Educational News
ഡയറി സയൻസ്
ഉപഭോക്താക്കൾക്ക് സുരക്ഷിതവും പോഷക സമൃദ്ധവും ഉയർന്ന നിലവാരമുള്ളതുമായ പാലുത്പന്നങ്ങൾ ഉറപ്പാക്കുന്നതിൽ ഈ മേഖല നിർണായക പങ്കാളിത്തം വഹിക്കുന്നു.
ഭക്ഷ്യ ശാസ്ത്രത്തിന്റെ ശാഖയാണ് ഡയറി സയൻസും ഡയറി ടെക്നോളജിയും. പാലിന്റെയും പാലുത്പന്നങ്ങളുടെയും സംസ്‌കരണം, സംരക്ഷണം, വിതരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠന ശാഖ. ആധുനിക പാൽ ഉത്പാദന രീതികൾ, സൂക്ഷ്മ ജീവശാസ്ത്രം, ഗുണനിലവാര നിയന്ത്രണം, ഉത്പാദന മാനേജ്‌മെന്റ് എന്നിവയെല്ലാം ഇതിൽ പഠിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് സുരക്ഷിതവും പോഷക സമൃദ്ധവും ഉയർന്ന നിലവാരമുള്ളതുമായ പാലുത്പന്നങ്ങൾ ഉറപ്പാക്കുന്നതിൽ ഈ മേഖല നിർണായക പങ്കാളിത്തം വഹിക്കുന്നു.
കൂടാതെ പാൽ സംസ്‌കരണം, പാക്കേജിംഗ്, ഡയറി പ്ലാന്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലയിലെ സൈദ്ധാന്തിക പരിജ്ഞാനവും പ്രായോഗിക പരിശീലനവും ഈ കോഴ്‌സിൽ സംയോജിക്കുന്നു. ഡയറി വ്യവസായങ്ങൾ, ഗവേഷണ ലബോറട്ടറികൾ, ഗുണനിലവാര നിയന്ത്രണ യൂനിറ്റുകൾ എന്നിവയിൽ പ്രവർത്തിക്കാനും ഈ വിഷയങ്ങളിലെ പഠനം പര്യാപ്തമാക്കുന്നു. ശുചിത്വം, സുരക്ഷ, സൂക്ഷ്മ ജീവശാസ്ത്ര മാനദണ്ഡങ്ങൾ എന്നിവ പാലിച്ചു കൊണ്ട് പാലും പാൽ ഉത്പന്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ബിരുദധാരികൾക്ക് വൈദഗ്‌ധ്യവും നൽകുന്നു.
തൊഴിൽ സാധ്യതകൾ
ഡയറി സയൻസ് പഠിച്ചവർക്ക് ഡയറി ടെക്‌നോളജിസ്റ്റ്, ക്വാളിറ്റി കൺട്രോൾ സ്‌പെഷ്യലിസ്റ്റ്, ഡയറി മൈക്രോബയോളജിസ്റ്റ്, റെഗുലേറ്ററി കൺട്രോൾ സ്‌പെഷ്യലിസ്റ്റ്, ഡയറി എക്‌സറ്റൻഷൻ ഓഫീസർ, ഫുഡ് സേഫ്റ്റി ഓഫീസർ തുടങ്ങിയ ജോലികളിൽ പ്രവേശിക്കാൻ അവസരമുണ്ട്. ക്വാളിറ്റി കൺട്രോൾ കെമിസ്റ്റ്, പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവ്, പ്ലാന്റ് മാനേജർ എന്നീ തൊഴിലുകളിലും ചേരാം. സ്വയം സംരഭകരാകാനുള്ള വഴിയും നിരവധിയുണ്ട്.
