Connect with us

demonetization

നോട്ട് നിരോധനവും കേന്ദ്രത്തിന്റെ സത്യവാങ്മൂലവും

നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും റിസവര്‍വ് ബേങ്കിനോടും ആവശ്യപ്പെട്ടിരുന്നു. ഇതടിസ്ഥാനത്തില്‍ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നോട്ട് നിരോധനത്തെ സര്‍ക്കാര്‍ ന്യായീകരിച്ചത്.

Published

|

Last Updated

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും നോട്ട് നിരോധനത്തിന്റെ ദുരിതം രാജ്യത്ത് തുടരവെ, അതിനെ ശക്തമായി ന്യായീകരിച്ചിരിക്കുകയാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും റിസവര്‍വ് ബേങ്കിനോടും ആവശ്യപ്പെട്ടിരുന്നു. ഇതടിസ്ഥാനത്തില്‍ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നോട്ട് നിരോധനത്തെ സര്‍ക്കാര്‍ ന്യായീകരിച്ചത്. കള്ളപ്പണം ഇല്ലാതാക്കാനും നികുതി വെട്ടിപ്പ് തടയാനുമുള്ള നടപടിയുടെയും കറന്‍സികള്‍ കുറച്ച് ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കാനുള്ള നടപടിയുടെയും ഭാഗമായാണ് നോട്ട് നിരോധനമെന്ന് അവകാശപ്പെട്ട സര്‍ക്കാര്‍, റിസര്‍വ് ബേങ്കിന്റെ ശിപാര്‍ശ പ്രകാരമാണ് ഇത് നടപ്പാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍ ഈ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് നേരത്തേ പുറത്തുവന്ന ചില വിവരാവകാശ രേഖകളും റിപോര്‍ട്ടുകളും. നോട്ട് നിരോധനത്തിന് റിസര്‍വ് ബേങ്കില്‍ നിന്ന് അനുകൂലമായ നിലപാട് ലഭിച്ചിരുന്നില്ലെന്നാണ് ആര്‍ ടി ഐ ആക്ടിവിസ്റ്റ് വെങ്കിടേശ് നായക് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് 2019 സെപ്തംബറില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച മറുപടികള്‍ വ്യക്തമാക്കുന്നത്. നോട്ട് നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാമെങ്കിലും അതിന്റെ ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും, കള്ളപ്പണത്തില്‍ ഭൂരിപക്ഷവും സ്വര്‍ണമായോ, റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ രൂപത്തിലോ ആയതിനാല്‍ അത്തരം സമ്പത്തില്‍ നോട്ട് നിരോധനത്തിന് യാതൊരു പ്രതിഫലനവും സൃഷ്ടിക്കാനാകില്ലെന്നും വ്യക്തമാക്കുന്ന ആര്‍ ബി ഐ യോഗത്തിന്റെ മിനുട്‌സ് രേഖയും പുറത്തു വന്നിട്ടുണ്ട്. 500ന്റെയും 1,000ത്തിന്റെയും നോട്ട് നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടക്കുന്നതിന്റെ രണ്ടര മണിക്കൂര്‍ മുമ്പ് ചേര്‍ന്ന ആര്‍ ബി ഐ യോഗത്തിന്റേതാണ് ഈ മിനുട്‌സ്.

കള്ളപ്പണം കുറയണമെങ്കില്‍ ജനങ്ങള്‍ കൈവശം വെക്കുന്ന കറന്‍സിയുടെ അളവ് കുറക്കണം. ഇതടിസ്ഥാനത്തിലാണ് നോട്ട് നിരോധനം നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാറിന്റെ ന്യായീകരണം. എന്നാല്‍ നോട്ട് നിരോധനാനന്തരമുള്ള ആറ് വര്‍ഷക്കാലയളവില്‍ പൂര്‍വോപരി കറന്‍സിയുടെ ഉപയോഗം വര്‍ധിക്കുകയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 നവംബര്‍ നാലിന് 17.7 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പ്രചാരത്തിലുണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ 21ലെ ആര്‍ ബി ഐ കണക്കു പ്രകാരം പൊതുജനങ്ങളുടെ കൈവശമുള്ള കറന്‍സിയുടെ മൂല്യം 30.88 ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുകയാണ്. 71.84 ശതമാനമാണ് ആറ് വര്‍ഷക്കാലയളവിലെ കറന്‍സി വിനിയോഗത്തിലെ വര്‍ധന. പണമിടപാടിനായി സൗകര്യപ്രദമായ ഡിജിറ്റല്‍ ബദലുകള്‍ പ്രചാരത്തിലുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയില്‍ കറന്‍സിയുടെ ഉപയോഗം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബേങ്ക് അറിയിച്ചതോടെ തന്നെ കള്ളപ്പണം തടയുകയെന്ന ലക്ഷ്യം നിഷ്ഫലമായെന്ന് വ്യക്തമായതാണ്.

