Connect with us

Editorial

നിയമസഭാ പെരുമാറ്റച്ചട്ടം കാറ്റില്‍ പറത്തരുത്

ഭരണകൂടത്തിന്റെ നയവൈകല്യങ്ങളെ തിരുത്താന്‍ പ്രതിപക്ഷം ബാധ്യസ്ഥമാണ്. അത് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനുള്ള അവസരം ഭരണപക്ഷം കൊട്ടിയടക്കരുത്. അഥവാ ചര്‍ച്ചക്കും സംവാദത്തിനുമുള്ള അവസരം നിഷേധിച്ചാല്‍ അതിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം തീര്‍ത്തും ജനാധിപത്യ രീതിയിലും സമാധാന മാര്‍ഗേണയുമായിരിക്കണം.

Published

|

Last Updated

2015 മാര്‍ച്ചില്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അതിക്രമങ്ങളും കൈയാങ്കളിയും സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. നിലവിലെ ഭരണപക്ഷ സാമാജികര്‍ പ്രതികളായ പ്രസ്തുത കേസ് പിന്‍വലിക്കാന്‍ ഭരണ സ്വാധീനത്തില്‍ ഇടതുപക്ഷം എല്ലാ ശ്രമവും നടത്തിയിട്ടും ഫലപ്പെട്ടില്ല. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കപ്പെടുമെന്നതിനാല്‍, അതില്‍ നിന്ന് തലയൂരാനുള്ള വഴികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് കേസില്‍ അകപ്പെട്ട നേതാക്കളും ഇടതുപക്ഷവും.

അന്നത്തെ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ബ്രഹ്‌മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നിയമസഭയില്‍ നടന്ന കൈയാങ്കളി. തുടര്‍ച്ചയായി അടിയന്തര പ്രമേയങ്ങൾക്ക് അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷത്തെ രോഷാകുലരാക്കിയത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസിലേക്ക് മുദ്രാവാക്യം വിളികളുമായെത്തിയ പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത വിധം തടസ്സം സൃഷ്ടിച്ച് ഓഫീസ് മുറിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. അവരെ മാറ്റാനുള്ള ശ്രമം എം എല്‍ എമാരും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മിലുള്ള ഉന്തിലും തള്ളിലുമെത്തി. സ്പീക്കര്‍ക്ക് കവചമൊരുക്കാന്‍ ഭരണപക്ഷ എം എല്‍ എമാരും എത്തിയതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. അതിനിടെ എം എല്‍ എമാരെ വലിച്ചിഴക്കുകയും വനിതാ എം എല്‍ എമാരെ കൈയേറ്റം ചെയ്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ എം എല്‍ എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ അക്രമിച്ചതായി ഭരണപക്ഷവും ആരോപിക്കുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ അഡീഷനല്‍ ചീഫ് മാര്‍ഷല്‍ ഉള്‍പ്പെടെ എട്ട് നിയമസഭാ ജീവനക്കാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ 12ഉം ഭരണപക്ഷത്തെ രണ്ടും എം എല്‍ എമാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ്.
ജനാധിപത്യത്തിന്റെ സിരാകേന്ദ്രമെന്നാണ് നിയമസഭകളും പാര്‍ലിമെന്റും വിശേഷിപ്പിക്കപ്പെടുന്നത്. കേരള നിയമസഭക്ക് രാജ്യത്തെ മറ്റു സഭകളേക്കാള്‍ കൂടുതല്‍ പാരമ്പര്യവും സവിശേഷതകളും അവകാശപ്പെടാനുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ,് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിയമസഭ സ്ഥാപിതമാകുന്നതിനു മുമ്പേ നിലവില്‍ വന്നതാണ് കേരള നിയമസഭ. തിരുവിതാംകൂര്‍ രാജ്യഭരണത്തിലായിരുന്ന ഘട്ടത്തില്‍, രാജ്യഭരണത്തില്‍ പ്രാതിനിധ്യവും പങ്കാളിത്തവും ആവശ്യപ്പെട്ട് ഉയര്‍ന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 1888 മാര്‍ച്ച് മാര്‍ച്ച് 30ന് രൂപം കൊണ്ടിട്ടുണ്ട് തിരുവിതാംകൂറില്‍ നിയമ നിര്‍മാണ കൗണ്‍സില്‍. 1932ല്‍ ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലയളവില്‍ ഈ രംഗത്ത് ചില മാറ്റങ്ങള്‍ വന്നു. അന്ന് വരെയുണ്ടായിരുന്ന നിയമ നിര്‍മാണ കൗണ്‍സില്‍ ശ്രീമൂലം അസംബ്ലി, ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സില്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. 1925ല്‍ തിരുവിതാംകൂറിലേതിനു സമാനമായ സംവിധാനങ്ങള്‍ കൊച്ചിയിലുമുണ്ടായി. കൊച്ചി സംസ്ഥാനത്ത് 45 അംഗ നിയമസഭ നിലവില്‍വന്നു.

