International
ഡോക്‌സിങ് റൂളെന്ന്; നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു
ഇലോണ്‍ മസ്‌കിനെ കുറിച്ചും അദ്ദേഹം ട്വിറ്റര്‍ വാങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചുമെല്ലാം എഴുതിയ മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് പൂട്ടിയത്

ന്യൂയോര്‍ക്ക് \ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. വാഷിങ്ടണ്‍ പോസ്റ്റിലേയും ന്യൂയോര്‍ക്ക് ടൈംസിലേയും അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് അടച്ചു പൂട്ടിയിരിക്കുന്നത്. അതേ സമയം സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് കാരണം എന്താണെന്ന് വ്യക്തമല്ല.
എന്നാല്‍ അടുത്തകാലത്തായി ഇലോണ്‍ മസ്‌കിനെ കുറിച്ചും അദ്ദേഹം ട്വിറ്റര്‍ വാങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചുമെല്ലാം എഴുതിയ മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് പൂട്ടിയത്.ട്വിറ്ററിന്റെ ഡോക്സിങ് റൂള്‍ മറ്റെല്ലാവരെയും പോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിന് ഇലോണ്‍ മസ്‌ക് മറുപടി നല്‍കിയത്.
മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ് ട്വിറ്ററിന്റെ ഡോക്സിങ് റൂള്‍. വ്യാഴാഴ്ച മസ്‌കിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ യാത്ര തത്സമയം പിന്തുടര്‍ന്ന് വിവരങ്ങള്‍ പങ്കുവെച്ചിരുന്ന അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.