Connect with us

National

നിലപാട് മാറ്റി ഡിഎംകെ; രാഹുൽ ഗാന്ധിയുടെ ഡൽഹി മാർച്ചിന് പിന്തുണ; നിർണ്ണായക വഴിത്തിരിവ്

ഉയർന്ന പദവിയിലിരിക്കുന്ന ഒരാൾ ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ തിരഞ്ഞെടുപ്പ് എങ്ങനെ നിഷ്പക്ഷമാകും എന്ന് ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവൻ

Published

|

Last Updated

ന്യൂഡൽഹി | തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും നടപടികൾക്കെതിരെ രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് ഡി എം കെ. വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ ഒഴിവാക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (Special Intensive Revision) അഥവാ എസ് ഐ ആർ (SIR) പ്രക്രിയ റദ്ദാക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്ക് പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

രാഹുൽ ഗാന്ധിയുടെ ഈ പ്രതിഷേധത്തെ വിമർശിച്ച് തൊട്ടുമുൻപത്തെ ദിവസം രംഗത്തെത്തിയ ഡി എം കെ, ഒരു ദിവസത്തിന് ശേഷമാണ് നിലപാടിൽ മാറ്റം വരുത്തി പിന്തുണയുമായി രംഗത്തെത്തിയത്. ഉയർന്ന പദവിയിലിരിക്കുന്ന ഒരാൾ ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ തിരഞ്ഞെടുപ്പ് എങ്ങനെ നിഷ്പക്ഷമാകും എന്ന് ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവൻ ചോദിച്ചു. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും സർക്കാറിന്റെ തെറ്റായ നടപടികൾക്കെതിരെ പോരാടാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും അതിനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി പ്രതിഷേധിക്കുന്നത് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും ഇളങ്കോവൻ കൂട്ടിച്ചേർത്തു.

നേരത്തെ തമിഴ്നാട്ടിലെ വോട്ടർ പട്ടികയിലെ പേരുകൾ നീക്കം ചെയ്ത വിഷയത്തിൽ രാഹുൽ ഗാന്ധി പുലർത്തുന്ന മൗനത്തെ ഡി എം കെ വക്താവ് ശരവണൻ അണ്ണാദുരൈ ചോദ്യം ചെയ്തിരുന്നു. തമിഴ്നാട്ടിലെ വിവരങ്ങൾക്ക് പ്രാധാന്യം നൽകാതെ ഇരട്ടത്താപ്പ് നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെ ഡി എം കെ ഉന്നയിച്ച വിമർശനം. എന്നാൽ പുതിയ പ്രസ്താവനയിലൂടെ പാർട്ടി രാഹുൽ ഗാന്ധിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തമിഴ്നാട്ടിൽ ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയതായി ഡി എം കെ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് രൂപം നൽകാൻ ചേർന്ന ഇന്ത്യാ ബ്ലോക്ക് യോഗത്തിൽ ഡി എം കെ പങ്കെടുത്തിരുന്നില്ലെങ്കിലും വിഷയത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പതിറ്റാണ്ടുകൾ നീണ്ട ഡി എം കെ കോൺഗ്രസ് സഖ്യം അവസാനിക്കുകയും നടൻ വിജയിയുടെ ടി വി കെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇരു പാർട്ടികളും തമ്മിൽ ഭിന്നത രൂക്ഷമായത്.

Content Highlights

DMK reversed its stance to support Rahul Gandhi’s protest against Chief Election Commissioner Gyanesh Kumar. The party backed the opposition’s march against voter list deletions under the SIR process.

Latest