Kerala
സര്‍ക്കാര്‍ പരിപാടികളോട് സഹകരിക്കില്ല; മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ തുടരും: വി ഡി സതീശന്‍
അവകാശ സംരക്ഷണത്തിനു വേണ്ടിയാണ് പ്രതിപക്ഷം തീവ്ര സമരവുമായി മുന്നോട്ടുപോകുന്നത്

തിരുവനന്തപുരം | സര്‍ക്കാര്‍ പരിപാടികളോട് ഇനി മുതല്‍ സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദാര്‍ഷ്ട്യം വകവെച്ചു കൊടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.അവകാശം ഹനിക്കുമ്പോള്‍ നോക്കിയിരിക്കാന്‍ പറ്റില്ല. ഇങ്ങോട്ട് പറഞ്ഞാല്‍ തിരിച്ചുപറയും. എംഎല്‍എമാര്‍ക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
പ്രശ്‌ന പരിഹാരത്തിനല്ല സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. പുലര്‍ച്ചെ ഒന്നിന് ശേഷമാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്. ഭരണപക്ഷത്തിന്റെ ഔദാര്യം കൈപ്പറ്റുന്നവരല്ല പ്രതിപക്ഷം.
റൂള്‍ 50 പ്രതിപക്ഷത്തിന്റെ അവകാശമാണ്. അവകാശ സംരക്ഷണത്തിനു വേണ്ടിയാണ് പ്രതിപക്ഷം തീവ്ര സമരവുമായി മുന്നോട്ടുപോകുന്നത്. ഒരു അതിക്രമവും പ്രതിപക്ഷം കാണിച്ചിട്ടില്ല. ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ സിപിഎമ്മിന്റെ ഗുണ്ട പോലെയാണ് പെരുമാറിയത്.
എംഎല്‍എമാരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് നീതിലഭിക്കുക. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ഒരു സഭാ ടിവിക്കും മൂടിവെക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശബ്ദമെന്നും സതീശന്‍ പറഞ്ഞു.