കള്ളനോട്ടുകള്‍ തടയലായിരുന്നു നോട്ട് നിരോധനത്തിന്റെ മറ്റൊരു ലക്ഷ്യമായി പറഞ്ഞിരുന്നത്. എന്നാല്‍ നിരോധനത്തിനു ശേഷം കള്ളനോട്ടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്നാണ് ആര്‍ ബി ഐ വെളിപ്പെടുത്തല്‍. 500 രൂപയുടെ കള്ളനോട്ടുകളില്‍ 101.93 ശതമാനവും 2,000 രൂപയുടെ കള്ളനോട്ടുകളില്‍ 54 ശതമാനത്തിലധികവും വര്‍ധനവ് ഉണ്ടായെന്ന് ആര്‍ ബി ഐയുടെ 2021-22 വര്‍ഷത്തെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു. 2021നെ അപേക്ഷിച്ച് 2022ല്‍ 10.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

നോട്ട് നിരോധന പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയ ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നേടാനായില്ലെന്നു മാത്രമല്ല സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ നിരോധനം കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. നോട്ട് നിരോധനം രണ്ട് വര്‍ഷം കൊണ്ട് ഏകദേശം അമ്പത് ലക്ഷം പേരുടെ തൊഴില്‍ നഷ്ടമാക്കിയെന്നാണ് അസീം പ്രേംജി സര്‍വകലാശാല നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ഇക്കാലയളവില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരിലെ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചതായും 45 വര്‍ഷത്തിനിടയില്‍ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന ശതമാനം രേഖപ്പെടുത്തിയത് 2017-18 കാലയളവിലാണെന്നും 2019 ഒക്‌ടോബറില്‍ പുറത്തിറക്കിയ സര്‍വേ റിപോര്‍ട്ട് വ്യക്തമാക്കുന്നു. വളര്‍ച്ചാ നിരക്ക് കുറഞ്ഞുകൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഇത് കൂടുതല്‍ അസ്ഥിരപ്പെടുത്തിയെന്നതാണ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ പ്രതിഫലനം. തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ഇടത്തരക്കാര്‍ തുടങ്ങിയവരെ കൂടാതെ ചെറുകിട ഇടത്തരം സംരംഭകരെയും ഇത് ദുരിതത്തിലാക്കി. നോട്ട് നിരോധനത്തിന് ശേഷമുള്ള ഓരോ പാദത്തിലും സമ്പദ് വ്യവസ്ഥയിലുള്ള വളര്‍ച്ചാ നിരക്ക് കുറഞ്ഞു വരികയാണെന്നത് ശ്രദ്ധേയമാണ്. എന്നിട്ടും വീണിടത്തു കിടന്നുരുണ്ട് തങ്ങളുടെ പരാജയം മറച്ചു വെക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ബോധ്യപ്പെടുത്തുന്നത്.

നിരോധനം ആനമണ്ടത്തരമായിരുന്നുവെന്ന് മാത്രമല്ല, മോദി സര്‍ക്കാറിന്റെ ഈ നടപടിയുടെ നിയമസാധുത തന്നെ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. നോട്ട് നിരോധനം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അമ്പത് ഹരജികളുണ്ട്. ആര്‍ ബി ഐ ചട്ടത്തിലെ വകുപ്പ് 26 പ്രകാരം നോട്ടുകള്‍ നിരോധിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നാണ് ഹരജിക്കാരുടെ വാദം. കോടതി ഈ ഹരജികള്‍ പരിഗണനക്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍, ജുഡീഷ്യറിക്ക് ഇതിന് അധികാരമില്ലെന്ന മട്ടില്‍ സുപ്രീം കോടതി ലക്ഷ്മണ രേഖ ലംഘിക്കുകയാണെന്ന് കേന്ദ്ര നിയമ മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ച ജുഡീഷ്യല്‍ പരിശോധനകളില്‍ കോടതിയുടെ ലക്ഷ്മണ രേഖ എത്രത്തോളമാണെന്ന് തങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെന്ന് കോടതി ബഞ്ച് ഇതിന് മറുപടിയും നല്‍കി. ജസ്റ്റിസ് എസ് അബ്്ദുന്ന സീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് കൈകാര്യം ചെയ്യുന്നത്. കോടതി തീര്‍പ്പ് എന്തായാലും ജനങ്ങളും രാജ്യവും ഇതേചൊല്ലിയുള്ള ദുരിതങ്ങളെല്ലാം ഇതിനകം അനുഭവിച്ചു കഴിഞ്ഞു.

---- facebook comment plugin here -----

Latest