editorial
മദ്യപാനികളെ ബസില്‍ കയറ്റരുത്
പൊതുവാഹനങ്ങളില്‍ യാത്രാ സുരക്ഷ ഉറപ്പ് വരുത്താന്‍ മദ്യപിച്ചുള്ള യാത്ര നിരോധിക്കുകയാണ് പ്രായോഗിക മാര്‍ഗം. ട്രെയിനില്‍ മദ്യപാനികള്‍ക്ക് യാത്രക്ക് വിലക്കുണ്ട്. 1989ലെ റെയില്‍വേ ആക്ട് സെഷന്‍ 165 പ്രകാരം മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് നിരോധിക്കപ്പെട്ടതാണ്.
“മദ്യപിച്ച് കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുന്നതിന് വിലക്കില്ല. മദ്യപിച്ചതിന്റെ പേരില്‍ ആരെയും ബസില്‍ കയറ്റാതിരിക്കുകയുമില്ല. എന്നാല്‍ വണ്ടിയില്‍ കയറിയാല്‍ മിണ്ടാതിരുന്നോളണം. മറ്റു യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുകയോ സ്ത്രീകളുടെ നേരെ ലൈംഗിക അതിക്രമം കാണിക്കുകയോ ചെയ്താല്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കും. കണ്ടക്ടര്‍മാര്‍ക്ക് അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്’- സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റേതാണ് ഈ മുന്നറിയിപ്പ്. വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് മദ്യപാനി സ്ത്രീയെ ചവിട്ടി പുറത്തിടുകയും ബസില്‍ മദ്യപാനികളുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് മദ്യപാനികള്‍ക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തണമെന്ന് പൊതുസമൂഹത്തില്‍ നിന്ന് ആവശ്യമുയരുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
നാല് ദിവസം മുമ്പാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി യാത്രക്കാരന്‍ സമീപത്തിരുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചത്. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരനെ ഇറക്കിവിട്ടു. തൃശൂരില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതിന് കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശിയായ യുവാവ് അറസ്റ്റിലായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് യുവാവിനെ പോലീസിലേല്‍പ്പിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാ മധ്യേ ടൂറിസ്റ്റ് ബസില്‍ യുവതിയെ ശല്യം ചെയ്തത് കോഴിക്കോട് ചൂലൂര്‍ സ്വദേശിയായ ബസ് ജീവനക്കാരനാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായി. അടിക്കടി റിപോര്‍ട്ട് ചെയ്യുന്നുണ്ട് ബസ് യാത്രക്കിടെ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ ഇത്തരം ലൈംഗിക അതിക്രമങ്ങള്‍. മദ്യമാണ് തൊണ്ണൂറ് ശതമാനത്തിലും വില്ലന്‍. മദ്യം അകത്തു ചെന്നാല്‍- ചെറിയ അളവിലായാല്‍ പോലും- മനുഷ്യന്റെ ലക്ക് തെറ്റും. മദ്യത്തിലടങ്ങിയ ആല്‍ക്കഹോള്‍ മനുഷ്യശരീരത്തില്‍ പെട്ടെന്ന് ലയിച്ചു ചേരുകയും ശരീരത്തിന്റെ നാഡീവ്യവസ്ഥകളെ തകരാറിലാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതോടെ തെറ്റും ശരിയും തിരിച്ചറിയാനും വികാരം നിയന്ത്രിക്കാനും കഴിയാതെയാകും. സ്വബോധം നഷ്ടമാകും. സ്ഥലകാല ബോധമുണ്ടാകുകയില്ല. താന്‍ ബസില്‍ മറ്റു യാത്രക്കാര്‍ക്കിടയിലാണെന്ന് ചിന്തിക്കാനുള്ള കഴിവ് നഷ്ടമാകുന്നു. ഈ അവസ്ഥയിലാണ് മദ്യപാനികള്‍ യാത്രക്കിടയില്‍ ബഹളമുണ്ടാക്കുന്നതും വേണ്ടാത്തരങ്ങള്‍ കാണിക്കുന്നതും.
തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും തിരിച്ചും സന്ദേശങ്ങള്‍ കൈമാറുന്ന സുഷുമ്‌നാ നാഡിയും തലച്ചോറും ഒത്തുചേരുന്ന ഭാഗത്തെ (സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം) ദുര്‍ബലപ്പെടുത്തുന്നുവെന്നതാണ് മദ്യത്തിന്റെ ഏറ്റവും അപകടകരമായ വശം. മദ്യപാനിയുടെ നാഡീ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാനും ബോധനിയന്ത്രണവും വിലയിരുത്തല്‍ ശേഷിയും കുറയാനും കാരണമിതാണ്. മനുഷ്യനെ മനുഷ്യനാക്കുന്നതും ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്നതും സ്വബോധമാണ്. അതില്ലാതാകുമ്പോള്‍ അവന്‍ മൃഗസമാനനായി. ഇത്തരമൊരു സാഹചര്യത്തില്‍ മദ്യപിച്ച് ബസില്‍ കയറുന്നവരോട്, അതിക്രമം കാണിക്കരുതെന്നുള്ള മന്ത്രിയുടെ തത്ത്വോപദേശം എത്രത്തോളം ഫലപ്രദമാകും?
