Connect with us

Ongoing News

എ ഐ ചാറ്റ് ബോട്ടുകൾ ഉപയോഗിച്ച് വ്യാജ ന്യൂസ് വെബ് സൈറ്റുകൾ നിർമിക്കുന്നതായി കണ്ടെത്തൽ

വെബ്സൈറ്റുകളിൽ ചിലത് ബ്രേക്കിംഗ് ന്യൂസുകൾ നൽകുന്നതാണ്. മറ്റു ചിലത് ബിസിനസ് സംബന്ധമായ പോസ്റ്റുകളും ജീവിത രീതികളുമായി ബന്ധപ്പെട്ട പോസ്റ്റുകളും സെലിബ്രിറ്റി സ്റ്റോറികളുമാണ് പോസ്റ്റ് ചെയ്യുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾ ഉപയോഗിച്ച് വ്യാജ ന്യൂസ് സൈറ്റുകൾ നിർമിക്കപ്പെട്ടതായി പ്രമുഖ ന്യൂസ് റേറ്റിംഗ് ഏജൻസിയായ ന്യൂസ് ഗാർഡ് റിപ്പോർട്ട് ചെയ്തു. 49 ഓളം വെബ്സൈറ്റുകൾ ആണ് ഇത്തരത്തിൽ നിർമിച്ചതായി നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടെക്നോളജി എങ്ങനെ വ്യാജമായി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച ആശങ്കകൾ കൂടുതൽ ശക്തമായി.

വെബ്സൈറ്റുകളിൽ ചിലത് ബ്രേക്കിംഗ് ന്യൂസുകൾ നൽകുന്നതാണ്. മറ്റു ചിലത് ബിസിനസ് സംബന്ധമായ പോസ്റ്റുകളും ജീവിത രീതികളുമായി ബന്ധപ്പെട്ട പോസ്റ്റുകളും സെലിബ്രിറ്റി സ്റ്റോറികളുമാണ് പോസ്റ്റ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള സൈറ്റുകളുടെ ഉടമസ്ഥർ ആരും തന്നെ തങ്ങൾ ചാറ്റ് ബോട്ടുകളാണ് ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

നിരവധി എ ഐ വെബ്സൈറ്റുകളുടെ വിവരങ്ങളാണ് ന്യൂസ് ഗാർഡ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ മാസം തന്നെ celebritiesDeath.com എന്ന വെബ് സൈറ്റ് “ബൈഡൻ മരിച്ചു , ഹാരിസ് ആക്ടിങ് പ്രസിഡണ്ട് ആയി തുടരും, 9 മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യും ” എന്ന രീതിയിൽ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതുപോലെ മറ്റൊരു സൈറ്റായ TNewsNetwork ആയിരക്കണക്കിന് പട്ടാളക്കാർ റഷ്യ-ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ഒരു യുട്യൂബ് വീഡിയോ വിവരങ്ങൾ അടിസ്ഥാനമാക്കി പബ്ലിഷ് ചെയ്തിരുന്നു.

നിലവാരമില്ലാത്ത ഇത്തരത്തിലുള്ള വെബ് സൈറ്റുകൾ നിയന്ത്രിക്കുന്നത് ആരാണെന്ന് വ്യക്തമാകാറില്ല. കേവലം പരസ്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം സൈറ്റുകൾ പ്രവർത്തിക്കുന്നതെന്നും ഇംഗ്ലീഷ്, പോർചുഗീസ്, തായ് തുടങ്ങിയ ഭാഷകളിലായിട്ടാണ് ഇത്തരം സൈറ്റുകൾ വ്യാപിച്ചു കിടക്കുന്നതെന്നും ന്യൂസ് ഗാർഡ് റിപ്പോർട്ട് ചെയ്തു.

ഇത്തരം സൈറ്റുകളിൽ പകുതിയും പ്രോഗ്രാമാറ്റിക് പരസ്യങ്ങൾ കൊണ്ടാണ് പണം സമ്പാദിക്കുന്നത്. ഇതിലൂടെ ആദ്യം തന്നെ സൈറ്റുകളിൽ പരസ്യം വരാനുള്ള സ്ഥലങ്ങൾ വിൽക്കാം.ചില മാത്തമാറ്റിക് കാൽകുലേഷൻസ് ഉപയോഗിച്ചാണ് ആദ്യമേ ഇത്തരത്തിൽ ചെയ്തു വെക്കുന്നത്.അതിനാൽ തന്നെ ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ഗൂഗിളിനെ ആയിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Latest