കോഴ്സുകൾ
ഡയറി സയൻസ്/ ഡയറി ടെക്‌നോളജി പഠന ശാഖയിൽ ബി എസ്‌സി, ബി ടെക്, എം എസ്‌സി, ഡിപ്ലോമ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, പി എച്ച് ഡി എന്നീ പ്രോഗ്രാമുകൾ ഉണ്ട്. ഡയറി കെമിസ്ട്രി, ഡയറി മൈക്രോബയോളജി, ഡയറി എൻജിനീയറിംഗ്, ക്ഷീര സംസ്‌കരണ സാങ്കേതികവിദ്യ, ക്ഷീരസസ്യ മാനേജ്‌മെന്റ്, കൃഷിയന്ത്ര രീതി, ഗുണനിലവാര ഉറപ്പും നിയന്ത്രണവും, ഡയറി ന്യൂട്രീഷൻ, ക്ഷീര ബിസിനസ്സ് മാനേജ്‌മെന്റ്, ക്ഷീര സംരഭകത്വം എന്നിങ്ങനെയുള്ള കോഴ്സുകൾ പഠിക്കാം.
സ്ഥാപനങ്ങൾ
- നാഷനൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- കർണാൽ
ഡയറി വിഷയങ്ങൾ പഠിക്കുന്നതിനായി ഇന്ത്യയിലെ മികവിന്റെ കേന്ദ്രമാണ് ഈ സ്ഥാപനം. ഹരിയാനയിലെ കർണാലിലെ മുഖ്യ ക്യാമ്പസിന് പുറമെ ബെംഗളൂരുവിൽ സതേൺ ക്യാമ്പസും പശ്ചിമ ബംഗാളിലെ കല്യാണിയിൽ ഇസ്റ്റേൺ ക്യാമ്പസും സ്ഥിതി ചെയ്യുന്നു. ഈ രണ്ട് സ്ഥലങ്ങളിലെ വ്യത്യസ്ത കോഴ്സുകളിലും ചേരാവുന്നതാണ്.
- ബി ടെക് ഡയറി ടെക്‌നോളജി
കോഴ്സ് ദൈർല്യം എട്ട് സെമസ്റ്ററുകളിലായി നാല് വർഷം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി ഒരു അംഗീകൃത പരീക്ഷാ ബോർഡിന്റെ ഹയർസെക്കൻഡറി/ തത്തുല്യം പരീക്ഷ 50 ശതമാനം മാർക്ക്/ഗ്രേഡോടെ പാസ്സായവർക്ക് ചേരാൻ അർഹതയുണ്ട്. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി. ദേശീയാടിസ്ഥാത്തിലുള്ള പ്രവേശന പരീക്ഷയായ സി യു ഇ ടി വഴിയാണ് പ്രവേശനം.
പി ജി പ്രോഗ്രാമുകൾ
ഡയറി മൈക്രോബയോളജി, ഡയറി കെമിസ്ട്രി, ഡയറി ടെക്‌നോളജി, ഡയറി എൻജിനീയറിംഗ് എന്നിവയിൽ പി ജി കോഴ്സുകൾക്ക് പഠിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമുള്ളവരെ എൻ ടി എ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുക്കുന്നത്. മൂന്ന് വർഷ ബിരുദധാരികൾ ഈ കോഴ്സുകളിൽ മൂന്ന് വർഷവും നാല് വർഷ പ്രൊഫഷനൽ ബിരുദമുള്ളവർ രണ്ട് വർഷവും പഠിക്കണം.
പിഎച്ച് ഡി
ഡയറി കെമിസ്ട്രി, ഡയറി മൈക്രോബയോളജി, ഡയറി ടെക്‌നോളജി, ഡയറി എൻജീനീയറിംഗ് എന്നീ വിഷയ മേഖലകളിൽ ഗവേഷണത്തിനും ഇവിടെ അവസരമുണ്ട്. പരമാവധി ആറ് വർഷം വരെ ഗവേഷണം തുടരാം. ഐ സി എ ആർ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് പി എച്ച് ഡിക്ക് ചേരേണ്ടത്. വിവരങ്ങൾക്ക് :https://ndri.res.in ഫോൺ:0184/2259024.