ഇന്ന് നിയമസഭയില്‍ നടക്കുന്നത് പോലെ കുടുസ്സായ കക്ഷിരാഷ്ട്രീയത്തിലൂന്നിയ വാഗ്വാദങ്ങളോ ചര്‍ച്ചകളോ ആയിരുന്നില്ല, ഗൗരവതരമായ വിഷയങ്ങളെക്കുറിച്ചുള്ള പ്രൗഡമായ ചര്‍ച്ചകളും സംവാദങ്ങളുമായിരുന്നു അന്നൊക്കെ സഭകളില്‍ നടന്നത്. പ്രഗത്ഭരായ പല പാര്‍ലിമെന്റേറിയന്മാരെയും അന്നത്തെ സഭകള്‍ സംഭാവന ചെയ്തിട്ടുണ്ട്. അവരുടെ വാക്കുകള്‍ക്ക് കനവും മൂര്‍ച്ചയുമുണ്ടായിരുന്നെങ്കിലും സഭയുടെ അന്തസ്സിനു നിരക്കാത്ത പ്രയോഗങ്ങളോ പെരുമാറ്റമോ ചെയ്തികളോ ആ സഭകളിലുണ്ടായിരുന്നില്ല. ഇന്ന് പക്ഷേ നിയമസഭകളിലും പാര്‍ലിമെന്റിലും ഗൗരവതരമായ വിഷയങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ച അപൂര്‍വം.
പലപ്പോഴും ഭരണപക്ഷം ചര്‍ച്ചക്ക് അവസരം നല്‍കുന്നില്ല. അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുന്നു. ചര്‍ച്ചക്ക് അവസരം ലഭിച്ചാല്‍ തന്നെ പ്രതിപക്ഷം ക്രിയാത്മകമായി അത് ഉപയോഗപ്പെടുത്തുന്നില്ല. ഭരണകക്ഷിയോടുള്ള രാഷ്ട്രീയ പകയും വിദ്വേഷവും തീര്‍ക്കാനാണ് വിനിയോഗിക്കുന്നത്. സഭയുടെ അന്തസ്സിനു ചേരാത്ത സഭ്യേതര പ്രയോഗങ്ങളും തെറിവിളിയും നടുത്തളത്തിലിറങ്ങി ബഹളം വെക്കലും കൈയാങ്കളിയും സാധാരണം.

വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടാം നിയമസഭാ കാലത്ത,് നിയമസഭയുടെ എത്തിക്സ് കമ്മിറ്റി സാമാജികര്‍ക്ക് പെരുമാറ്റച്ചട്ടം നിര്‍ദേശിച്ചിട്ടുണ്ട്. അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കരുത്, സഭക്കുള്ളില്‍ മുദ്രാവാക്യം വിളിക്കരുത്, അംഗങ്ങള്‍ തമ്മില്‍ പാര്‍ലിമെന്ററി അല്ലാത്ത പദപ്രയോഗങ്ങള്‍ അരുത്, സ്പീക്കറുടെ ഡയസിനു നേരേ കുതിക്കുകയോ ഡയസില്‍ കയറാന്‍ ശ്രമിക്കുകയോ ചെയ്യരുത്, സഭക്കുള്ളില്‍ ബാനറുകളോ പ്ലക്കാര്‍ഡുകളോ കൊണ്ടുവരരുത് തുടങ്ങി സഭയുടെ അന്തസ്സിനു ചേരാത്ത ഒരു പെരുമാറ്റവും സാമാജികരില്‍ നിന്നുണ്ടാകരുതെന്ന് അതില്‍ നിര്‍ദേശിക്കുന്നു. പ്രസ്തുത പെരുമാറ്റച്ചട്ടം സഭയുടെ ഭാഗമായ ശേഷവും സഭയുടെ അന്തസ്സിനു ചേരാത്ത പെരുമാറ്റങ്ങള്‍ക്ക് ഒരു കുറവുമില്ല.

സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമുള്ളതാണ് നിയമസഭകള്‍. ഭരണകൂടം ജനഹിതത്തിന്റെ കാവലാളുകളായും പ്രതിപക്ഷം ജനങ്ങളുടെ ശബ്ദമായും വര്‍ത്തിക്കണം അവിടെ. ഭരണകൂടത്തിന്റെ നയവൈകല്യങ്ങളെ വിമര്‍ശനാത്മകമായ വിലയിരുത്തലുകളിലൂടെയും ഇടപെടലുകളിലൂടെയും തിരുത്താന്‍ പ്രതിപക്ഷം ബാധ്യസ്ഥമാണ്. അത് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനുള്ള അവസരം ഭരണപക്ഷം കൊട്ടിയടക്കരുത്. അഥവാ ചര്‍ച്ചക്കും സംവാദത്തിനുമുള്ള അവസരം നിഷേധിച്ചാല്‍ അതിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം തീര്‍ത്തും ജനാധിപത്യ രീതിയിലും സമാധാന മാര്‍ഗേണയുമായിരിക്കണം. ഒരിക്കലും സംഘര്‍ഷത്തിലേക്ക് നീങ്ങരുത്. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും അതിനു നിരക്കാത്ത പെരുമാറ്റത്തില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഇരുവിഭാഗവും കൂട്ടായ തീരുമാനമെടുക്കേണ്ടതുണ്ട്.

Latest