതിനാല്‍ ആളപായമുണ്ടായില്ല. ഗൂഗിള്‍ മാപ്പിനെ മാത്രം ആശ്രയിക്കാതെ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയാകണം യാത്ര ചെയ്യേണ്ടത്; മഴക്കാലത്ത് പ്രത്യേകിച്ചും. വേഗം പരമാവധി കുറക്കുകയെന്നതാണ് ഏറ്റവും പ്രധാനം. എത്രയും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുക എന്നതിലുപരി നമ്മുടെ ജീവന്റെ സുരക്ഷിതത്വത്തിനാണല്ലോ പ്രാമുഖ്യം നല്‍കേണ്ടത്.

 

Latest