PLUS ONE SEAT
ഉപരിപഠന അവസരനിഷേധം എസ് എസ് എഫ് തെരുവ് പഠനം ഇന്ന്
വിജയിച്ച മുഴുവന്‍ വിദ്യര്‍ത്ഥികള്‍ക്കും തുടര്‍പഠനാവസരം ഭരണകൂടം ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് തെരുവുപഠനം നടക്കുന്നത്

എടരിക്കോട് | എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടിയ മലപ്പുറം ജില്ലയില്‍ ഉപരിപഠന അവസര നിഷേധത്തിനെതിരായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലയിലെ 11 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഇന്ന് തെരുവുപഠനം നടത്തും.
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് വന്നിട്ടും മികച്ച മാര്‍ക്കോടെ തുടര്‍ പഠനത്തിന് അര്‍ഹത നേടിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമില്ലാതെ ലിസ്റ്റിന്റെ പുറത്ത് നില്‍ക്കുകയാണ്. ഇനി ഇവര്‍ ഫീസ് നല്‍കി പഠിക്കണം. ഈ സാഹചര്യത്തിലാണ് ‘പൊതു വിദ്യാഭ്യാസം; വിദ്യാര്‍ഥികളുടെ അവകാശം’ എന്ന തലക്കെട്ടില്‍ പ്രതിഷേധ പഠനം തെരുവില്‍ നടക്കുന്നത്.
അവസാന വരിയിലെ അവസാനത്തെ കുട്ടിക്കും അവസരം ഉറപ്പ് വരുത്തുമ്പോഴാണ് വിദ്യഭ്യാസം നീതിയില്‍ പുലരുക. വിജയിച്ച മുഴുവന്‍ വിദ്യര്‍ത്ഥികള്‍ക്കും തുടര്‍പഠനാവസരം ഭരണകൂടം ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് തെരുവുപഠനം നടക്കുന്നത്.
എടപ്പാള്‍, കോട്ടക്കല്‍, പരപ്പനങ്ങാടി, പൊന്നാനി, പുത്തനത്താണി, താനൂര്‍, തേഞ്ഞിപ്പലം, തിരൂര്‍, തിരൂരങ്ങാടി, വളാഞ്ചേരി, വേങ്ങര എന്നിവിടങ്ങളില്‍ കാലത്ത് പത്ത് മണിക്ക് പ്രതീകാത്മക തെരുവുപഠനവും പ്രഭാഷണവും നടക്കും വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ തെരുവ് പഠനം ഉദ്ഘാടനം ചെയ്യും.