crime reporting
ക്രൈം റിപോർട്ടിംഗ് മാധ്യമ വിചാരണയായി മാറരുത്
ഈ സാഹചര്യത്തിൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടതു പോലെ ക്രൈം റിപോർട്ടിംഗിൽ മാർഗനിർദേശങ്ങൾ അനിവാര്യമാണ്. അതേസമയം ഇതു തയ്യാറാക്കുമ്പോൾ മാധ്യമ സ്വാതന്ത്ര്യത്തെ ഒരു വിധത്തിലും ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ക്രൈം റിപോർട്ടിംഗിൽ അച്ചടി, ദൃശ്യ, സമൂഹിക മാധ്യമങ്ങൾക്കു മാർഗ നിർദേശം തയ്യാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കയാണ് സുപ്രീം കോടതി. ഒരു മാസത്തിനകം തയ്യാറാക്കാനാണ് നിർദേശം. കുറ്റ കൃത്യവുമായി ബന്ധപ്പെട്ട റിപോർട്ടിംഗ് മാധ്യമ വിചാരണയായി മാറുന്നുണ്ടെന്നും ഇത് നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും മാധ്യമങ്ങളുടെ ക്രൈം റിപോർട്ടിംഗിലെ ചില തെറ്റായ പ്രവണതകൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ചൂണ്ടിക്കാട്ടി.
മാധ്യമ പ്രവർത്തനത്തിന്റെ പ്രധാനഭാഗമാണ് ക്രൈം റിപോർട്ടിംഗ്. ഇത് പൊതുസമൂഹത്തിന് തങ്ങളുടെ പ്രദേശത്തെ കുറ്റകൃത്യങ്ങളെക്കുറിച്ചറിയാനും കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാൻ ഒരു പരിധി വരെയും സഹായിക്കും. അതേസമയം അതീവ ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും നിർവഹിക്കേണ്ട പ്രവർത്തനവുമാണിത്. ഇരയുടെ സ്വകാര്യത സൂക്ഷിച്ചും പ്രതിയുടെ അവകാശങ്ങൾ സംരക്ഷിച്ചുമായിരിക്കണം വാർത്തകൾ തയ്യാറാക്കേണ്ടത്. പീനൽ കോഡുകളെയും നിയമത്തെക്കുറിച്ചുമെല്ലാം അടിസ്ഥാന പരിജ്ഞാനവും ആവശ്യമാണ്. ഈ വക കാര്യങ്ങളെക്കുറിച്ചറിയാത്തവരോ, പാലിക്കാത്തവരോ ആണ് പല റിപോർട്ടർമാരും.
സെൻസേഷൻ വർധിപ്പിക്കാനായി, പോലീസ് നൽകുന്ന വിവരങ്ങൾ വെച്ചു ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരും കോടതി വിചാരണയിലിരിക്കുന്ന കേസുകൾ തലനാരിഴ കീറി ചർച്ച ചെയ്യുന്നവരുമുണ്ട്. കോടതിയിൽ സീൽഡ് കവറിൽ സമർപ്പിക്കുന്ന അതീവ ഗൗരവമുള്ള വിഷയങ്ങൾപോലും മാധ്യമങ്ങൾ ചർച്ചാ വിഷയമാക്കാറുണ്ട്. ഇതടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ക്രൈം റിപോർട്ടിംഗിന്റെ ഭാഗമായ ഊഹാപോഹങ്ങൾ വാർത്തകളായി വരുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
മാധ്യമങ്ങളുടെ ക്രൈം റിപോർട്ടുകൾ ജീവിതം തകർത്ത നിരവധി പേരെ തനിക്കറിയാമെന്ന് ഒരു ദേശീയമാധ്യമത്തിലെഴുതിയ ലേഖനത്തിൽ പ്രസിദ്ധ ക്രൈം അഭിഭാഷകനായ രാഹുൽ ഠാക്കൂർ പറയുന്നു. കുറ്റകൃത്യത്തിൽ പ്രതി ചേർക്കപ്പെട്ടവരെ കുറ്റവാളിയെന്ന നിലയിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. അവരുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. പിന്നീട് കോടതി നിരപരാധിയെന്നു കണ്ടു വിട്ടയച്ചാലും നേരത്തേ വന്ന മാധ്യമവാർത്തകൾ ഈ നിരപരാധികളെ വേട്ടയാടും. ഇതുമൂലം പിന്നീട് ജോലി കണ്ടെത്താൻ കഴിയാതെയും അയൽവാസികളും സമൂഹവും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയും ചെയ്ത കാരണത്താൽ നാടുവിടാൻ പലരും നിർബന്ധിതരായെന്നും രാഹുൽ ഠാക്കൂർ സാക്ഷ്യപ്പെടുത്തുന്നു.
വിവരങ്ങളും വാർത്തകളും സത്യസന്ധമായും വസ്തുതാപരമായും ജനങ്ങളിലെത്തിക്കുകയാണ് മാധ്യമധർമം. ക്രിമിനൽ കേസുകളിൽ നിരുത്തരവാദപരമായ കവറേജ് നടത്തുകയും മാധ്യമ വിചാരണ നടത്തുകയും ചെയ്യുന്നത് മാധ്യമ ധർമത്തിനു ചേർന്നതല്ല. 2020 ഒക്ടോബർ 20ന്, നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ബോംബെ ഹൈക്കോടതി മാധ്യമവിചാരണയെ രൂക്ഷമായി വിർശിച്ചിരുന്നു. ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് മാധ്യമങ്ങൾ തീരുമാനിക്കുന്നത് അന്വേഷണാത്മക പത്രപ്രവർത്തനമാണോ എന്ന് ചോദിച്ച കോടതി മറ്റുള്ളവർക്കെതിരെ ആരോപണമുന്നയിച്ച് മാധ്യമ സ്വാതന്ത്ര്യത്തിൽ അഭയം തേടുന്നത് നീതീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.
കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകളിൽ പ്രതികൾ പോലീസിന് നൽകുന്ന മൊഴി വെളിപ്പെടുത്തുന്നതും മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നതും കുറ്റകരമാണെന്നും ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കേരള ഹൈക്കോടതിയും ചൂണ്ടിക്കാണിച്ചിരുന്നു. ഈ കേസിൽ ഓരോ ദിവസവും പ്രതിയെ ചോദ്യം ചെയ്ത വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിടുകയായിരുന്നു. ഉദ്യോഗസ്ഥൻ പ്രതിയോട് ചോദിക്കാൻ ഉദ്ദേശിക്കുന്നതും അതിന് ലഭിക്കാവുന്നതുമായ വിവരങ്ങൾ വരെ മാധ്യമങ്ങളിൽ വന്നു. എവിടെ നിന്നാണ് മാധ്യമങ്ങൾക്ക് ഈ വിവരങ്ങൾ ലഭിക്കുന്നതെന്ന് ചോദിച്ച കോടതി 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകളിലെ റിപോർട്ടർമാരും അവതാരകരും ബ്രേക്കിംഗ് ന്യൂസ് ചമക്കുമ്പോഴും ചർച്ച നടത്തുമ്പോഴും തെളിവു നിയമം എന്താണെന്ന് അറിയാൻ ശ്രമിക്കണമെന്നും ഉപദേശിക്കുകയും ചെയ്തു.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ കോടതി വിധികളുടെ വിശ്വാസ്യതയെ കൂടി ബാധിക്കുന്നതായി നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പുതന്നെ, മാധ്യമങ്ങൾ പ്രത്യേക അന്വേഷണം നടത്തി പ്രതിക്കെതിരെ പൊതുജനാഭിപ്രായം സൃഷ്ടിക്കാറുണ്ട്. ഒരുപക്ഷേ കോടതിയുടെ അന്തിമ തീർപ്പ് മാധ്യമങ്ങൾ സൃഷ്ടിച്ച ഈ ധാരണക്കു വിരുദ്ധമായിരിക്കും. ഈ വൈരുധ്യം കോടതി വിധിയിൽ സമൂഹത്തിനു സന്ദേഹമുദിക്കാൻ ഇടയാക്കും. മാധ്യമങ്ങൾ സൃഷ്ടിച്ച ധാരണകളെ പിന്തുടരുകയല്ല, കൃത്യമായ തെളിവുകളുടെ പിൻബലത്തിൽ തീർപ്പ് കൽപ്പിക്കാനല്ലേ കോടതികൾക്ക് സാധിക്കുകയുള്ളൂ. മാധ്യമങ്ങൾ സൃഷ്ടിച്ച ശക്തമായ ജനവികാരം കണക്കിലെടുത്ത് കോടതികൾ അതിനെ പിന്തുടർന്ന സംഭവങ്ങളുമുണ്ടെന്ന് 2016 ജനുവരി 24ന് കൊച്ചിയിൽ നടന്ന ക്രിമിനൽ വൈജ്ഞാനിക സമ്മേളനത്തിൽ ജസ്റ്റിസ് തോമസ് തെളിവു സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കും. ഈ സാഹചര്യത്തിൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടതു പോലെ ക്രൈം റിപോർട്ടിംഗിൽ മാർഗനിർദേശങ്ങൾ അനിവാര്യമാണ്. അതേസമയം ഇതു തയ്യാറാക്കുമ്പോൾ മാധ്യമ സ്വാതന്ത്ര്യത്തെ ഒരു വിധത്തിലും ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.