National
വായുമലിനീകരണം; ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക്
ഡിസംബര്‍ 10 മുതല്‍ ജനുവരി 20 വരെയാണ് വിലക്ക്
ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക്. 42 ദിവസത്തേക്കാണ് വിലക്ക്. ഡിസംബര്‍ 10 മുതല്‍ ജനുവരി 20 വരെയാണ് വിലക്കേര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി. വിലക്ക് ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. 500 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള നിര്‍മാണ സ്ഥലങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഡസ്റ്റ് പോര്‍ട്ടലും എ.ഐ കാമറകളും ഉപയോഗിച്ച് നിരീക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ശൈത്യകാലത്ത് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നിലവിലുണ്ടായിരുന്നു. എന്നിട്ടും ചില സ്ഥലങ്ങളില്‍ മറച്ചുവെച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതായി രേഖ ഗുപ്ത പറഞ്ഞു. ഇത്തവണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കുകയും മുന്നറിയിപ്പും പിഴയും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏകദേശം 418 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ വിസ്തീര്‍ണമുള്ള നിര്‍മാണ സ്ഥലങ്ങളാണ് ഡസ്റ്റ് പോര്‍ട്ടല്‍ വഴി നിരീക്ഷിക്കുന്നത്. മലിനീകരണ തോതിന്റെ അടിസ്ഥാനത്തില്‍ മഞ്ഞ, ഓറഞ്ച്, ചുവപ്പ് അലര്‍ട്ടുകള്‍ സൃഷ്ടിക്കാനും നിയമലംഘനം കണ്ടെത്തിയാല്‍ ഡിജിറ്റലായി നോട്ടീസ് നല്‍കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും പോര്‍ട്ടലിന് കഴിയും. ജില്ല തിരിച്ചുള്ള നിരീക്ഷണം, മലിനീകരണ പ്രവണതകള്‍, ഹോട്ട്സ്പോട്ട് വിശകലനം എന്നിവയ്ക്കുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.
Content Highlights:
Delhi government has imposed a 42-day total ban on construction from December 10 to January 20 to fight winter air pollution. CM Rekha Gupta stated that AI cameras and a Dust Portal will monitor sites over 500 sqm. Violators will face strict digital notices and heavy penalties based on alerts.



