Kerala
കാസര്‍കോട് , മഞ്ചേശ്വരം , കോന്നി സീറ്റുകളില്‍ സിപിഎം-ബിജെപി ഡീല്‍; തൃശൂരില്‍ ജയിച്ചത് ഡീലിന്റെ ഭാഗം: വി ഡി സതീശന്‍
സര്‍ക്കാറിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലാത്തതിനാല്‍ ശബരിമല വിഷയം ഉന്നയിക്കില്ലെന്നാണ് റാന്നിയിലെ സ്ഥാനാര്‍ഥി പറയുന്നത്
കൊച്ചി | നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ ഡീല്‍ തങ്ങള്‍ പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസകോട്, മഞ്ചേശ്വരം, റാന്നി, കോന്നി സീറ്റുകളില്‍ ഡീല്‍ ഉണ്ടെന്ന് സതീശന്‍ ആരോപിച്ചു.
കെ. സുരേന്ദ്രന്‍ കഴിഞ്ഞ തവണ 32,000 വോട്ടുകള്‍ പിടിച്ച പത്തനംതിട്ടയിലെ കോന്നി സീറ്റ് ഇത്തവണ ബിഡിജെഎസിന് നല്‍കി. റാന്നിയിലെ സീറ്റ് ട്വന്റി20ക്ക് നല്‍കി. പത്തനംതിട്ടയില്‍ എവിടെയാണ് ട്വന്റി20 ഉള്ളതെന്നും വി ഡി സതീശന്‍ ചോദിച്ചു. സര്‍ക്കാറിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലാത്തതിനാല്‍ ശബരിമല വിഷയം ഉന്നയിക്കില്ലെന്നാണ് റാന്നിയിലെ സ്ഥാനാര്‍ഥി പറയുന്നത്
കാസര്‍കോട്, മഞ്ചേശ്വരം, പാലക്കാട് തുടങ്ങി പല സ്ഥലത്തും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏര്‍പ്പാടുകളാണ് ഇവര്‍ ചെയ്യുന്നത്. കരുവന്നൂര്‍ ബേങ്കിലെ 300 കോടിയുടെ കൊള്ള നടന്നപ്പോള്‍ ഇഡി പിടി മുറുക്കുന്നുവെന്ന വാര്‍ത്ത വന്നു.ഇഡി പിടിമുറുക്കുന്നത് തൃശൂര്‍ സീറ്റിന് വേണ്ടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തു. തൃശൂര്‍ സീറ്റില്‍ ബിജെപി ജയിച്ച ശേഷം ഇഡി എവിടെയെങ്കിലും പിടിമുറുക്കിയോ?അതൊരു ഡീല്‍ ആയിരുന്നു. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ച് മസ്‌കറ്റ് ഹോട്ടലില്‍ വന്ന് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ബിജെപിയുമായി രഹസ്യമായി നടത്തിയ ഡീലുകളെക്കുറിച്ച് ഇനിയും പറയുമെന്നും വി ഡി സതീശന്‍ പറഞ്ഞു



