Connect with us

K SUDHAKARAN AGAINST CPM

ഗുരുവിന്റെ പേരില്‍ സി പി എമ്മും ബി ജെ പിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: കെ സുധാകരന്‍

കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ഗുരുവിന്റെ പങ്ക് തമസ്‌ക്കരിക്കാന്‍ സി പി എം ശ്രമിച്ചു

Published

|

Last Updated

കണ്ണൂര്‍|  ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയ കേരളത്തിന്റെ പ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയ സംഭവത്തിലുള്ള വിവാദം തുടരുന്നതിനിടെ സി പി എമ്മിനേയും ബി ജെ പിയേയും വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ബി ജെ പിയും സി പി എമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ഇത് നിര്‍ത്തണമെന്നും സുധാകര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിന പരേഡിന്റെ നിശ്ചല ദൃശ്യത്തിനായി കേരളം ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ ജടായുപാറ മാത്രമാണുണ്ടായിരുന്നത് എന്നാണറിയുന്നത്. നിര്‍മാണത്തിലെ അപാകതകളുടെ പേരില്‍ അതിനു അനുമതി നിഷേധിക്കപ്പെട്ടു. എന്നാല്‍ അതേ ദൃശ്യത്തില്‍ മറ്റ് മാറ്റങ്ങള്‍ വരുത്താതെ ശങ്കരാചാര്യരെയും ശ്രീനാരായണ ഗുരുവിനെയും കൂടെ ഉള്‍പ്പെടുത്തി വീണ്ടും അയച്ചെങ്കിലും തിരസ്‌ക്കരിക്കുകയായിരുന്നു. ദൃശ്യം ഒഴിവാക്കപ്പെട്ടതിന്റെ അപമാനം ശ്രീനാരായണ ഗുരുവിന് കൂടി ലഭിക്കാന്‍ കാരണമായ സി പി എം നടപടി പ്രതിഷേധാര്‍ഹമാണ്. ഇതോടൊപ്പം ഗുരുദേവന്റെയും ഗുരുദേവ ദര്‍ശനങ്ങളുടെയും പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ദൃശ്യത്തിന് അനുമതി നിഷേധിച്ച ബി ജെ പി ഭരണകൂടത്തിന്റെ നടപടിയും അപലപനീയമാണ്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക മേഖലകളിലെ മുന്നേറ്റത്തിന് ഗുരുദേവനുള്‍പ്പെടെയുള്ള സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ പങ്ക് വെളിച്ചത്തിലേക്കെത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആധുനിക കേരളത്തിന്റെ സൃഷ്ടാവ് നമ്പൂതിരിപ്പാടാണെന്ന കള്ളം പ്രചരിപ്പിക്കുന്നവരെ ഗുരുദേവനും അയ്യങ്കാളിയും എന്നും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest