National
ദാന ചുഴലിക്കാറ്റ് ഇന്ന് ഒഡീഷ തീരം തൊടും; ഒഡീഷയിലും ബംഗാളിലുമായി ആറ് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
2,300 ലധികം ഗർഭിണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ഭുവനേശ്വർ | ദാന ചുഴലിക്കാറ്റ് അതിവേഗം ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ ഭിതാർകനികയ്ക്കും ഭദ്രക്കിലെ ധമ്രയ്ക്കും ഇടയിൽ വെള്ളിയാഴ്ച പുലർച്ചെ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് തീരം തൊടുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഒഡീഷയും അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളുമാണ് കാറ്റിന്റെ കെടുതി നേരിടുക. കാറ്റിന്റെ തീവ്രത സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായി കാണാം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ( ഇസ്‌റോ ) അതിൻ്റെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഒക്ടോബർ 20 മുതൽ ചുഴലിക്കാറ്റിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ദാന ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ മുൻകരുതൽ നടപടിയായി ഒഡീഷ സർക്കാർ 3 ലക്ഷം ആളുകളെ ഒഴിപ്പിക്കുകയും 7000-ലധികം സൈക്ലോൺ ഷെൽട്ടറുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ഗർഭിണികളുടെ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2,300 ലധികം ഗർഭിണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
Cyclone Dana is strengthening as it approaches the coast of Odisha, India today. Landfall is expected in the vicinity of Paradip early Friday.
Live tracker and updates can be found here: https://t.co/zKk7dmsmLk#CycloneDana #CycloneDanaAlert #CycloneOdisha #DanaCyclone pic.twitter.com/F5pQVpTJhG
— Zoom Earth (@zoom_earth) October 24, 2024
ദാന ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 3.5 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ ഭരണകൂടം നടപടി സ്വീകരിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഭരണകൂടത്തോടും പോലീസിനോടും സഹകരിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ച അവർ 2,43,374 പേർ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നും പറഞ്ഞു.
വ്യാഴാഴ്ച രാത്രി മുഴുവൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ തങ്ങുമെന്നും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, കേന്ദ്രപാറ, ഭദ്രക്, ബാലസോർ ജില്ലകളിൽ ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായ കടലാക്രമണവും കനത്ത മഴയും ഉണ്ടായി.