demonetization
നോട്ട് നിരോധനവും സുപ്രീം കോടതി തീര്‍പ്പും
നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത രാജ്യത്തെ സാധാരണക്കാരെയും ഇടത്തരക്കാരെയും തീര്‍ത്തും നിരാശരാക്കുന്നതാണ് ഈ ഭൂരിപക്ഷ വിധി.
കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ സര്‍ക്കാറിന് പ്രയാസം സൃഷ്ടിക്കുന്ന വിധിപ്രസ്താവനകള്‍ സുപ്രീം കോടതിയില്‍ നിന്ന് അപൂര്‍വമാണ്, സമീപകാലത്ത് വിശേഷിച്ചും. നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികളിന്മേല് ഇന്നലെ നടത്തിയ വിധിപ്രസ്താവത്തിലും കോടതി ഈ പതിവ് തെറ്റിച്ചില്ല. നോട്ട് നിരോധനത്തെ ശരിവെക്കുകയായിരുന്നു ഭരണഘടനാ ബഞ്ച്. അഞ്ചംഗ ബഞ്ചിലെ നാല് പേരും നോട്ട് നിരോധനത്തെ പൂര്‍ണമായും അനുകൂലിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുന്നസീര്‍, ബി ആര് ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗരത്ന എന്നിവരടങ്ങിയ ബഞ്ചില്‍ ജസ്റ്റിസ് നാഗരത്ന മാത്രമാണ് നോട്ട് നിരോധനത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്.
നോട്ട് നിരോധനത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാകില്ലെന്നാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നത്. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത.് നോട്ട് നിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്നും ഇതുവഴി സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.
നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത രാജ്യത്തെ സാധാരണക്കാരെയും ഇടത്തരക്കാരെയും തീര്‍ത്തും നിരാശരാക്കുന്നതാണ് ഈ ഭൂരിപക്ഷ വിധി. വ്യാജ കറന്‍സികള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമെന്ന അവകാശവാദത്തോടെയാണ് 2016 നവംബര്‍ എട്ടിന് രാത്രി 500ന്റെയും 1,000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമുണ്ടായത്. അപ്രതീക്ഷിതമായി ജനങ്ങള്‍ക്ക് കിട്ടിയ അടിയായിരുന്നു ഈ പ്രഖ്യാപനം. എ ടി എമ്മുകളിലും ബേങ്കുകളിലും വരിനിന്ന് ജനങ്ങളുടെ നടുവൊടിഞ്ഞതും, നിരവധി ചെറുകിട വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നതും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടമായതുമല്ലാതെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നോട്ട് നിരോധനം കൊണ്ട് നേടിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. തീര്‍ത്തും പരാജയമായിരുന്നു ഈ നടപടിയെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്നും ആദ്യഘട്ടത്തില്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചവര്‍ തന്നെ പിന്നീട് തിരുത്തിപ്പറയുകയുണ്ടായി.
