Connect with us

Ongoing News

ഐ ഐ ടി വിദ്യാര്‍ഥി ഫാത്വിമയുടെ മരണം; മാനസിക സമ്മര്‍ദത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് സി ബി ഐ

Published

|

Last Updated

ചെന്നൈ | മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിയും കൊല്ലം സ്വദേശിയുമായ ഫാത്വിമ ലത്വീഫിന്റെത് മാനസിക സമ്മര്‍ദത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സി ബി ഐ. മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണകളോ ഇല്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഫാത്വിമയുടെ പിതാവ് ലത്വീഫിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

പഠനത്തിനായി വീട് വിട്ടു നിന്നതിന്റെ മനോവിഷമത്തിലാണ് ഫാത്വിമ ആത്മഹത്യ ചെയ്തതെന്നാണ് സി ബി ഐയുടെ നിഗമനം. അന്വേഷണത്തില്‍ ആരേയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല. അന്തിമ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഫാത്തിമ ലത്വീഫിന്റെ കുടുംബം മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

സി ബി ഐയുടെ അന്വേഷണത്തില്‍ സത്യം പുറത്തുവന്നില്ലെന്ന് ഫാത്വിമയുടെ പിതാവ് ലത്വീഫ് പറഞ്ഞു. പല പ്രധാന തെളിവുകളും മൊഴികളും സി ബി ഐ അന്വേഷണത്തില്‍ പരിഗണിച്ചില്ല. മകള്‍ക്ക് നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവുമാണ് ഫാത്വിമയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍, ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്നാണ് സി ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest