Connect with us

ആത്മീയം

ആത്മരോദനത്തിന്റെ പകലിരവുകള്‍

കരഞ്ഞു കണ്ണീർവാർത്ത് മനസ്സ് ശുദ്ധീകരിക്കുന്നവന് പാരത്രിക ലോകത്ത് ലഭിക്കുന്ന ആനന്ദം അനിര്‍വചനീയമാണ്.

Published

|

Last Updated

വിശുദ്ധ റമസാനിലെ രണ്ടാമത്തെ പത്തായ പാപമോചനത്തിന്റെ ദിനരാത്രങ്ങൾ വിടവാങ്ങുകയാണ്. നരകമോചനത്തിനുള്ള സുവർണാവസരങ്ങളാണ് ശിഷ്ടഭാഗത്തുള്ളത്. ഒടുവിലെ ദിവസങ്ങളിലെ ആരാധനകള്‍ക്ക് മറ്റു ദിവസങ്ങളിലെ ആരാധനകളെക്കാള്‍ മാറ്റുകൂടുമെന്ന് ധാരാളം ഹദീസുകളിലുണ്ട്. കാരണം, ആയിരം മാസങ്ങളേക്കാള്‍ മഹത്വമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച വിധിനിർണയത്തിന്റെ (ലൈലതുല്‍ഖദ്‌ർ) രാവ് അവസാനത്തിലാണുള്ളത്. തിരുനബി(സ) അവസാനത്തെ പത്ത് ദിനങ്ങൾ പ്രത്യേകം ഗൗനിച്ചിരുന്നു. ആഇശാ ബീവി(റ) നിവേദനം. “റമസാനിലെ അവസാനത്തെ പത്ത് ആഗതമായാൽ തിരുനബി(സ) അരയുടുപ്പ് മുറുക്കിയുടുത്ത്, കുടുംബത്തെ വിളിച്ചുണർത്തി രാവിനെ സജീവമാക്കുമായിരുന്നു.’ (ബുഖാരി). അവിടുന്ന് അവസാന പത്തില്‍ ഇഅ്തികാഫ്, ദാനധര്‍മങ്ങള്‍ തുടങ്ങിയവ വര്‍ധിപ്പിക്കാറുണ്ടായിരുന്നെന്നും ഹദീസുകളില്‍ കാണാം.
തെറ്റുകൾ മനുഷ്യ സഹജമാണ്, സാഹചര്യങ്ങളിലൂടെ സംഭവിച്ചുപോകുന്നതാണ്. എന്നാൽ, അവയെല്ലാം പൊറുക്കപ്പെടാൻ വേണ്ടി പ്രപഞ്ചനാഥനോട് മാപ്പിരക്കണം. ആത്മഗതത്തിലൂടെ ഇന്നലെകളിലെ വിഴ്ചകളെ ഓര്‍ത്തെടുത്ത് കാരുണ്യവാനായ രക്ഷിതാവിനോടേറ്റുപറഞ്ഞ്, പാപമോചനം നടത്തി നരകമോചനം സാധ്യമാക്കേണ്ട സമയമാണ് റമസാനിലെ ഒടുവിലത്തെ പത്ത് ദിനങ്ങൾ.

കരഞ്ഞു കണ്ണീർവാർത്ത് മനസ്സ് ശുദ്ധീകരിക്കുന്നവന് പാരത്രിക ലോകത്ത് ലഭിക്കുന്ന ആനന്ദം അനിര്‍വചനീയമാണ്.

ദിനേന അനേകായിരം തെറ്റുകുറ്റങ്ങൾ ചെയ്തു പാപപങ്കിലമായ ഹൃദയത്തെ കഴുകി വൃത്തിയാക്കാനുള്ള ഏറ്റവും മുന്തിയ മരുന്ന് ഉടയതമ്പുരാനെ ഓര്‍ത്ത് കരഞ്ഞ് കണ്ണീരൊലിപ്പിച്ചുള്ള പ്രാർഥനയാണ്. ഗതകാലത്തെ ദുഷ്‌ചെയ്തികളെ ഓർത്തെടുത്ത്, തന്റെ സദ്പ്രവൃത്തികള്‍ സ്വീകരിക്കപ്പെടുമോ എന്ന വ്യഥയില്‍ സങ്കടപ്പെട്ട് സ്രഷ്ടാവിനു മുമ്പിൽ മനസ്സ് തുറക്കുമ്പോൾ അവന്റെ തിരുനോട്ടം ലഭിക്കുകതന്നെചെയ്യും. അങ്ങനെ കരഞ്ഞു കണ്ണീർപ്പുഴ ഒഴുക്കിയ അനേകം നിർമല മനസ്സുകളെ ചരിത്രത്തിലും വര്‍ത്തമാനത്തിലും നമുക്ക് കാണാനാകും.
അല്ലാഹുവിനെ കൂടുതല്‍ അറിയുന്നവർക്കാണ് കൂടുതല്‍ ഭക്തരാകാന്‍ കഴിയുക. ഭക്തിയുള്ളവർ കൊച്ചുകുട്ടികളെപ്പോലെ പൊട്ടിക്കരയും.

തിരുനബി(സ)യാണല്ലോ അല്ലാഹുവിനെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത്. അവിടുന്ന് പറഞ്ഞു: “നിങ്ങളില്‍ ഏറെ അല്ലാഹുവിനെ അറിയുന്നവനും ഭക്തിയുള്ളവനും ഞാനാണ്.’ അല്ലാഹുവിനെ ഭയന്നതിന്റെയും ഭക്തിയുടെയും ഭാഗമായി അവിടുന്ന് വല്ലാതെ കരഞ്ഞിരുന്നു. അബ്ദുല്ലാഹിബ്നു ശ്ശിഹീർ(റ) നിവേദനം. “നബി(സ) നിസ്കരിച്ചു കൊണ്ടിരിക്കെ ഞാന്‍ അവിടുത്തെ സമീപിച്ചു. അപ്പോള്‍ കരച്ചില്‍ കാരണം അവിടുത്തെ അന്തർഭാഗത്ത്‌ നിന്നും തിളയ്ക്കുന്ന വെള്ളം കണക്കെ ഒരു തേങ്ങല്‍ ഉണ്ടായിരുന്നു.’ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. “എനിക്ക് ഖുർആൻ പാരായണം ചെയ്തുതരൂ എന്ന് റസൂല്‍(സ) ഒരിക്കല്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു: റസൂലേ, അങ്ങേക്കല്ലേ ഖുർആൻ അവതരിച്ചത്. എന്നിട്ട് ഞാന്‍ താങ്കളെ ഓതിക്കേൾപ്പിക്കുകയോ? അവിടുന്ന് പറഞ്ഞു: മറ്റൊരാള്‍ ഓതിത്തരുന്നത്‌ കേൾക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അങ്ങനെ ഞാന്‍ അന്നിസാഅ് എന്ന അധ്യായത്തിലെ ഒരു സൂക്തമോതിയപ്പോള്‍ അവിടുത്തെ ഇരു നയനങ്ങളില്‍ നിന്നും കണ്ണീര്‍ ചാലിട്ടൊഴുകുന്നതായി ഞാന്‍ കണ്ടു.” (ബുഖാരി).

ആഇശ ബീവി(റ) തന്റെ പിതാവായ സിദ്ധീഖ്(റ)നെ പരിചയപ്പെടുത്തിയതിങ്ങനെ: ഉപ്പ വല്ലാതെ കരയാറുണ്ടായിരുന്നു. ഖുര്‍ആനോതാന്‍ തുടങ്ങിയാല്‍ കണ്ണീര്‍ വല്ലാതെ വരും. ഉമര്‍(റ)വിന്റെ കവിളിൽ കണ്ണീരൊഴുകിയതിനാൽ രണ്ട് കറുത്ത വരയുണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഉസ്മാൻ(റ)വും അലി(റ)വും. സുഫ്‌യാനുസ്സൗരി(റ) പറഞ്ഞു: “ജീവിതത്തില്‍ ഒരിക്കല്‍ അല്ലാഹുവിനെ ഓര്‍ത്ത് കരഞ്ഞാല്‍ അവന് അതുതന്നെ മതിയാകുന്നതാണ്.

ആ കണ്ണുനീര്‍ നിമിത്തം അയാള്‍ക്ക് മഹ്ശറയില്‍ അര്‍ശിന്റെ തണല്‍ ലഭിക്കും. അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴ് വിഭാഗത്തില്‍ ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓര്‍ത്ത് കണ്ണുനീരൊഴുക്കിയ വ്യക്തിയുമുണ്ട്. ഇമാം തിര്‍മിദി(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. റസൂല്‍(സ) പറഞ്ഞു: “പാല്‍ അകിടിലേക്ക് തിരിച്ചു കയറുന്നതുവരെ അല്ലാഹുവിനെ ഭയന്ന് കരഞ്ഞ വ്യക്തിയെ നരകം സ്പര്‍ശിക്കില്ല.’ മറ്റൊരിക്കല്‍ അവിടുന്ന് ഇങ്ങനെ പറഞ്ഞു: “അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു തുള്ളികളുണ്ട്. ഒന്ന്, അല്ലാഹുവിനെ ഭയന്നൊഴുകിയ കണ്ണീര്‍തുള്ളി. മറ്റൊന്ന്, അല്ലാഹുവിന്റെ മാര്‍ഗത്തിലൊഴുക്കിയ രക്തത്തുള്ളി’ (തിര്‍മിദി).

ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ) പറഞ്ഞു: “രണ്ടു കണ്ണുകള്‍ നരകം സ്പര്‍ശിക്കുകയില്ല. അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണും അല്ലാഹുവിന്റെ വഴിയില്‍ കാവലിരുന്ന് രാപാര്‍ത്ത കണ്ണും.’ (തുര്‍മുദി)

അല്ലാഹുവിനെ ഓര്‍ത്ത് കരയുക എന്നത് ആരാധനയാണ്. അത് വിജയമാർഗവും നരകമോചനത്തിനുള്ള താക്കോലുമാണ്. ഉഖ്ബത്തുബ്നു ആമിര്‍(റ) റസൂല്‍(സ)യോട് വിജയത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു. “നീ നിന്റെ നാവിനെ പിടിച്ചു നിർത്തുകയും പാപങ്ങളെ കുറിച്ചോര്‍ത്ത് കരയലുമാണ്’ (സ്വഹീഹുതർഗീബ്). റമസാനിലെ സുവർണാവസരങ്ങൾ ബുദ്ധിയുള്ളവർ നഷ്ടപ്പെടുത്തില്ല. “ഈത്തപ്പഴത്തിന്റെ ഒരു ചീള് ദാനം ചെയ്തെങ്കിലും നരകമോചനം സാധ്യമാക്കൂ’ (ബുഖാരി) എന്ന തിരുവചനത്തിന്റെ പ്രസക്തി ശ്രദ്ധേയമാണ്.

Latest