Kerala
ക്ഷേത്രോത്സവത്തിനിടെ ദമ്പതികൾക്ക് നേരെ ആക്രമണം; പോലീസ് കേസെടുത്തു
കല്ലും കമ്പിപ്പാരയും ഉപയോഗിച്ചാണ് ഒന്‍പതംഗ സംഘം ദമ്പതികളെ ആക്രമിച്ചത്
തിരുവനന്തപുരം| മലയിന്‍കീഴ് ചൂഴാറ്റുകോട്ട ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ഒന്‍പതംഗ സംഘം ക്രൂരമായി ആക്രമിച്ചു. ചൂഴാറ്റുകോട്ട സ്വദേശി അനീഷ്, ഭാര്യ ശ്രീജ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ അനീഷിന്റെ തലയ്ക്ക് സാരമായ പരുക്കുണ്ട്. അനീഷിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീജയ്ക്കും മര്‍ദനമേറ്റത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കല്ലും കമ്പിപ്പാരയും ഉപയോഗിച്ചാണ് ഒന്‍പതംഗ സംഘം ദമ്പതികളെ ആക്രമിച്ചത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. മര്‍ദനത്തിനിടെ അനീഷിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവന്റെ സ്വര്‍ണമാലയും അക്രമിസംഘം കവര്‍ന്നിരുന്നു.
പിന്നലെ ദമ്പതികള്‍ ശനിയാഴ്ച പോലീസില്‍ പരാതി നല്കിയെങ്കിലും കേസ് എടുത്തിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് പോലീസ് കേസെടുത്തത്.




