DELHI COVID CASE
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു
ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ നീക്കം

ന്യൂഡല്‍ഹി | ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 366 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് ശതമാനത്തോളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഏപ്രില്‍ 20ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് യോഗം ചേരും.
ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നു. 26,158 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഡല്‍ഹി സര്‍ക്കാറിന്റ പുതിയ നീക്കം. വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
ഹോം ഐസോലേറ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിലും 48 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ വളരെ കുറവ് ആളുകള്‍ മാത്രമാണ് പരിശോധനക്ക് വിധേയരാകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.