Connect with us

Kerala

പൊന്നാനിയില്‍ പ്രകടനം തടയുന്നതില്‍ ടി എം സിദ്ദിഖിന് വീഴ്ചയുണ്ടായെന്ന് സി പി എം ഏരിയ സെക്രട്ടറി അഡ്വ.പി കെ ഖലീമുദ്ദീന്‍

ടി.എം സിദ്ദിഖ് വിഷയത്തില്‍ കൃത്യമായ തെളിവുകള്‍ പാര്‍ട്ടിക്ക് ലഭിച്ചതിനാലാണ് നടപടി കൈകൊണ്ടത്

Published

|

Last Updated

പൊന്നാനി | സ്ഥാനാര്‍ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട പ്രകടനം തടയുന്നതില്‍ ടി എം സിദ്ദിഖിന് വീഴ്ചയുണ്ടായെന്ന് സി. പി.എം ഏരിയ സെക്രട്ടറി അഡ്വ.പി.കെ ഖലീമുദ്ദീന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ടി.എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പൊന്നാനിയില്‍ നടത്തിയ പ്രകടനം തടയാനുള്ള ബാധ്യത ടി.എം സിദ്ദീഖിന്റേത് മാത്രമായിരുന്നു. അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ തെരുവില്‍ നടത്തിയ പ്രകടനം തടയുന്നതില്‍ ടി.എം സിദ്ദിഖിന് വീഴ്ച പറ്റി.എന്നാല്‍ പ്രകടനം തടയാന്‍ ഏരിയ നേതൃത്വം ശ്രമിച്ചില്ലെന്ന ആരോപണത്തില്‍ ഏരിയ കമ്മറ്റി ഈ വിഷയത്തില്‍ നിസഹായരായത് കൊണ്ടായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവര്‍ നടത്തിയ പ്രകടനമായതിനാല്‍ നേത്യത്വത്തിന് പരിമിതികളുണ്ടായിരുന്നു.മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് വേണ്ടി ഹാര്‍ബറില്‍ ഒപ്പ് ശേഖരണം നടത്തിയത് ആസൂത്രണമില്ലാതെയായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തെളിവുകളില്ലാതെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുകയുമില്ല. പി.ശ്രീരാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചത് ആരാണെന്നറിയാതെ നടപടി സ്വീകരിക്കാന്‍ കഴിയില്ല.എന്നാല്‍ ടി.എം സിദ്ദിഖ് വിഷയത്തില്‍ കൃത്യമായ തെളിവുകള്‍ പാര്‍ട്ടിക്ക് ലഭിച്ചതിനാലാണ് നടപടി കൈകൊണ്ടത്. മലപ്പുറത്തേക്ക് പരാതിയുമായി പോകാനെത്തിയ പ്രവര്‍ത്തകരെ തടഞ്ഞ നടപടി പ്രകടനത്തിന്റെ കാര്യത്തിലുണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം നേതൃത്വത്തിന് ബോധ്യമായതിനാലാണ് ടി.എം സിദ്ദിഖിനെതിരെ നടപടിയെടുത്തത്.

ഇക്കാര്യങ്ങള്‍ പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ പാര്‍ട്ടിക്കെതിരെ നവ മാധ്യമങ്ങള്‍ വഴി ചിലര്‍ നടത്തുന്ന പ്രസ്താവനകളില്‍ പ്രതികരിക്കേണ്ടതില്ല. പാര്‍ട്ടി അംഗങ്ങള്‍ പരിധി വിട്ട് പ്രതികരിച്ചതായും അറിയില്ലെന്നും സി.പി.എം പൊന്നാനി ഏരിയ സെക്രട്ടറി അഡ്വ.പി.കെ ഖലീമുദ്ദീന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.അതേസമയം സി.പി.എം പൊന്നാനി ഏരിയാ സമ്മേളനത്തില്‍ ഏരിയാ കമ്മിറ്റിയംഗമായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് നവ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് പി.വി ലത്തീഫ് പറഞ്ഞു.താനൊരു വിഭാഗത്തിന്റെ ഭാഗമാണെന്നും ഇതിന്റെ ഭാഗമായാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ടതുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും പി.വി ലത്തീഫ് പറഞ്ഞു