Connect with us

From the print

പരാജയം മുൻകൂട്ടിക്കാണുന്നതിൽ വീഴ്ചപറ്റി;ജനാഭിപ്രായം തേടാൻ സി പി എം

പാർട്ടി കമ്മിറ്റികളിൽ ഉയർന്ന നേതൃമാറ്റ ആവശ്യം പരിഗണിച്ചില്ല • വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ തള്ളി സംസ്ഥാന സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സ്വയം തിരുത്തലിന് ജനാഭിപ്രായം തേടാൻ സി പി എം.
പരാജയം മുൻകൂട്ടിക്കാണുന്നതിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന വിമർശം പരസ്യമായി സമ്മതിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടശന്റെ പരാമർശങ്ങളെയും ഒടുവിൽ തള്ളിപ്പറഞ്ഞു. തളിപ്പറമ്പിലും പയ്യന്നൂരിലും ജില്ലാ നേതൃത്വത്തിന് വീഴ്ചയുണ്ടായി. ശബരിമല സ്വർണക്കൊള്ള കേസിലെ നടപടി വൈകിപ്പിച്ചതും അയ്യപ്പസംഗമവും തിരിച്ചടിയായി എന്ന് സമ്മതിക്കുന്പോഴും, നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സെക്രട്ടറി.
സംസ്ഥാനത്തുടനീളം കമ്മിറ്റികളിൽ പി ബി അംഗങ്ങളായ എം വി ഗോവിന്ദനും പിണറായി വിജയനും നേരെ രൂക്ഷവിമർശമുയർന്നിരുന്നെങ്കിലും, നേതൃമാറ്റമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം റിപോർട്ടിൽ ഉൾപ്പെടുത്തിയില്ല. താഴേത്തട്ടിലുള്ള അംഗങ്ങൾക്ക് വരെ നിർഭയമായി കാര്യങ്ങൾ പറയാൻ അവസരം ഉണ്ടായിരിക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു.
അത്തരത്തിൽ പറഞ്ഞ അഭിപ്രായങ്ങൾ സമന്വയിപ്പിച്ച് സെക്രട്ടേറിയറ്റ് റിപോർട്ട് തയ്യാറാക്കിയപ്പോൾ നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങൾ സൗകര്യപൂർവം ഒഴിവാക്കിയെന്ന ആക്ഷേപമാണുള്ളത്. പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശങ്ങൾ ഒഴിവാക്കിയതിൽ അണികൾക്കും എതിർപ്പുണ്ട്.
ആഗസ്റ്റിൽ വീണ്ടും
രണ്ട് ദിവസമായി ചേർന്ന നേതൃയോഗങ്ങൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി ചില ഏറ്റുപറച്ചിലുകൾ നടത്തിയത്. പരാജയ കാരണത്തിൽ ആഴത്തിലുള്ള വിമർശവും സ്വയം വിമർശവും ചേർത്തുവേണം റിപോർട്ട് അംഗീകരിക്കാനെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. 40,000 പാർട്ടി ഘടകങ്ങളിൽ നിന്ന് അഭിപ്രായം തേടി ആഗസ്റ്റിൽ വിപുലമായ സംസ്ഥാന സമിതി ചേരും. ഈ യോഗത്തിൽ ഭാവി പരിപാടികൾ ആലോചിക്കും.
അടിസ്ഥാന സ്വഭാവത്തിൽ നിന്നുള്ള തിരുത്താണ് പാർട്ടി ലക്ഷ്യമിടുന്നത്. ജനാധിപത്യ ശൈലിയിൽ അഭിപ്രായം ആരായും. പാർട്ടി അനുഭാവികൾക്കും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിനും നിർദേശങ്ങൾ അറിയിക്കാം.
മെയിലും വാട്സ്ആപ്പും
വാട്‌സ്ആപ്പ് വഴിയും ഇ- മെയിൽ വഴിയും പോംവഴികൾ ചർച്ച ചെയ്യാം. നിർദേശങ്ങൾ അറിയിക്കുന്നതിനായി 7999477168 എന്ന വാട്‌സ്ആപ്പ് നമ്പറും puthuvazhikal@gmail.com എന്ന ഇ- മെയിൽ ഐ ഡിയും ഉപയോഗപ്പെടുത്താം. കാലഘട്ടം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എങ്ങനെ വിജയകരമായി നേരിടാമെന്ന കാര്യത്തിൽ എല്ലാവർക്കും അഭിപ്രായം അറിയിക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.

Latest