ആവശ്യമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് നോട്ട് നിരോധിച്ചതെന്ന വിധിപ്രസ്താവത്തിലെ പരാമര്‍ശം ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്. നോട്ട് നിരോധന പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് വരെയുള്ള യോഗങ്ങളില്‍ ആര് ബി ഐ ഉദ്യോഗസ്ഥര്‍ അതിന്റെ വിജയ സാധ്യതയില്‍ സന്ദേഹം പ്രകടിപ്പിച്ചിരുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേട്ടങ്ങളേക്കാള്‍ കൂടുതലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക വിദഗ്ധര്‍ ബദല്‍ മാര്‍ഗങ്ങള്‍ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് നിരാകരിക്കുകയായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന് തന്റെ “ഐ ഡു വാട്ട് ഐ ഡു’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസ് നാഗരത്ന തന്റെ വിധിപ്രസ്താവത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന “കേന്ദ്ര സര്‍ക്കാറിന്റെ താത്പര്യ പ്രകാരം’ എന്ന വാചകങ്ങള്‍, റിസര്‍വ് ബേങ്കിന്റെ സ്വതന്ത്രമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നതിനു തെളിവായി ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടുന്നു. ആര് ബി ഐ ചട്ടങ്ങളിലെ അനുഛേദം 26(2)ല്‍ നോട്ട് നിരോധനത്തിന് റിസര്‍വ് ബേങ്കിനും ശിപാര്‍ശ നല്‍കാമെന്ന് പറയുന്നുണ്ടെങ്കിലും അതുപക്ഷേ ഏതാനും ചില സീരീസുകളിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനു മാത്രമാണ്. ഒരു പ്രത്യേക തുകയുടെ എല്ലാ സീരീസും പിന്‍വലിക്കുന്നതിന് ശിപാര്‍ശ നല്കാന് ആര് ബി ഐക്കും അധികാരമില്ലെന്നും, പാര്‍ലിമെന്റില്‍ നിയമ നിര്‍മാണത്തിലൂടെയാണ് അത് നടപ്പാക്കേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമെന്നാണ് നോട്ട് നിരോധന നടപടിയെ ജസ്റ്റിസ് നാഗരത്ന വിശേഷിപ്പിച്ചത്. പാര്‍ലിമെന്റിനെ ഒഴിച്ചുനിര്‍ത്തിയുള്ള നടപടി ആശാസ്യമല്ല. നിയമവിധേയമല്ലാത്ത ഒരു അധികാര പ്രയോഗമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയതെന്ന് ജസ്റ്റിസ് നാഗരത്ന കുറ്റപ്പെടുത്തി. ഭരണഘടനാ ബഞ്ചിലെ ഭൂരിപക്ഷാംഗങ്ങളുടെ നിരീക്ഷണങ്ങളെയും വാദങ്ങളെയും പൊളിച്ചടുക്കുന്നതാണ് ജസ്റ്റിസ് നാഗരത്നയുടെ വിധിപ്രസ്താവം.
രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച പഴയ നാടോടിക്കഥയിലെ ബാലനെയാണ് ജസ്റ്റിസ് നാഗരത്നയുടെ വിധിപ്രസ്താവം ഓര്‍മിപ്പിക്കുന്നത്. മറ്റു നാല് ജഡ്ജിമാരും രാജ്യത്തിനും ജനങ്ങള്‍ക്കും കൊടിയ ദുരിതം വിതച്ച നോട്ട് നിരോധനത്തെ കണ്ണടച്ച് അനുകൂലിച്ചപ്പോള്‍, വഴിവിട്ട അധികാര പ്രയോഗമാണ് സര്‍ക്കാര്‍ പ്രയോഗിച്ചതെന്ന് തുറന്നു പറയാന്‍ ജസ്റ്റിസ് നാഗരത്ന സന്നദ്ധമായി. 2020 ഫെബ്രുവരി പത്തിന് ഡല്‍ഹിയില്‍ നടന്ന ലക്ഷ്മി ചന്ദ് ജയിന് അനുസ്മരണ ചടങ്ങില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ നടത്തിയ പ്രഭാഷണം ഓര്‍മയിലെത്തുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ് . “ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികള്‍ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്നു. മാധ്യമങ്ങളെയും സ്വകാര്യ മേഖലയെയും നിശ്ശബ്ദമാക്കുന്നു. എന്നിട്ട് നിയമങ്ങള്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പുതുക്കിയെഴുതുന്നു’ എന്നാണ് ഷാ പറഞ്ഞത്. “ഭരണകൂടങ്ങള്‍ വഴി തെറ്റുമ്പോള്‍ തിരുത്തേണ്ട കടമയും ബാധ്യതകളുമുള്ള കോടതികള്‍ വഴി തെറ്റുകയാണെന്നതാണ് തന്നെ ഏറ്റവുമധികം അലട്ടുന്നതെ’ന്നും ജസ്റ്റിസ് ഷാ കൂട്ടിച്ചേര്‍ത്തു.