ബെംഗളൂരു ക്യാമ്പസ്
ഇവിടെ ലൈവ് സ്റ്റോക്ക് പ്രൊഡക്‌ഷൻ, ലൈവ് സ്റ്റോക്ക് ഇക്കണോമിക്‌സ്, ഡയറി എക്സ്റ്റൻഷൻ എജ്യൂക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ എം എസ്‌സിക്ക് പഠിക്കാവുന്നതാണ്. ആനിമൽ ന്യൂട്രീഷ്യൻ, ആനിമൽ ജനറ്റിക്‌സ് ആൻഡ് ബ്രീഡിംഗ്, ലൈവ് സ്റ്റോക്ക് പ്രൊഡക്‌ഷൻ ആൻഡ് മാനേജ്‌മെന്റ്, ആനിമൽ റീപ്രൊഡക്‌ഷൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ വെറ്ററിനറി പി ജി പ്രോഗ്രാമുകൾക്കും പേരാൻ അവസരമുണ്ട്. വിവരങ്ങൾക്ക്: www.ndri.res.in/southern-regional-station-bengaluru ഫോൺ:080/22631402. ഇ മെയിൽ:headsrs.ndri@icar.gov.in
ഇന്ദിരാ ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റി,ഡൽഹി
ഇവിടെ വിദൂര വിദ്യാഭ്യാസത്തിലൂടെ ഒരു വർഷ ഡിപ്ലോമ ഇൻ ഡയറി ടെക്‌നോളജി പഠിക്കാം. അംഗീകൃത പരീക്ഷ ബോർഡിന്റെ ഹയർസെക്കൻഡറി/ തത്തുല്യം പാസ്സായിരിക്കണം. കോഴ്സ് വിജയിച്ചവർക്ക് ക്ഷീര സഹകരണ സംഘങ്ങളിലെ വിവിധ ജോലികൾക്ക് അപേക്ഷാ യോഗ്യതയുണ്ട്.
പഠനം കേരളത്തിൽ
വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്സിറ്റി സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് എന്നീ ജില്ലകളിലായി നാല് ഡയറി സയൻസ് കോളജുകളുണ്ട്.
ബി ടെക് ഡയറി ടെക്‌നോളജി
കോഴ്‌സ് ദൈർഘ്യം നാല് വർഷം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടു കൂടി 45 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/ തത്തുല്യം പാസ്സായവരെ കീം സ്‌കോറിന്റെയും ഐ സി എ ആർ പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.
എം ടെക് ഡയറി ടെക്‌നോളജി
കോഴ്‌സ് ദൈർഘ്യം രണ്ട് വർഷം. ഡയറി സയൻസ്/ടെക്‌നോളജിയിൽ 50 ശതമാനം മാർക്ക്/തത്തുല്യം ഗ്രേഡ് ഉള്ളവർക്ക് അർഹത. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്. ഐ സി എ ആർ അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.
പിഎച്ച് ഡി ഡയറി സയൻസ് ആൻഡ് ടെക്‌നോളജി
പ്രസക്ത വിഷയത്തിൽ പി ജി ബിരുദം ചുരുങ്ങിയത് 55 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്. ദേശീയ പ്രവേശന പരീക്ഷകളുടെ സ്‌കോറിന്റെ അടിസ്ഥാനത്തിൽ സർവകലാശാല റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
രണ്ട് വർഷ ഡിപ്ലോമ ഇൻ ഡയറി സയൻസ്
ബയോളജി ഒരു വിഷയമായി പഠിച്ച് ഹയർ സെക്കൻഡറി/തത്തുല്യം/ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്/അനുബന്ധ വിഷയങ്ങൾ പഠിച്ച് വി എച്ച് എസ് ഇ പാസ്സായവർക്ക് അപേക്ഷിക്കാം. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. മണ്ണുത്തി, പൂക്കോട് ക്യാമ്പസുകളിൽ പഠിക്കാൻ അവസരമുണ്ട്. വിവരങ്ങൾക്ക് : www.kvasu.ac.in. ഫോൺ: 0493/6209220,6209221.
Content Highlights:
Dairy Science and Technology offers extensive career opportunities in milk processing, quality control, and dairy plant management. Prominent institutions like the National Dairy Research Institute (NDRI) and Kerala Veterinary and Animal Sciences University (KVASU) provide specialized programs from diplomas to PhDs. Students can enter these fields through national and state-level entrance exams like CUET, ICAR, and KEAM to secure roles as dairy technologists or food safety officers.