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും ബസില്‍ ശല്യം ചെയ്യലും ബഹളം വെക്കലും കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് അറിയാത്തവരല്ല, ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും ചെയ്യുന്നത്.
മദ്യത്തിന്റെ സ്വാധീനത്തില്‍ സ്വബോധം നഷ്ടപ്പെടുന്നതിനാല്‍ അവര്‍ക്ക് അതൊന്നും ഓര്‍ക്കാന്‍ കഴിയാതെ പോകുകയാണ്. പൊതുവാഹനങ്ങളില്‍ യാത്രാ സുരക്ഷ ഉറപ്പ് വരുത്താന്‍ മദ്യപിച്ചുള്ള യാത്ര നിരോധിക്കുകയാണ് പ്രായോഗിക മാര്‍ഗം. ട്രെയിനില്‍ മദ്യപാനികള്‍ക്ക് യാത്രക്ക് വിലക്കുണ്ട്. 1989ലെ റെയില്‍വേ ആക്ട് സെഷന്‍ 165 പ്രകാരം മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് നിരോധിക്കപ്പെട്ടതാണ്. ഘട്ടം ഘട്ടമായി കേരളത്തെ മദ്യമുക്തമാക്കുമെന്നത് ഇടതുപക്ഷത്തിന്റെ വാഗ്ദാനമാണ്. ഈ ലക്ഷ്യത്തില്‍ സര്‍ക്കാറിന് പരിഗണിക്കാവുന്നതല്ലേ മദ്യപിച്ചുള്ള ബസ് യാത്ര കര്‍ശനമായി നിരോധിക്കുന്ന കാര്യം? മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ കണ്ണുനട്ട് യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു മാറരുത്.
ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ബസ്‌യാത്ര. ജോലി, ചികിത്സ, കുടുംബ സന്ദര്‍ശനം, പര്‍ച്ചേസിംഗ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പതിനായിരക്കണക്കിനു സ്ത്രീകളാണ് ദിനേന ബസ് യാത്ര നടത്തുന്നത്. ഇവര്‍ക്ക് യാത്രാ സുരക്ഷിത്വം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ബസ് സ്റ്റാന്‍ഡുകളില്‍ കര്‍ശന പരിശോധന, മദ്യപാനിക്ക് യാത്രാനിരോധം, യാത്രക്കിടെ ശല്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഉടന്‍ നടപടി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഏറെക്കുറെ സുഗമമായ സുരക്ഷിത യാത്ര ഉറപ്പ് വരുത്താനാകും. സി സി ടി വി സംവിധാനം കൂടി ഏര്‍പ്പെടുത്തിയാല്‍ തെളിവുകള്‍ ലഭ്യമാക്കാനും നിയമ നടപടി വേഗത്തിലാക്കാനും സഹായകമാകും.
ബസില്‍ മദ്യപാനികളുടെ ശല്യം നിയന്ത്രിക്കുന്നതില്‍ ബസ് ജീവനക്കാര്‍ക്കൊപ്പം യാത്രക്കാര്‍ക്കുമുണ്ട് ഉത്തരവാദിത്വം. ഒരു സ്ത്രീ ലൈംഗിക അതിക്രമം നേരിടുമ്പോള്‍, കാട്ടാക്കടയില്‍ സംഭവിച്ചതു പോലെ മറ്റു യാത്രക്കാര്‍ നിശബ്ദരാകുകയോ കേവലം കാണികളായി മാറുകയോ കാണാത്ത ഭാവം നടിക്കുകയോ ചെയ്യരുത്. അതിനെതിരെ പ്രതികരിക്കേണ്ടത് സഹയാത്രികരുടെ സാമൂഹിക ബാധ്യതയാണ്. കാട്ടാക്കടയില്‍ മദ്യപാനിയുടെ അതിക്രമത്തിനെതിരെ യുവതി ബഹളം വെച്ചിട്ടും സഹയാത്രക്കാര്‍ സഹായത്തിനെത്തിയില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. പ്രബുദ്ധ, സാംസ്‌കാരിക കേരളത്തിന് ചേര്‍ന്നതായില്ല ഈ നിലപാട്.


