National
ഛത്തീസ്ഗഡില്‍ പോളിംഗ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരുക്ക്
സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ന്യൂഡല്‍ഹി|ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരുക്ക്. പോളിംഗ് ഡ്യൂട്ടിക്കിടെയാണ് സിആര്‍പിഎഫിന്റെ 196-ാം ബറ്റാലിയനിലെ ജവാന് പരുക്കേറ്റത്. സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഉസൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗല്‍ഗാം ഗ്രാമത്തിന് സമീപമുള്ള ഒരു പോളിംഗ് ബൂത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ ജവാന് ചികിത്സ നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
17 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട തമിഴ്നാട്ടില്‍, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
രാവിലെ 7 മണി മുതല്‍ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമല്‍ ഹാസന്‍, ഖുഷ്ബു, ശിവകാര്‍ത്തികേയന്‍, സംഗീത സംവിധായകന്‍ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവെ പശ്ചിമ ബംഗാളിലെ ചന്ദാമാരിയിലെ ബൂത്തിന് സമീപം കല്ലേറുണ്ടായി. സംഭവത്തിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമത്തിന് നേതൃത്വം നല്‍കിയത് ബി.ജെ.പി എം.പി നിഷീത് പ്രമാണിക്കാണെന്ന് തൃണമൂല്‍ ആരോപിച്ചു.
എന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് ബി.ജെ.പി പ്രതികരിച്ചു. അതിനിടെ, ബംഗാളിലെ കൂച്ച് ബിഹാറിലെ ബറോകോദാലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍ കണ്ടെത്തി. ഓഫീസ് ആക്രമിച്ചതിന് പിന്നിലും ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.