National
സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതിയ തിയതി പ്രഖ്യാപിച്ചില്ല
ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

ന്യൂഡല്‍ഹി | ഈ മാസം നടക്കേണ്ടിയിരുന്ന സിഎസ്ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചത്. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് എന്‍ ടി എ ഔദ്യോഗിക വിശദീകരിച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ജൂണ്‍ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എന്‍ടിഎ റദ്ദാക്കിയിരുന്നു. പരീക്ഷ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 11 ലക്ഷം പേരാണു യുജിസി നെറ്റ് പരീക്ഷയെഴുതിയിരുന്നത്. ആര്‍ട്‌സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കോളജ് അധ്യാപനത്തിനും ജെആര്‍എഫിനുമുള്ള യോഗ്യതാപരീക്ഷയാണു യുജിസി നെറ്റ്.സയന്‍സ്, എന്‍ജിനിയറിങ്, ടെക്‌നോളജി വിഷയങ്ങളിലുള്ള കോളജ് അധ്യാപക യോഗ്യതാ പരീക്ഷയാണ് സിഎസ്‌ഐആര്‍ നെറ്റ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് എന്‍ടിഎ നടത്തിയ നീറ്റ് പരീക്ഷയും റദ്ദാക്കിയിരുന്നു.
ജൂണ്‍ 18ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷ നടക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നെന്ന് സിബിഐ കണ്ടെത്തി. ചോദ്യപേപ്പറുകള്‍ ഡാര്‍ക്ക് നെറ്റിലൂടെയും ടെലഗ്രാമിലൂടെയും ആറ് ലക്ഷം രൂപയ്ക്കാണ് വില്‍പന നടത്തിയതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.ചോദ്യപേപ്പര്‍ ലീക്കായെന്ന പരാതിയെ തുടര്‍ന്ന് നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അതേസമയം ചോദ്യപേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ പറഞ്ഞു. ചോദ്യപേപ്പറിന്റെ ചോര്‍ച്ചയില്‍ ചില കോച്ചിങ് സെന്ററുകള്‍ക്ക് പങ്കുണ്ടെന്നും അതിന്റെ ഉടമസ്ഥര്‍ നിരീക്ഷണത്തിലാണെന്നും സിബിഐ പറഞ്ഞു.വിദ്യാര്‍ഥികളില്‍ നിന്നും 5000 മുതല്‍ 10000 രൂപവരെ ഈടാക്കിയാണ് ടെലഗ്രാമിലൂടെ ചോദ്യപേപ്പര്‍ വില്‍പ്പന നടത്തിയത്. വില്‍പന നടത്തിയ സംഘത്തെ കുറിച്ച് സിബിഐക്ക് വിവിരം ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷക്ക് 11.21 ലക്ഷം പേരാണ് അപേക്ഷിച്ചത്.ഇതില്‍ 9,08,580 പേര്‍ പരീക്ഷ എഴുതിയിരുന്നു.