Kerala
ഐഐടി വിദ്യാര്‍ഥിനി ഫാത്വിമ ലത്വീഫിന്റെ മരണം; സിബിഐ പിതാവിന്റെ മൊഴിയെടുത്തു
ഇത് രണ്ടാം തവണയാണ് ലത്വീഫിനെ സിബിഐ മൊഴിയെടുക്കാനായി വിളിപ്പിക്കുന്നത്.
ചെന്നൈ | ചെന്നൈ ഐ ഐ ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്വിമ ലത്വീഫിന്റെ പിതാവ് ലത്വീഫ് ഇന്ന് സി ബി ഐ മുമ്പാകെ മൊഴി നല്‍കി. രാവിലെ 10.30ന് ചെന്നൈയിലെ ഓഫീസിലാരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചക്ക് രണ്ടര മണിയോടെയാണ് അവസാനിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം മൊഴിയായി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും ഇനി സിബിഐ ആണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്നും മൊഴിയെടുക്കലിന് ശേഷം പിതാവ് ലത്വീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവരുടെ അഭിഭാഷകനോടും അന്വേഷണ സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത് രണ്ടാം തവണയാണ് ലത്വീഫിനെ സിബിഐ മൊഴിയെടുക്കാനായി വിളിപ്പിക്കുന്നത്.
തിമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ഫാത്വിമയുടെ പിതാവ് കാണും. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്വിമ നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്.


